കൊല്ലം•പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പെണ്‍വീട്ടുകാര്‍ നേരത്തേ മറ്റൊരു യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സൂചന. നീനുവുമായി അടുപ്പം പുലര്‍ത്തുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുന്നത് കുടുംബത്തിന്റെ പതിവായിരുന്നു. നീനുവുമായി സൗഹൃദം പുലര്‍ത്തിയിരുന്ന തെന്മല സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ കുടുംബം ക്വട്ടേഷന്‍ നല്‍കിയിരുന്നതായാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം.
രണ്ട് വര്‍ഷം മുന്‍പായിരുന്നു സംഭവം. ക്വട്ടേഷന്‍ സംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വെട്ടേറ്റ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. നീനുവിന്റെ വീട്ടില്‍ നിന്ന് വെറും മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു ഈ യുവാവിന്റെ വീട്. സംഭവത്തില്‍ തെന്മല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലുംപിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു.
അതേസമയം, കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മൃതേദഹം കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ആദ്യം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആർഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.
അതേസമയം കെവിന്റെ മരണത്തില്‍ മൂന്ന് പേര് പിടിയിലായി. ഇഷാന്, നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത്. നീനുവിന്റെ സഹോദരനെയും സംഘത്തെയും പൊലീസ് തെരയുന്നു.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ സഹോദരനും സംഘവും ശനിയാഴ്ച കോട്ടയത്ത് നിന്ന് തട്ടിക്കൊണ്ടുപോയ എസ്എച്ച് മൗണ്ട് സ്വദേശി കെവിന് ജോസഫിന്റെ മൃതേദഹം തിങ്കളാഴ്ച രാവിലെ കൊല്ലം ജില്ലയിലെ പുനലൂരിലെ ചാലിയേക്കര പുഴയില്‍ കണ്ടെത്തുകയായിരുന്നു. ശരീമാസകലം ക്രൂരമായ മര്‍ദ്ദനമേറ്റ നിലയിലും കണ്ണ് ചൂഴ്ന്നെടുത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments