ഒരു ഭരണകൂടം നാല് വര്ഷം പൂർത്തിയാക്കി അഞ്ചാം വർഷത്തേക്ക് കടക്കുമ്പോൾ അതിന്റെ നായകന് 71.9 ശതമാനം ജനപിന്തുണ. അടുത്തവർഷം തങ്ങൾ നരേന്ദ്ര മോദിക്ക് തന്നെയാവും വോട്ട് ചെയ്യുക എന്നതാണ് അത്രയും ജനത തുറന്നുപറയുന്നത്. ഇതാണ് ഇപ്പോൾ ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ. മുൻപ് ഒരുകാലത്തും ഇത്രമാത്രം ജനപിന്തുണ ഒരു ഭരണകൂടത്തിനും ലഭിച്ചിരിക്കില്ല എന്നതാണ് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്; ഇന്ദിരാഗാന്ധിക്കോ നെഹ്രുവിനോ പോലും ചിന്തിക്കാനാ വാത്ത ഒരു നിലയിലേക്ക് നരേന്ദ്ര മോഡി എത്തിയിരിക്കുന്നു. ഇവിടെയാണ് ഇന്ത്യയിലെ പ്രതിപക്ഷം നടത്തിവരുന്ന മോഡി വിരുദ്ധ നീക്കങ്ങളുടെ യഥാർഥ ചിത്രം തെളിയുന്നത്. ഇവിടെ ഓർമയിൽ വരുന്നത് ചാണക്യന്റെ പ്രസിദ്ധമായ ഒരു വാക്യമാണ്: ‘ഒരു ഭരണകർത്താവിനെതിരെ പ്രതിപക്ഷത്തെ എല്ലാവരും യോജിച്ചുവരുന്നു എങ്കിൽ അതിന്റെയര്ഥം വ്യക്തമാണ്; അത് രാജാവ് സത്യസന്ധനും കർമ്മശേഷിയുള്ളവനുമാണ് എന്നതാണ്”. അതുതന്നെയല്ലേ ഇന്നിവിടെ നാം കാണുന്നത്?.
കഴിഞ്ഞ നാല് വര്ഷം ഇന്ത്യ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു എന്നത് ബിജെപി മാത്രം പറയുന്നതല്ല. അതാണ് ഒരു ദേശീയ മാധ്യമം നമ്മെ ഓർമ്മിപ്പിക്കുന്നത്. അവർ നടത്തിയ പഠനത്തിൽ, സർവേയിൽ അതാണ് കണ്ടത്. ജനങ്ങൾ കരുതുന്നു, മോദിയാണ് പോംവഴി; 2019 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതും അടുത്ത അഞ്ചുവര്ഷവും രാജ്യത്തെ നയിക്കേണ്ടതും മോഡി തന്നെയാണ്……… അത് വെറുതെ പറയുന്നതല്ല, അതാണ് അവരുടെ ആത്മവിശ്വാസം; അതാണ് അവരുടെ പ്രതീക്ഷകൾ; അതിലേക്ക് അവരെ നയിച്ചത് കഴിഞ്ഞ അഞ്ച് വര്ഷം അവർ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ്.
രാജ്യത്ത് ഒരു കരുത്തുറ്റ ഭരണകൂടമുണ്ടെന്ന് ബോധ്യപ്പെടുത്തിയ നാല് വര്ഷങ്ങളാണ് കടന്നുപോയത്. അത് ശത്രുരാജ്യങ്ങൾക്ക് ബോധ്യമായി; ഇന്ത്യയെ തകർക്കാൻ അദ്ധ്വാനിച്ചിരുന്നവർ ഇന്ത്യയുടെ ശേഷിയും നയതന്ത്രവും കരുത്തുമൊക്കെ തിരിച്ചറിഞ്ഞ നാല് വർഷങ്ങൾ. ഭീകര പ്രസ്ഥാനങ്ങൾ ഏതാണ്ടൊക്കെ വാല് ചുരുട്ടിയ കാലഘട്ടം. മാവോവാദികളും കാശ്മീരിലെ തീവ്രവാദികളും പൂർണ്ണമായി ഒതുങ്ങിയെന്നല്ല എന്നാൽ അവർക്ക് കനത്ത പ്രഹരങ്ങൾ എറ്റുവാങ്ങേണ്ടിവന്നു …….. പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന കാഴ്ച രാജ്യം കണ്ടു. പാക്കിസ്ഥാന് കാര്യങ്ങൾ ഇനിയും ബോധ്യമാവാനുണ്ട്; എന്നാൽ അന്താരാഷ്ട്ര വേദികളിൽ അവർ ദയനീയമാം വിധം ഒറ്റപ്പെടുന്നത് നാം കണ്ടു. ചൈനയുടെ കാര്യം ഒന്നുകൂടി ചിന്തിക്കൂ…… ഡോക് ലാമിൽ അവർ ഉണ്ടാക്കിയ പ്രശനങ്ങൾ ഓർമ്മയുണ്ടല്ലോ. അവിടെ അവർക്ക് സ്വയം പിൻവാങ്ങേണ്ടി വന്നു. അരുണാചൽ പ്രദേശിൽ പ്രശ്നങ്ങൾ പലവിധത്തിലുള്ള ശ്രമങ്ങൾ നടത്തിനോക്കി; അതിലും പരാജയപ്പെട്ടു. പാക് അധീന കാശ്മീരിൽ ചൈന- പാക് സാമ്പത്തിക ഇടനാഴി നിർമ്മാണത്തിന് ശ്രമങ്ങൾ നടത്തിനോക്കി. അതിലും പിൻവാങ്ങേണ്ടിവന്നു,അല്ലെങ്കിൽ മുന്നോട്ട്പോകാനായില്ല. എന്തിനേറെ, ഇതുവരെ പാക്കിസ്ഥാനൊപ്പം നിലകൊണ്ടിരുന്ന ചൈന ഹഫീസ് സെയ്ദ് എന്ന ഭീകരവാദിയെ നാടുകടത്തണം എന്ന് ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടത് ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയമാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽരാജ്യങ്ങൾ ഇന്ത്യയോടൊപ്പം ചേർന്ന് നിൽക്കുന്നു. നേപ്പാളിൽ ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണമാണെങ്കിലും നരേന്ദ്ര മോദിക്ക് ലഭിച്ച വരവേൽപ്പും രാഷ്ട്രത്തലവന്മാർ തമ്മിലുണ്ടായ ധാരണകളും പലരുടെയും മനസിൽ വിഷമമുണ്ടാക്കിയിരിക്കണം. അയോധ്യയിൽ നിന്ന് നേപ്പാളിലുള്ള സീതയുടെ ജന്മനഗരിയിലേക്കുള്ള ടൂറിസം സർക്യൂട്ട് മറ്റൊരു പ്രധാനചുവടുവെയ്പ്പല്ലേ .
അത് മാത്രമല്ല വിദേശമന്ത്രാലയത്തിന്റെ നേട്ടം; അന്താരാഷ്ട്രവേദികളിൽ നരേന്ദ്ര മോദിക്ക് ലഭിച്ച ആദരവും അംഗീകാരവും അടുത്തകാലത്തെങ്ങാനും ഏതെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടോ. ലോകനേതാക്കൾ എന്ന് മുൻപൊക്കെ ജനങ്ങൾ വിളിച്ചിരുന്നവർക്കൊപ്പം തലയുയർത്തി നിൽക്കാൻ മോഡിക്കായി എങ്കിൽ അത് ഇന്ത്യയുടെ വിജയമാണ്. ലോകനേതാക്കളിൽ ഒരാളായി നരേന്ദ്ര മോഡി മാറുന്നതല്ലേ കഴിഞ്ഞ നാല് വർഷങ്ങളിൽ നാം കണ്ടത്.
