ആലപ്പുഴ: ചെങ്ങന്നൂരില്‍ ജനങ്ങള്‍ വിധിയെഴുതിത്തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 31-നാണ്. കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവുനികത്താന്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സജി ചെറിയാനും യു.ഡി.എഫ്. സ്ഥനാര്‍ഥിയായി ഡി. വിജയകുമാറും എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്.
17 സഹായക ബൂത്തുകള്‍ ഉള്‍പ്പെടെ മൊത്തം 181 ബൂത്തുകളാണുള്ളത്. ഇതില്‍ 22 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. ആകെ 1,99,340 വോട്ടര്‍മാരാണ് ഉള്ളത്. 1,06,421 സ്ത്രീ വോട്ടര്‍മാരും 92,919 പുരുഷ വോട്ടര്‍മാരുമുണ്ട്. സ്ഥാനാര്‍ഥികളുടെ എണ്ണക്കൂടുതല്‍ മൂലം രണ്ടു വീതം വോട്ടിംഗ് യന്ത്രങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്.
ഓരോ ബൂത്തിലും പുരുഷ, സ്ത്രീ, ഭിന്നലിംഗക്കാരായ വോട്ടര്‍മാരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു മണിക്കൂര്‍ ഇടവിട്ടു റിട്ടേണിംഗ് ഓഫീസര്‍ക്കു നല്‍കണം. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ തത്സമയ നടപടിയും റിപ്പോര്‍ട്ടും അയയ്ക്കണം. ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളവും സജ്ജീകരിച്ചിട്ടുണ്ട്.
2016-ലേതു പോലെ ത്രികോണമത്സരമാണ് ഇക്കുറിയും ചെങ്ങന്നൂരില്‍ നടക്കുന്നത്. സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് എല്‍.ഡി.എഫ്. തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും. സീറ്റ് പിടിച്ചെടുക്കുമെന്ന അവകാശവാദത്തിലാണ് എന്‍.ഡി.എ. മൂന്നു മുന്നണികളും നല്ല ആത്മവിശ്വാസത്തിലാണ്.
Post Your Comments