ArticleNerkazhchakalWriters' CornerEditor's Choice

ആഭ്യന്തര വകുപ്പ് ക്വട്ടേഷന്‍ വകുപ്പോ: ഈ നാട് അരാജകത്വത്തിലേക്കോ?

രശ്മി അനില്‍

പ്രബുദ്ധ കേരളത്തിനു തീരാക്കളങ്കം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറി ‘വിജയ’കരമായ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എടുത്തു പറയേണ്ടത് ആഭ്യന്തര വകുപ്പിലെ ക്വട്ടേഷന്‍ പണിതന്നെയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണ കര്‍ത്താക്കളും പോലീസ് അധികാരികളും കഴിഞ്ഞ രണ്ടു വര്ഷം കൊണ്ട് മുപ്പതിലധികം ജീവനുകള്‍ എടുത്തു. വാരാപ്പുഴ കസ്റ്റഡി മരണം കൊണ്ട് വന്ന അപമാനത്തില്‍ നിന്നും പോലീസ് മുക്തമാകുംമുന്‍പേ മറ്റൊരു തീരാ കളങ്കം കൂടി. ദുരഭിമാനത്തിന്റെ പേരില്‍ ആരും കൊല. അതിനു അധികാരി വര്‍ഗ്ഗത്തിന്റെ മൗനാനുവാദവും. മൂന്നുനാള്‍മുന്‍പുമാത്രം വിവാഹിതനായ കോട്ടയം മാന്നാനത്തെ ദളിത് ക്രൈസ്തവ യുവാവ് കെവിന്‍ പി. ജോസഫാണ് (23) ഈ ദുരഭിമാന കൊലയുടെ ഒടുവിലെയിര. പോലീസിന്റെ അനാസ്ഥയ്ക്കുമുന്നില്‍ സ്വന്തം ഭര്‍ത്താവിന്റെ ജീവനുവേണ്ടി കൈകൂപ്പി യാചിച്ചുനിന്ന ഭാര്യ നീനുവിന് ഒടുവില്‍ തിരിച്ചുകിട്ടിയത് പുനരൂലിലെ ചാലിയക്കര ആറ്റില്‍ വിറങ്ങലിച്ച്‌ കിടന്ന ഭര്‍ത്താവിന്റെ മൃതശരീരം.

കെവിൻ പി.ജോസഫിന്റെ കൊലപാതകക്കേസിൽ 24 മണിക്കൂറിനു ശേഷം പൊലീസ് വീഴ്ച സമ്മതിച്ച് അന്വേഷണച്ചുമതലയുള്ള ഐജി വിജയ് സാഖറെ. ഗാന്ധിനഗര്‍ എസ്ഐയ്ക്കു വീഴ്ചയുണ്ടായെന്ന് ഐജി സമ്മതിച്ചു. നടപടിക്രമങ്ങളിലെ വീഴ്ചയേ കണ്ടെത്താനായുളളൂ. എന്നാൽ ക്രിമിനൽ കുറ്റമില്ല. കേസില്‍ ഇതുവരെ 14 പ്രതികളാണുള്ളത്. ഇവരെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവം മാത്രമാണോ? ഭരണത്തില്‍ കയറി രണ്ടു വര്‍ഷങ്ങള്‍ മാത്രം പൂര്‍ത്തിയാക്കുമ്പോള്‍ തീരാ കളങ്കമായി മാറിയ പിണറായി ഭരണത്തിലെ പൊലീസ് വീഴ്ചകൾ പരിശോധിക്കാം.

/police-lapses-I KERALA എന്നതിനുള്ള ചിത്രം

2017 മാർച്ച് 8 രാജ്യാന്തര വനിതാദിനം ആഘോഷിക്കപ്പെട്ടപ്പോള്‍ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു നേരെ കൊച്ചി മറൈൻഡ്രൈവ് നടപ്പാതയിൽ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം നടന്നത് മലയാളികള്‍ മറന്നിട്ടില്ല. പ്രകടനമായെത്തിയ പ്രവർത്തകർ ചൂരലിന് അടിച്ചും അസഭ്യം പറഞ്ഞും യുവതീയുവാക്കളെ വിരട്ടിയോടിച്ചു. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർ നോക്കിനിൽക്കുമ്പോഴായിരുന്നു അക്രമം. അതിനെ രാഷ്ട്രീയവത്കരിച്ചോ അല്ലാതെയോ വ്യാഖ്യാനിക്കാം. എന്നാല്‍ മകന്‍ മരിച്ച ഒരു അമ്മയെ തെരുവില്‍ വലിച്ചിഴച്ചതിനെയോ? കോളേജില്‍ ജിഷ്ണു പ്രണോയ് എന്ന വിദ്യര്‍ത്ഥി മരിച്ച സംഭവത്തില്‍ നീതി തേടിയെത്തിയ അമ്മ മഹിജയെ തലസ്ഥാനത്തു ഡിജിപി ഓഫിസിനു മുന്നിലെ തെരുവിൽ പൊലീസ് വലിച്ചിഴച്ചത് 2017 ഏപ്രിൽ 5നാണ്. അത് കഴിഞ്ഞപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ദലിത് യുവാവ് ഏങ്ങണ്ടിയൂർ സ്വദേശി വിനായകന്‍ ( 2017 ജൂലൈ 19) മൂവാറ്റുപുഴ കുളങ്ങാട്ടുപാറ മലമ്പുറത്ത് രതീഷ്‌ ( 2017 ഡിസംബർ 3) എന്നിവര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവങ്ങള്‍

