കോട്ടയം: നീനുവിനെയും കെവിനെയും മലയാളികൾക്ക് അറിയാം. ദുരഭിമാനത്തിന്റെ പേരിൽ കെവിനെ കൊലപ്പെടുത്തിയത് നീനുവിന്റെ ബന്ധുക്കളായിരുന്നു. കെവിന്റെ വിധവയായി ആണ് നീനു ആ വീട്ടിലേക്ക് വന്നത്. പ്രിയപ്പെട്ടവനെ കൊലപ്പെടുത്തിയ സ്വന്തം അച്ഛനോടും സഹോദരനോടും ക്ഷമിക്കാൻ തയ്യാറാകാതെ കെവിന്റെ കുടുംബത്തോടൊപ്പമാണ് നീനു ഇപ്പോഴും കഴിയുന്നത്. അതുകൊണ്ട് തന്നെ നീനുവിനെ പിന്തുണയ്ക്കാൻ ഒരുപാട് പേരുണ്ട്. എന്നാൽ, നാളെ ഒരു ദിവസം നീനു ഒരു വിവാഹം കഴിച്ചാൽ സമൂഹം എങ്ങനെയായിരിക്കും അതിനോട് പ്രതികരിക്കുക എന്ന് ഒരു യുവതിയെഴുതിയ കുറിപ്പ് ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
ഇത്രയും കാലം താൻ കണ്ടിട്ടുള്ള സമൂഹത്തിന്റെ മനോഭാവം വെച്ച് അങ്ങനെയൊന്ന് സംഭവിച്ചാൽ നീനു ഒരു നിമിഷം കൊണ്ട് വെറുക്കപ്പെട്ടവളാവും, പ്രണയിച്ചവനെ ചതിച്ചവളാകും, മകൻ പോയിട്ടും മകളായി കണ്ട കെവിന്റെ വീട്ടുകാരോട് നന്ദിയില്ലാത്തവൾ ആവും, സ്വാർത്ഥയാവും എന്നാണു ദിവ്യ ശിവരാമൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. സഹിക്കുന്നിടത്തോളം മാത്രം സ്‌ത്രീകൾ മഹതികൾ ആകുന്ന പ്രത്യേക തരം സമൂഹമാണ് നമ്മുടെയെന്നും യുവതി പറയുന്നു.
ദിവ്യ ശിവരാമന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
അനശ്വര പ്രണയം, മരിക്കാത്ത പ്രണയം എന്നൊക്കെ പറഞ്ഞു രണ്ട് മൂന്ന് ദിവസം മുൻപ് ദുരഭിമാനകൊല യുടെ ഇരയായ കെവിന്റെ ഫോട്ടോയുടെ മുന്നിൽ മെഴുകുതിരി കത്തിച്ചു വെക്കുന്ന നീനുവിന്റെ ഫോട്ടോ കണ്ടിരുന്നു. അതിന് താഴെ നീനു വിനെയും കെവിന്റെ മാതാ പിതാക്കളെയും സ്നേഹിച്ചു കൊണ്ടുള്ള ഒരുപാട് കമന്റ്സ് കണ്ടു. അവരെ കാണുമ്പോഴെല്ലാം ഞാൻ വിചാരിക്കുന്ന ഒരു കാര്യമാണ് ഒരുമിച്ചു ജീവിച്ചിട്ടില്ലാത്ത, ദാമ്പത്യം അനുഭവിച്ചിട്ടില്ലാത്ത നീനു നാളെ ഒരു ദിവസം അവളുടെ ഇഷ്ടത്തിന് ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ( കഴിക്കണമെന്നോ കഴിക്കും എന്നോ അല്ല) എങ്ങിനെ ആയിരിക്കും ഇവരുടെയെല്ലാം പ്രതികരണം എന്നത്. അവള് ഒരു നിമിഷം കൊണ്ട് വെറുക്കപ്പെട്ടവളാവും, പ്രണയിച്ചവനെ ചതിച്ചവളാകും, മകൻ പോയിട്ടും മകളായി കണ്ട കെവിന്റെ വീട്ടുകാരോട് നന്ദിയില്ലാത്തവൾ ആവും, സ്വാർത്ഥയാവും.. ( ഇത്രയും കാലം കണ്ട് പരിചയിച്ച സമൂഹത്തെ കുറിച്ചു എനിക്കുള്ള തോന്നലും ചിന്തകളും മാത്രമാണ്. അടിച്ചേല്പിക്കുന്നില്ല) സഹിക്കുന്നിടത്തോളം മാത്രം സ്‌ത്രീകൾ മഹതികൾ ആകുന്ന പ്രത്യേക തരം സമൂഹമാണ് നമ്മുടെ. പേഴ്സണലി നീനു വിവാഹിതയാകണം എന്നാണ് എന്റെ ആഗ്രഹം. പക്ഷെ ആ കുട്ടി അന്നേരം അനുഭവിക്കാൻ പോകുന്ന സോഷ്യൽ bullying ഉം വെർബൽ abusing ഉം ഓർത്ത് എനിക്ക് ഭയമുണ്ട്.
Post Your Comments