Latest NewsArticleEditorial

അനുയോജ്യമായ ശ്രേഷ്ഠ പദവിയുമായി കുമ്മനം അരങ്ങൊഴിയുമ്പോള്‍ ബിജെപിയ്ക്ക് വേണ്ടത് കെ. സുരേന്ദ്രനെപോലെ യുവത്വത്തിന്‌റെ പ്രസരിപ്പിനെ

തോമസ് ചെറിയാന്‍ കെ

മികച്ച രാഷ്ട്രീയ നേതാക്കളെ കൊണ്ട് സമൃദ്ധമാണ് നമ്മുടെ നാട്. പ്രവര്‍ത്തന മികവും ജനസമ്മതിയും അതിലുപരി പദവികളുടെ അലങ്കാരവും ഒത്തു ചേരുന്നവരാണ് മികച്ച രാഷ്ട്രീയക്കാര്‍ എന്നത് തെറ്റിധാരണയാണ് എന്നതില്‍ സംശയമില്ല. കാരണം പദവികള്‍ ഒരേ സമയം എത്രപേര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധക്കും. പദവിയെ ആഗ്രഹിക്കാതെ ജനസേവനത്തിലൂന്നിയുള്ള പ്രവര്‍ത്തനത്തില്‍ വിശ്വസിച്ചിരുന്ന നേതാക്കളെയാണ് എന്നും ജനം ഓര്‍ക്കുന്നത്. പണമല്ല പൊതുപ്രവര്‍ത്തനമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് കരുതുന്നതവരാണ് യഥാര്‍ത്ഥ ജന സേവകര്‍. പാര്‍ട്ടിയുടെ ചിഹ്നമോ കൊടിയുടെ നിറമോ നോക്കിയല്ല ജനങ്ങള്‍ നേതാക്കളെ മനസില്‍ പ്രതിഷ്ഠിക്കുന്നത്. ബിജെപിയുടെ നേതാവും പൊതു പ്രവര്‍ത്തകനുമായ കുമ്മനം രാജശേഖരന്‍ എന്ന നേതാവിനും ജന മനസില്‍ ഇതേ സ്ഥാനമെന്ന് നിസംശയം പറയാം. കാരണം പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കി ജീവിതം ആരംഭിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. അതിനാല്‍ തന്നെ വൈകിയാണ് പദവികളില്‍ അദ്ദേഹം എത്തിയതും.

ഇപ്പോള്‍ മിസോറാം ഗവര്‍ണര്‍റായി അദ്ദേഹത്തെ തിരഞ്ഞെടുത്തെന്ന വാര്‍ത്തകള്‍ നാം കേട്ടിരുന്നു. സ്വന്തം നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന് ചുക്കാന്‍ പിടിയ്ക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്‌റെ മികവ് പ്രകടമായി കഴിഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യത്തിന്‌റെ വേദി കൂടിയായി മാറിയതോടെ വിമര്‍ശിക്കാന്‍ മാത്രം അറിയാവുന്നവര്‍ ഒന്നു വിടാതെ എല്ലാ നേതാക്കളെയും പരിഹാസ പാത്രമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ പോലും പക്വതയോടെ പെരുമാറിയ നേതാവായി കുമ്മനം രാജശേഖരന്‍ മാറിയതും ശ്രദ്ധേയമായ കാര്യമാണ്. ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം ചുവട് വയ്ക്കുമ്പോള്‍ കേരളത്തിന്‌റെ ബിജെപി നേതൃത്വത്തിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ആര് വരും എന്നതാണ് ചര്‍ച്ചാ വിഷയം.

ഏവരും ഏകകണ്ഠമായി പിന്തുണ നല്‍കുന്ന നേതാവിനെയാണ് ഏത് പാര്‍ട്ടിയ്ക്കും ആവശ്യം. മാറ്റത്തിന്‌റെ വെളിച്ചം കൊണ്ടു വരാന്‍ ഏറ്റവും കഴിവുള്ളത് യുവത്വത്തിന്‌റെ രക്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുത തന്നെ. ദേശീയ രാഷ്ട്രീയത്തിലുള്‍പ്പടെ യുവ നേതാക്കള്‍ മുന്‍ നിരയിലേക്ക് വരുമ്പോള്‍ സകല മേഖലയിലും അത് പ്രതിഫലിക്കുമെന്ന വസ്തുതയും നാം ഓര്‍ക്കണം. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറിയായ കെ. സുരേന്ദ്രനെയാണ് ഇപ്പോള്‍ നേതൃത്വത്തിന്‌റെ മുന്‍നിരയിലേക്ക് വരണമെന്ന് ആവശ്യമുയരുന്നത്. പ്രവര്‍ത്തന പരിചയത്തോടൊപ്പം യുവത്വത്തിന്‌റെ പ്രസരിപ്പും ഉള്ള വ്യക്തി കൂടിയാണ് അദ്ദേഹം. നേതൃപാടവത്തിന്‌റെ മികവ് തന്നെയാണ് ഏതൊരു യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‌റെയും വിജയത്തിന് മുന്‍പില്‍. തന്‌റെ അണികളെ കൃത്യമായി നയിച്ച് പൊതുപ്രവര്‍ത്തനത്തില്‍ നാഴിക കല്ലുകള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്നവരാണ് മികച്ച പൊതു പ്രവര്‍ത്തകര്‍. ഇത്തരത്തില്‍ മികവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന വിലയിരുത്തലും നിലവിലുണ്ട്.

കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിയിലേക്ക് ചുവട് മാറുമ്പോള്‍ സംസ്ഥാനത്തിന് ആ സ്ഥാനത്തേക്ക് മികച്ച നേതാവ് വന്നേ തീരു എന്നതില്‍ സംശയമില്ല. ഭരണരംഗത്തേക്ക് ചുവട് വയ്ക്കുന്ന പാര്‍ട്ടികള്‍ക്ക് ഒപ്പം തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‌റെയും ജനസേവനത്തിന്‌റെയും മുഖ മുദ്രയായി മറ്റ് സംഘടനകളും വേണമെന്നതില്‍ സംശയമില്ല. കേന്ദ്ര ഭരണത്തില്‍ മികവ് കാട്ടിയ ബിജെപിയ്ക്ക് സംസ്ഥാനത്ത് ഭരണനേട്ടം എന്നതിലുപരി മികച്ച നേതൃത്വം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന വസ്തുതയും നാം മറക്കരുത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബാലറ്റിനു മുന്‍പില്‍ നില്‍ക്കുന്ന പൗരനാണ് ആര് വിജയിക്കണം എന്ന് തീരുമാനിക്കുന്നത്. അതിനാല്‍ തന്നെ നേതൃനിരയില്‍ ഇരുന്നുള്ള പൊതു പ്രവര്‍ത്തനം ഒരിക്കലും വോട്ട് എന്ന ചിന്തയില്‍ ഊന്നിയുള്ളതല്ല എന്ന സത്യം നാം മനസിലാക്കണം. ഇത്തരത്തില്‍ ജനഹൃദയങ്ങളില്‍ മായാത്ത സ്ഥാനമുള്ള ആളാകുവാനും മികച്ച നേതൃത്വം നല്‍കി പൊതു ജന സേവനം മികവുറ്റതാക്കുവാനും ഇനി വരുന്ന യുവ നേതാക്കള്‍ക്ക് കഴിയട്ടെ എന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് സംസ്ഥാനത്തിന് വളരാന്‍ കഴിയട്ടെ എന്നും നമുക്ക് പ്രാര്‍ഥിയ്ക്കുകയും ആശംസിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button