2018ല്‍ അഞ്ചു മാസം മാത്രം പിന്നിടുമ്പോള്‍ റിമാൻഡ് പ്രതി പാറശാല പരശുവയ്ക്കൽ ആലമ്പാറ പുതുശേരിവിള വീട്ടിൽ സജിമോൻ ചികിൽസയിലായിരിക്കെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു (മാർച്ച് 8). കോവളത്തു കാണാതായ വിദേശ വനിതയുടെ മൃതദേഹം ഒരു മാസവും നാലു ദിവസവും പിന്നിട്ടപ്പോൾ തിരുവല്ലത്തെ കണ്ടൽക്കാട്ടിൽ കണ്ടെത്തി (മാർച്ച് 14). പരാതി കിട്ടിയിട്ടും പൊലീസ് ഇടപെട്ടതു മൃതദേഹം കണ്ടെത്തിയശേഷം. അതിനു ശേഷം ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ കസ്റ്റഡി മരണം . ഗൃഹനാഥന്റെ ആത്മഹത്യയെ തുടര്‍ന്ന് രാത്രി വീട്ടിൽനിന്നു പൊലീസ് പിടിച്ചു കൊണ്ടുപോകുകയായിരുന്ന ദേവസ്വംപാടം ഷേണായിപറമ്പിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ ശ്രീജിത്ത് (27) പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം (2018 ഏപ്രിൽ 9). ഈ സംഭവം കഴിഞ്ഞു ഒരു മാസം പോലും പൂര്‍ത്തിയാകും മുന്‍പേ വീണ്ടും പോലീസ് പ്രതിയായി. ഓട്ടോഡ്രൈവർ എടക്കാട് അരേചെങ്കീൽ ഉനൈസിനെ (32) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി( മേയ് 2). കൊച്ചിയിൽ കാർ യാത്രയ്ക്കിടെ നടി പീഡിപ്പിക്കപ്പെട്ട കേസ്, കൊച്ചിയിലെ സിഎ വിദ്യാർഥിനിയുടെ ദുരൂഹ മരണം, വാളയാറിൽ ആദിവാസി സഹോദരിമാർ പീഡനത്തിന് ഇരയായി മരിച്ച സംഭവം, കുണ്ടറയിൽ മുത്തച്ഛൻ പേരക്കുട്ടിയെ പീഡിപ്പിച്ച കേസ്, തിരുവനന്തപുരം കനകക്കുന്നിൽ പിങ്ക് പൊലീസിന്റെ മോശം പെരുമാറ്റം, ജസ്നയുടെ തിരോധാനം എന്നിങ്ങനെ പൊലീസ് സർക്കാരിനു ചീത്തപ്പേരുണ്ടാക്കിയ സംഭവങ്ങൾ ഇനിയുമുണ്ട്. ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ അഭ്യന്തര വകുപ്പിന്റെ പരാജയമല്ലേ! നാട് ഭരിക്കുന്ന മന്ത്രിയ്യ്ക്ക് സ്വന്തം സേനയെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ല. പരാജയമാകുന്ന ആഭ്യന്തര മന്ത്രി ഇതൊന്നും തിരിച്ചറിയുന്നില്ലേ? അതോ തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് എതിരാളികളെ നിശബ്ദരാക്കുന്ന വഴി അണികളെയും പഠിപ്പിക്കുകയാണോ?