വികസനവും സമാധാനവും ഒരേപോലെ മുന്നോട്ട് പോയി എന്നതാണ് നാല് വർഷത്തിന്റെ പ്രയോജനം. എത്രയെത്ര വികസന പദ്ധതികളാണ് രാജ്യം കണ്ടത്. ദേശീയ പാത, ഗ്രാമീണ റോഡുകൾ, തുറമുഖങ്ങൾ, ചെറിയ വിമാനത്താവളങ്ങൾ, റെയിൽവേ വികസന പദ്ധതികൾ ……. അങ്ങിനെ എന്തെല്ലാം. പ്രതിദിനം ഏതാണ്ട് 27 -29 കിലോമീറ്റർ ദേശീയ പാതയാണ് നിർമിച്ചുകൊണ്ടിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് അത് വെറും 12 കിലോമീറ്ററായിരുന്നു. 2013- 14 വർഷത്തിൽ ഇന്ത്യയിൽ നിർമ്മിച്ചത് 92, 851കിലോമീറ്റർ റോഡാണ് എങ്കിൽ 2017-18ൽ അത് 1,20,543 കിലോമീറ്ററായി. കഴിഞ്ഞവർഷം അതിനായി ചെലവിട്ടത് 1,20,543 കോടിയാണ്. അതേസമയം മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് 2013- 14 ൽ 92,851 കിലോമീറ്റർ റോഡ് നിർമ്മിക്കാൻ ചെലവിട്ടത് 1,16,324 കോടിയും. ഇന്നിപ്പോൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ്സ് വേ രാജ്യത്തിൻറെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കേണ്ട ഒന്നാണ് . 500 ദിവസത്തിനുള്ളിൽ 11,000 കോടി ചെലവിട്ട് നിർമിച്ച ആറുവരി പാതയാണിത്.
കാർഷിക രംഗത്ത് ഇത്രമാത്രം അടിത്തട്ടിൽ കാര്യങ്ങൾ ചെയ്ത ഒരു സർക്കാരുണ്ടാവില്ല. ഉൽപ്പന്നങ്ങൾക്ക് അർഹതപ്പെട്ട വിലയുറപ്പാക്കുക, വിള ഇഷുറൻസ്, ഇറിഗേഷൻ പദ്ധതികൾ, അതിലെല്ലാമുപരി ഉത്പന്നങ്ങൾ നല്ല വിലക്ക് സംഭരിക്കുന്നതടക്കമുള്ള കർഷകക്ഷേമം ലക്ഷ്യമാക്കിയുള്ള അനവധി പദ്ധതികൾ ….. കർഷക ആത്മഹത്യാ പോലുള്ള വാർത്തകൾ കാണാതെപോകുകയല്ല; എന്നാൽ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി പദ്ധതികൾ രൂപപ്പെടുത്തുകയും അത് നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. പട്ടികജാതി ക്ഷേമത്തിനായി നീക്കിവെച്ചത് 95,000 കോടിയാണ്. പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ പാചകവാതക കണക്ഷൻ അനുവദിച്ചത് മൂന്നര കൊടിയിലേറെപ്പേർക്ക്. വിമുക്തഭടന്മാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന ഓആർഒപി അനുവദിച്ചത് ഈ സർക്കാറല്ലേ. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ കക്കൂസ് നിർമ്മാണത്തിന് നീക്കിവെച്ചതുക ഏതാണ്ടൊക്കെ ചിലവിട്ടു എന്നത് അതിന്റെ ഫലപ്രാപ്തിയാണല്ലോ കാണിച്ചത്. ഇന്നുവരെ വൈദ്യുതി എത്താതിരുന്ന 18,000 ലേറെ ഗ്രാമങ്ങളിൽ അതെത്തിച്ചത് ഈ സർക്കാരാണ്. ഇനിയുള്ളത് കുടിവെള്ള പദ്ധതിയാണ്. അതും അടുത്ത കാലത്ത് തന്നെ ഫലം കാണുമെന്ന് പ്രതീക്ഷിക്കാം.
