കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്‌തതിന് പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കെവിന്റെ മരണത്തിൽ ദുരൂഹതകൾ ഏറെയാണ്. പോലീസിനുൾപ്പടെ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഭവം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
കെവിനും കൊല്ലം തെന്മല ഒറ്റക്കൽ ഷാനുഭവനിൽ നീനു ചാക്കോ(20)യുമായുള്ള പ്രണയമാണ് ദാരുണസംഭവങ്ങളിൽ കലാശിച്ചത്. നീനു ഓർത്തഡോക്സ് വിഭാഗത്തിലും കെവിൻ ദളിത് ക്രൈസ്തവവിഭാഗത്തിലും പെട്ടവരാണ്. ഇതാണ് ഒരുവിൽ ദുരഭിമാനക്കൊലയിലേക്ക് നയിച്ചത്.
യുവതിയുടെ സഹോദരനായ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ കെവിനെയും ബന്ധു അനീഷിനെയും ഞായറാഴ്ച പുലർച്ചെ മാന്നാനത്തെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. അനീഷിനെ സംക്രാന്തിയിൽ ഇറക്കിവിട്ടു. കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കൊല്ലം പുനലൂരിനടുത്ത് ചാലിയക്കര ആറ്റിൽ കണ്ടെത്തി.
ALSO READ: കെവിന്റെ മരണത്തെ തുടര്‍ന്ന് നീനുവിന് സോഷ്യല്‍മീഡിയയില്‍ കൊലവിളി
ദുരഭിമാനത്തിന്റെ പേരിൽ കെവിനെ ഭാര്യവീട്ടുകാർ മർദിച്ചവശനാക്കി ആറ്റിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് നിഗമനം.കെവിന്റെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരിച്ചതെന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും പിടിയിലായ പ്രതികളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനം.
കേസിൽ, ഒന്നാംപ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയും (26), അച്ഛൻ ചാക്കോ ജോണും (50) ചൊവ്വാഴ്ച കണ്ണൂരിൽ പിടിയിലായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കണ്ണൂർ ഇരിട്ടിക്കടുത്ത് കരിക്കോട്ടക്കരി സ്‌റ്റേഷനിൽ ഇരുവരും കീഴടങ്ങിയതാണെന്നാണ് സൂചന. ചാക്കോ കേസിൽ അഞ്ചാം പ്രതിയാണ്.
Post Your Comments