Kerala

കെവിനെ അംഗീകരിയ്ക്കാന്‍ നീനുവിന്റെ വീട്ടുകാര്‍ കൂട്ടാക്കാത്തതിനു പിന്നില്‍ മനുഷ്യത്വരഹിതമായ കാരണങ്ങള്‍ : ഇത് കൊലയിലേയ്ക്ക് നയിച്ചു

ഗാന്ധിനഗര്‍: സംസ്ഥാനത്തെ ഞെട്ടിച്ച കെവിന്റെ കൊലപാതകത്തിലേയ്ക്ക് വഴിവെച്ചത് മൂന്ന് വര്‍ഷം നീണ്ട പ്രണയം. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വെള്ളിയാഴ്ചയാണ് കെവിന്‍ നീനുവിനെ രജിസ്റ്റര്‍ വിവാഹം ചെയ്തത്. പ്രണയത്തെ നീനുവിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതിനാല്‍ വെള്ളിയാഴ്ച ഇവര്‍ രജിസ്റ്റര്‍  വിവാഹം കഴിക്കുകയായിരുന്നു.

തെന്മലസ്വദേശിനിയും നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥിനിയുമായിരുന്ന നീനുചാക്കോയുമായി മൂന്ന് വര്‍ഷമായി കെവിന്‍ പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ഇരുവരെയും ഗാന്ധിനഗര്‍ പോലീസ് വിളിച്ചു വരുത്തിയെങ്കിലും പെണ്‍കുട്ടി കെവിനൊപ്പം പോകുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ പിടിച്ചു കയറ്റി കൊണ്ടു പോകാനുള്ള വീട്ടുകാരുടെ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.

ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന കെവിന് ജോലിയില്ല, വീടില്ല, തങ്ങള്‍ക്കൊപ്പം സമ്പത്തില്ല തുടങ്ങി ആരോപണങ്ങളാണ് സ്റ്റേഷനില്‍ നീനുവിന്റെ ബന്ധുക്കള്‍ നടത്തിയത്. പോലീസും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. സ്റ്റേഷനില്‍ നീനുവിനെ ബന്ധുക്കള്‍ പോലീസ് സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമെല്ലാം ചെയ്തിട്ടും പോലീസ് തടഞ്ഞില്ല. ഇതെല്ലാം പോലീസ് പണം വാങ്ങി കൂട്ടു നില്‍ക്കുകയായിരുന്നു എന്നും പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകണം എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നുമാണ് ആരോപണം.

ശനിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും കെവിന്റെ വീട്ടില്‍ എത്തിയെങ്കിലും പെണ്‍കുട്ടി കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ കെവിനും ബന്ധുവായ അനീഷും ചേര്‍ന്ന പെണ്‍കുട്ടിയെ ഗാന്ധിനഗറിലെ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റി. ആക്രമണം ഭയന്ന് കെവിന്‍ അമ്മാവന്റെ മകനായ അനീഷിന്റെ വീട്ടിലേക്ക് മാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നായിരുന്നു ഞായറാഴ്ച പുലര്‍ച്ചെ കെവിനെയും അനീഷിനെയും രണ്ടു വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയയാളാണ് നീനുവിന്റെ സഹോദരന്‍ ഷാനു. സഹോദരീ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോകാന്‍ ആസൂത്രണം നടത്തിയത് ഇയാളായിരുന്നെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ അനീഷിന്റെ വീട്ടില്‍ എത്തിയ സംഘം പിന്‍വാതില്‍ തകര്‍ത്തായിരുന്നു വീടിനുള്ളില്‍ കയറിയത്. വീട്ടുപകരണങ്ങള്‍ തല്ലത്തകര്‍ത്ത ശേഷം രണ്ടുപേരുടെയും കഴുത്തില്‍ വടിവാള്‍ വെച്ച് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഉണര്‍ന്നെങ്കിലും സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ആരും അടുത്തില്ല.

വാഹനത്തില്‍ അനീഷിനും കെവിനും മര്‍ദ്ദനമേല്‍ക്കുകയും പുനലൂര്‍ എത്തിയപ്പോള്‍ ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞ അനീഷിനെ പുറത്തിറക്കുകയും ചെയ്തു. പിന്നീട് കെവിന്‍ ഓടിപ്പോയതിനാല്‍ തിരിച്ചു പൊയ്ക്കൊള്ളാന്‍ ആവശ്യപ്പെടുകയും സംക്രാന്തിയില്‍ കൊണ്ടാക്കുകയും ചെയ്തു. പിറ്റേന്ന് കെവിന്റെ മാതാപിതാക്കള്‍ മകനെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞ് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് കൂട്ടാക്കിയില്ല. വാഹനത്തിന്റെ നമ്പര്‍ സഹിതം അനീഷ് മൊഴി കൊടുത്തിട്ടും തട്ടിക്കൊണ്ടു പോയവരുടെ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ല. നീനു പരാതി കൊടുത്തിട്ടും പോലീസ് ഒരു നീക്കവും നടത്തിയില്ല.

ഭര്‍ത്താവിനെ കുറിച്ച് പോലീസ് അന്വേഷിക്കുന്നില്ല എന്നാരോപിച്ച് നീനു പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കുകയും ചെയ്തതോടെയാണ് പോലീസ് അനങ്ങിയത്. തുടര്‍ന്ന് തെന്മല പോലീസ് സംഘം വാഹനം ട്രാക്ക് ചെയ്യുകയും തെങ്കാശി റൂട്ടിലാണ് സഞ്ചരിക്കുന്നത് എന്നും തിരിച്ചറിഞ്ഞായിരുന്ന അന്വേഷണം നടത്തി വാഹനം കസ്റ്റഡിയില്‍ എടുത്തത്. പിന്നീടാണ് മൃതദേഹം ചാലിയേക്കര പുഴയില്‍ നിന്നും കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button