/police-lapses-IN KERALA എന്നതിനുള്ള ചിത്രം

കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോയെ വിവാഹംകഴിച്ച, കോട്ടയം നട്ടാശേരി എസ്.എച്ച്‌. മൗണ്ട് മാവേലിപ്പടി വട്ടപ്പാറവീട്ടില്‍ ജോസഫിന്റെ മകന്‍ കെവിന്‍ പി. ജോസഫിന്റെ കൊലപാതകത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയ പോലീസിനെ മുഖം രക്ഷിക്കല്‍ പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ സസ്പെന്റ് ചെയ്തു. ഗാന്ധിനഗര്‍ എസ്.ഐ. എം.എസ്. ഷിബുവിനെയും ഗ്രേഡ് എ.എസ്.ഐ. സണ്ണിമോനെയും സസ്പെന്‍ഡ് ചെയ്തപ്പോള്‍ കോട്ടയം എസ്.പി. പി.എ. മുഹമ്മദ് റഫീഖിനെ അന്വേഷണവിധേയമായി സ്ഥലംമാറ്റുകയും ചെയ്തു. എന്നാല്‍ നഷ്ടപ്പെട്ട ജീവന് പകരമാകുമോ ഈ നടപടികള്‍!!

കഴിഞ്ഞ രണ്ടു വര്‍ഷത്തെ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഈ സന്ദര്‍ഭത്തില്‍ വിശകലനം ചെയ്യാം. പോലീസ് മര്‍ദ്ദനത്തില്‍, രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം ഒന്നാമതായി കൊണ്ടിരിക്കുകയാണ്. എവിടെയും കേരളം ഒന്നമാതെന്നു പരസ്യം വച്ച് ആളെ കൂട്ടുന്ന പരിപാടികള്‍ തട്ടി കൂട്ടുന്ന രാഷ്ട്രീയ അധികാര മോഹികള്‍, സാംസ്കാരിക നായകന്മാര്‍ ഇവര്‍ക്കെല്ലാം ഇപ്പോഴും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം. ദുരഭിമാനം മുതല്‍, അധികാരം വരെ കൊലകത്തിയ്ക്ക് ഇരയാകുന്ന, രാഷ്ട്രീയമുതലെടുപ്പിനു, വര്‍ഗ്ഗീയ സംഘര്‍ഷത്തിനു വളം വയ്ക്കുന്ന ഒരു വിഭവം മാത്രം. അതിനുമപ്പുറം ഒരു ജീവന്റെ വില ഒരു അധികാര മോഹികള്‍ക്കും അറിയില്ല.

/police-lapses-IN KERALA എന്നതിനുള്ള ചിത്രം

ഇവിടെ നടന്ന പല കൊലപാതകങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയ വൈരം ആണെങ്കിലും അല്ലെങ്കിലും പ്രതികളില്‍ പലരും ഭരിക്കുന്ന പാര്‍ട്ടിയുടെ ഗുണ്ടകള്‍ തന്നെയാണ്. യുവ ജന സംഘടന മുതല്‍ ദേശീയ സംസ്ഥാന തലത്തിലെ അധികാരി വര്‍ഗം തങ്ങളുടെ ആഭാസത്തരങ്ങള്‍ക്ക് തീറ്റി പോറ്റുന്ന ഗുണ്ടകള്‍. ഈ കൊലപാതങ്ങള്‍ അന്വേഷിക്കേണ്ടി വരുന്ന ആദ്യ ഘട്ട ഉദ്യോഗസ്ഥരോ ഇതേ പാര്‍ട്ടിയുടെ ചെറുതും വലുതുമായ സംഘടനകളില്‍ പ്രവര്‍ത്തിച്ചവരും. അതുകൊണ്ട് തന്നെ ഇടത് വലത് ഏമാന്മാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അവരുടെ അണിയാളുകള്‍ ചെയ്യുന്നതിന് സംരക്ഷണം നല്‍കുകയല്ലേ തങ്ങളുടെ കര്‍ത്തവ്യമെന്ന് വര്‍ ചിന്തിക്കുന്നു. അത് കൊണ്ട് തന്നെ വാരാപ്പുഴ ശ്രീജിത്തിനെ വീട്ടിൽക്കയറി ഇറക്കിക്കൊണ്ടുവന്ന് ചവിട്ടിക്കൊന്ന പൊലീസും കോട്ടയത്ത് കെവിനെ വീട്ടിൽനിന്നു പിടിച്ചിറക്കിക്കൊണ്ടുപോയി കൊല ചെയ്ത് തോട്ടില്‍ തള്ളുന്നത് വരെ നിർവികാരമായി പ്രവർത്തിച്ച പൊലീസും രണ്ടല്ല. കാരണം മുഖ്യമന്ത്രി സ്ഥലത്തുള്ളതിനാൽ നീതിനിർവഹണത്തിനു സമയമില്ല. ആദ്യം സംരക്ഷിക്കേണ്ടത് മുഖ്യ മന്ത്രിയെ ആണല്ലോ. അത് കഴിഞ്ഞു സ്വന്തം ജീവനും!