സമ്പദ് ഘടന ഇതുപോലെ സുരക്ഷിതമായ കാലഘട്ടമുണ്ടായിട്ടുണ്ടോ. വിദേശ നാണയ ശേഖരം സർവകാല റെക്കോർഡ് ആണ്. പണപ്പെരുപ്പം നിയന്ത്രിച്ചു; ഓഹരി വിപണിയിൽ ഉത്സവ പ്രതീതിയാണ്, മാസങ്ങളായിട്ട്. നികുതി പിരിവ്, അത് ആദായനികുതിയാണെങ്കിലും ജിഎസ്ടി ആണെകിലും ഓരോ മാസവും വർധിക്കുന്നു. വേണ്ടത്ര പണം ഖാജാവിലുണ്ട്; അത് വികസനപദ്ധതികൾക്കായി പുറത്തേക്ക് വിടുന്നു.
വ്യാവസായിക വാണിജ്യ മേഖലയിലും വലിയ ഉണർവ് കാണാൻ കഴിയുന്നുണ്ട്. കഴിഞ്ഞവർഷമാണ് ഇന്ത്യയിൽ ഏറ്റവുമധികം കാറുകളും സ്കൂട്ടറുകളും ട്രാക്ടറുകളും വിറ്റഴിക്കപ്പെട്ടത്. എന്താണത് കാണിക്കുന്നത്. ഇവിടെ പണത്തിന്റെ പ്രശ്നമില്ല എന്നതല്ലേ?. എംപ്ലോയീ പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ എന്നിവയിൽ പുതുതായി ഇക്കഴിഞ്ഞ നാല് വർഷക്കാലത്ത് രജിസ്റ്റർ ചെയ്തവരുടെ എണ്ണം അല്ലെങ്കിൽ അംഗങ്ങളായവരുടെ എണ്ണം ഒൻപത് കോടിയാണ്. അതായത് കഴിഞ്ഞ നാലുവര്ഷക്കാലത്ത് രാജ്യത്ത് അത്രയുംപേർക്ക് പുതുതായി ജോലി നൽകാനായി എന്നതല്ലേ. അതിൽത്തന്നെ കഴിഞ്ഞ ഏഴു മാസത്തിൽ ജോലി ലഭിച്ചത് ഏതാണ്ട് നാല്പത് ലക്ഷം പേർക്കാണ്. യഥാർഥത്തിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ ഈ സർക്കാർ നടത്തിയ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തി എന്നതാണ് ഇഎസ്ഐ – ഇ പിഎഫ് രേഖകൾ, കണക്കുകൾ കാണിക്കുന്നത്. മുൻകാലങ്ങളിൽ ഇത്രയ്ക്ക് ജോലി നൽകി എന്നൊക്കെ സർക്കാരുകൾ പറയുകമാത്രമേ ഉണ്ടായിരുന്നുള്ളു. അതിനെക്കുറിച്ച് തർക്കവും മറ്റുമുണ്ടാവാറുമുണ്ട്. പ്രതിപക്ഷം അത്തരം വാദങ്ങളെ പുച്ഛിക്കാറുണ്ടല്ലോ. എന്നാൽ ഇന്ന് അതല്ല അവസ്ഥ. പ്രതിപക്ഷത്തിന് പോലും അവഗണിക്കാനോ തള്ളാനോ കഴിയാത്തവിധം അക്കാര്യങ്ങൾ തെളിയിക്കാൻ മോഡി ഭരണകൂടത്തിനാവുന്നു. ജിഎസ്ടി നടപ്പിലാക്കിയത്, നോട്ട് റദ്ദാക്കിയത് തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾ മോദിക്കൊപ്പം നിൽക്കുന്നു എന്നതും കാണാതെ പോകരുത് ഈ വേളയിൽ.
