കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കെവിന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കോട്ടയം എസ്പിക്കെതിരെ വകുപ്പ് തല നടപടി. എസ്പി വി.എം മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. കേസില്‍ എസ്.ഐയേയും എഎസ്‌ഐയേയും സസ്‌പെന്റ് ചെയ്തു. ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു. കെവിന്റെ ഭാര്യ നീനിവുന്റെ പരാതി അവഗണിച്ചതിനാണ് ഇരുവേയും സസ്‌പെന്റ് ചെയ്തത്.
പുനലൂരിലെ ചാലിയേക്കരയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയമുണ്ടെന്ന് പോലീസ്. പ്രണയവിവാഹം കഴിച്ച വരന്‍, നട്ടാശേരി എസ്എച്ച് മൗണ്ട് കെവിന്‍ പി.ജോസഫിനെ ശനിയാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്.
നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു. ഇതിനിടെ നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു. അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിടുകയായിരുന്നു.
Post Your Comments