/police-lapses-I KERALA എന്നതിനുള്ള ചിത്രം

വോട്ടു ചോദിക്കാന്‍ വരുമ്പോള്‍ പാടത്തും പറമ്പിലും നടന്നും ആരെ കണ്ടാലും കുശലം ചോദിക്കുന്ന ജനനായകന്മാര്‍ക്ക് അധികാരം കിട്ടി കഴിഞ്ഞാല്‍ ഈ ജനങ്ങളെ പേടിയാ. അവരുടെ അടുത്ത ഒരു മിനിറ്റ് ചിലവഴിക്കാന്‍ ഭയം. അതുകൊണ്ട് തന്നെ എക്സ്, വൈ, ഇസഡ് തുടങ്ങി പല വിധ സുരക്ഷാ വിഭാഗക്കാര്‍ ചുറ്റിലും വേണം. കൂടാതെ റോഡില്‍ തങ്ങള്‍ ഇറങ്ങിയാല്‍ പിന്നെ ആരും കടന്നു പോകരുത്. തങ്ങളുടെ തിരക്കുകള്‍ക്ക്, അതും വീട്ടില്‍ പോകാന്‍ ആണെങ്കിലും എല്ലാരും വഴിമാറി നിന്ന് കൊടുക്കണം. യാതൊരു വിധ ട്രാഫിക് പ്രശ്നങ്ങളും അറിയാതെ അമ്പടി വാഹനത്തിന്റെ സുരക്ഷയില്‍ സുഖ യാത്ര. ഒനും രണ്ടും മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ തങ്ങളെ വോട്ട് ചെയ്ത വിജയിപ്പിച്ച ജനങ്ങള്‍ക്ക് ആവോളം ദുരിതങ്ങളും സമ്മാനിച്ച്‌ സുഖയാത്ര. എസ്കോര്‍ട്ട് ഇല്ലാതെ സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ പോലും ഭയം. ഇത്രയും ഭയമുള്ള ഈ നേതാക്കന്മാരെ നമ്മാല്‍ വീണ്ടും വോട്ടു ചെയ്ത് ജയിപ്പിക്കും. എന്തിനു നമ്മുടെ സംരക്ഷണത്തിനായി!!! അത് കൊണ്ട് തന്നെ അവര്‍ രാഷ്ട്രീയ എതിരാളികളെ മാത്രമല്ല അധികാരത്തിന്റെ ഗര്‍വ്വില്‍ സാധാരണക്കാരനെയും കൊന്നു തള്ളുന്നതില്‍ അത്ഭുതപെടാനില്ല. പിന്നെ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ന്യായീകരണം കണ്ടെത്തി, അവരെ സംരക്ഷിക്കുകയാണല്ലോ ക്രമ സമാധാന നില സംരക്ഷിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെയും പ്രധാന ജോലി. അത് അവര്‍ കൃത്യമായി ചെയ്യുന്നത് കൊണ്ട് തന്നെ ഇത്തരം ആരും കൊലകള്‍ ഇനിയും ഉണ്ടാകും. അവരെ ഭരിക്കുന്നതോ സാക്ഷാല്‍ അഭ്യന്തര മന്ത്രിയും. രാഷ്ടീയ വൈരികള്‍ക്കിടയില്‍ നിന്നും ഇരട്ട ചങ്കുമായി അധികാരതലപ്പത്ത് എത്തിയ ആള്‍. ഒട്ടേറെ ഉപദേശകരേ കൊണ്ട് ഭരണ ചക്രം തിരിയ്ക്കാന്‍ നില്‍ക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് സ്വന്തം സേനയിലെ പുഴുകുത്തുകള്‍ കാണുന്നില്ല.

ഭരിക്കുന്ന കക്ഷിയുടെ സ്വാധീനം എല്ലാ സർക്കാർ വകുപ്പുകളിലും പ്രതിഫലിക്കുക സ്വാഭാവികമാണ്. എന്നാല്‍ എല്ലാ സീമകളും ലംഘിച്ച് പൊലീസ് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മാറിയ അവസ്ഥയുണ്ട്. അതാണ്‌ രാഷ്ട്രീയ കൊലപാതങ്ങള്‍ വര്‍ദ്ധിക്കാനും മൂന്നാം മുറ പ്രയോഗത്തിലൂടെ മരണം നടക്കാനും കാരണം. എന്തു ചെയ്താലും തങ്ങളെ സംരക്ഷിക്കാൻ ആളുണ്ട് എന്ന തോന്നലാണ് ഇപ്പോള്‍ പോലീസുകാര്‍ക്ക്. അവരാണ് നാട് ഭരിക്കുന്നത്. സംശയത്തിന്റെ പേരും പറഞ്ഞ് നിരപരാധികളെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിക്കുന്ന പോലീസ് അരാജകത്വത്തിലേക്ക് നമ്മുടെ നാടിനെ എത്തിക്കുമേന്നതില്‍ സംശയമേതും വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button