2019 എന്ന വെല്ലുവിളി
നരേന്ദ്ര മോദിക്ക് മുന്നിൽ ഇന്ന് ജനപ്രീതിയല്ല ഒരു പ്രശ്നം. എന്നാൽ ഇപ്പോഴും പ്രതിപക്ഷ കക്ഷികൾ ഒത്തുചേർന്നുകൊണ്ട് മോഡി വിരുദ്ധ നീക്കങ്ങൾ നടത്തുന്നു. 2019ൽ കാണിച്ചുതരാം എന്നതാണവർ പറയുന്നത്. അവർ അന്ന് എല്ലാവരും ഒന്നിക്കും എന്നുതന്നെ കരുതുക. അതാണ് നേരത്തെ ചാണക്യൻ പറഞ്ഞത് സൂചിപ്പിച്ചത്……” അങ്ങിനെ പ്രതിയോഗികൾ എല്ലാവരും ഒന്നിക്കുന്നുവെങ്കിൽ ഭരണകർത്താവ് സത്യസന്ധനാണ് എന്ന് കരുതണം” എന്ന വാക്യം. എനിക്ക് തോന്നുന്നു ഇന്ത്യൻ ജനതക്ക് അതറിയാം. അതാണ് ഒരു പ്രമുഖ മാധ്യമം നടത്തിയ പോളിൽ മോഡി 72 ശതമാനത്തോളം വോട്ട് കരസ്ഥമാക്കി വളരെ മുന്നിലെത്തിയത്. രാഹുൽ ഗാന്ധിക്ക് കിട്ടിയത് വെറും 11. 93 ശതമാനത്തിന്റെ പിന്തുണയും മറ്റുള്ളവർ എല്ലാവർക്കുമായി 16.12 ശതമാനം പിന്തുണയുമാണ്. മോഡി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന് കരുതുന്നവർ ഏതാണ്ട് 73. 3 ശതമാനം പേരും കരുതുന്നത് എന്നത് എന്തിന്റെ സൂചനയാണ് എന്ന് പറയേണ്ടതില്ലല്ലോ.
പ്രതിപക്ഷത്തെ അലട്ടുന്നത് അവർ കാഴ്ചവെച്ച അഴിമതി ഭരണത്തിന്റെ ബാക്കികഥകളാണ്. പലരും കേസുകളിൽ കുടുങ്ങിക്കിടക്കുന്നു.സോണിയ ഗാന്ധിയും രാഹുലും ചിദംബരവും മുതൽ ആരൊക്കെയാണ് അതിലില്ലാത്തത് എന്ന് പറയുക പ്രയാസം. അത്രമാത്രമാണ് കേസുകൾ. നാഷണൽ ഹെറാൾഡ് കേസും മറ്റും ഒരു പ്രധാനഘട്ടത്തിലേക്ക് കടക്കുന്നതും ഇതിനിടയിൽ നാം കാണുന്നു. അതിൽനിന്ന് മോചിതമാവാനായി കോടതിയെ സ്വാധീനിക്കാൻ വരെ പ്രതികളായവർ ശ്രമിക്കുന്നത് രാജ്യം കണ്ടുവല്ലോ. സുപ്രീം കോടതിയെ ചുറ്റിപ്പറ്റി നടന്ന നാടകങ്ങൾ എന്തിന്റെ സൂചനയാണ് എന്നത് നിയമവിദഗ്ദ്ധർ തന്നെ വിലയിരുത്തട്ടെ. പറഞ്ഞുവന്നത്, ജയിലഴികളെ പ്രതിപക്ഷത്തെ പ്രമുഖർ ഭയപ്പെടുമ്പോഴാണ് ജനങ്ങൾ വീണ്ടും നരേന്ദ്ര മോദിക്കും ബിജെപിക്കുമൊപ്പം അണിനിരക്കുന്നത് എന്നതാണ്.
Post Your Comments