Latest NewsEditorial

താര രാജാക്കന്മാര്‍ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത് ഇതോ ?

തോമസ് ചെറിയാന്‍. കെ

സിനിമയെന്ന വിസ്മയ ലോകത്ത് നിന്നും രാഷ്ട്രീയത്തിന്‌റെ ചൂടിലേക്ക് ചുവട് മാറിയ താരങ്ങളെ മുന്‍പും നാം കണ്ടിട്ടുണ്ട്. സിനിമയെന്ന കലയെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന ആളുകളുള്ള നാടാണ് ഇന്ത്യ. അതിനാല്‍ തന്നെ താരങ്ങള്‍ക്ക് അവര്‍ നല്‍കുന്ന സമ്മതിയും അത്രയും തന്നെ വലുതാണ്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കാലുറപ്പിച്ച എംജിആറും ജയലളിതയുമൊക്കെ ഭരണ രംഗത്തെ മികവിന്‌റെ പര്യായങ്ങളായി മാറിയ പേരുകളാണ്. അതിന്‌റെ തുടര്‍ച്ചയെന്നോണം ആണോ ഇപ്പോള്‍ രാഷ്ട്രീയ രംഗത്ത് കടന്നു വരുന്ന താരാധിപത്യമെന്നാണ് ഏവരുടേയും ചിന്ത.

തമിഴ് സിനിമയെ ലോകത്തിന്‌റെ നെറുകയിലെത്തിച്ച സൂപ്പര്‍താരം രജനീകാന്തും സിനിമയുടെ സകലമേഖലയിലും തന്‌റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിട്ട് അധികം നാളുകളായിട്ടില്ല. 1996ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരെ രജനീകാന്ത് രംഗത്ത് വന്നിരുന്നു. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ തമ്മില്‍ നടത്തിയ അഭിപ്രായ സംബന്ധമായ പൊട്ടിത്തെറികള്‍ രജനീകാന്തിന്‌റെ രാഷ്ട്രീയ പ്രവേശനത്തിന്‌റെ സൂചനയാണെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അത് ഉണ്ടായില്ല. 21 വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ഡിസംബറില്‍ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെ സൂപ്പര്‍സ്റ്റാര്‍ ആരാധകരെ ഞെട്ടിച്ചു. സ്ഥാനമാനങ്ങളില്‍ താല്‍പര്യമില്ലെന്നും എന്നാല്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും രജനി പ്രഖ്യാപനം നടത്തി. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം ശരിയല്ലെന്ന പ്രഖ്യാപനവും രജനിയുടെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാല്‍ ഏത് പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുമെന്നതില്‍ ഉറപ്പിച്ച് പറയാന്‍ കഴിയും വിധം ഒരു തീരുമാനം വന്നിട്ടില്ല.

രജനിയോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്ത് ചാര്‍ത്തപ്പെടാന്‍ പോകുന്ന പേരാണ് ഉലകനായകന്‍ കമല്‍ഹാസന്‌റെത്. മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് കമല്‍ ഭരണ ചക്രത്തിന്‌റെ ലോകത്ത് ചുവടുറപ്പിക്കാന്‍ തയാറെടുക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള കമലിന്‌റെ ആരാധകര്‍ ആഹ്ലാദത്തോടെയാണ് ഈ തീരുമാനത്തെ സ്വീകരിച്ചത്. രാഷ്ട്രീയ രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ ഇവര്‍ തീരുമാനമെടുക്കുമ്പോള്‍ പല ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പും മുന്നോട്ട് വന്നിരുന്നു. സംവിധായകന്‍ ഭാരതിരാജ അടക്കമുള്ളവര്‍ ഇത്തരത്തില്‍ താരങ്ങളുടെ രാഷ്ട്രീയ പ്രവേശത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിനിടയില്‍ ആരാധകരെ ഞെട്ടിച്ച സംഭവമാണ് സിനിമയില്‍ നിന്നും വിട പറയുമെന്ന കമല്‍ഹാസന്‌റെ പ്രഖ്യാപനം. ഇപ്പോള്‍ രണ്ടു സിനിമകളാണ് കമലിന്‌റെതായി ഇറങ്ങാനുള്ളത്. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ 2019 തിരഞ്ഞെടുപ്പ് മുന്നില്‍ വന്നു കഴിയും.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം വരുന്ന മുഖ്യ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് സൂപ്പര്‍ താരങ്ങളും. ആരാധക വൃന്ദത്തിന് പുറമേയുള്ള ആളുകള്‍ വരെ അണികളായി മാറിക്കൊണ്ടിരിക്കുകയാണ് ഓരോ നിമിഷവും ലക്ഷക്കണക്കിനാളുകള്‍ താരങ്ങള്‍ക്ക് പിന്തുണയുമായി ഒഴുകിയെത്തുന്നു. സാമൂഹ്യമാധ്യമങ്ങളടക്കം അഭിപ്രായ പ്രകടനങ്ങളുടെ വേദിയായി മാറി ജനപിന്തുണ വര്‍ധിപ്പിച്ച് വരുന്നു. ആരോഗ്യം, വിദ്യാഭ്യാസം അടക്കുള്ള അടിസ്ഥാന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാകും മുന്നോട്ട് വരുന്നതെന്ന പ്രഖ്യാപനത്തോടെയാണ് താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത്. അഭിനയിച്ച സിനിമകളിലെ നായകന്‍ ഒരു നാടിന് സംരക്ഷകരായി നില്‍ക്കുന്ന കഥാപാത്രങ്ങളെ കൂടുതലായി അവതരിപ്പിച്ച താരങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തില്‍ ഈ മേഖലയിലേക്ക് വരുമ്പോള്‍ വിജയമുള്‍പ്പടെയുള്ള കാര്യങ്ങള്‍ എങ്ങനെ സ്വന്തമാക്കുവാന്‍ സാധിക്കുമെന്ന് കണ്ടു തന്നെ അറിയണം.

കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി രംഗ പ്രവേശം ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ട സംഗതിയുണ്ട്. സിനിമ തന്നെയാണ് അദ്ദേഹത്തിന്‌റെയും തുടക്കം. പ്രൊഡ്യൂസര്‍ എന്ന സ്ഥാനത്ത് നിന്നുമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പദവിയില്‍ എത്തിയിരിക്കുന്നത്. കാവേരി പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ അദ്ദേഹം രജനിയെ കര്‍ണാടകയിലേക്ക് ക്ഷണിച്ചതും ഈ അവസരത്തില്‍ നാം ഓര്‍ക്കണം. സിനിമ രംഗത്തുള്ളവര്‍ ഭരണരംഗം കൂടി കീഴടക്കുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ എന്താകുമെന്ന ചിന്തയില്‍ കൂടിയാണ് ജനങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ല ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഭരണമുണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.

മാറ്റങ്ങള്‍ കാലത്തിന്‌റെ ആവശ്യമാണെന്ന് ഏവര്‍ക്കും അറിയാം. പാര്‍ട്ടികളും അണികളും താരങ്ങളും എല്ലാം വേണം ഒരു നാടിന്. അത്തരമൊരു മാറ്റമാകും 2019 പൊതു തിരഞ്ഞെടുപ്പ് കാട്ടിത്തരുവാന്‍ പോകുന്നത്. ഇതിനോടകം തന്നെ രാജ്യം കണ്ട ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകള്‍ വച്ച് വരുന്ന മുഖ്യ തിരഞ്ഞെടുപ്പിനെ വിലയിരുത്താല്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു കര്‍ണാടകയില്‍ സംഭവിച്ചത്. ഭരണ ചക്രം ആരുടെ കൈകളിലേക്ക് എത്തണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. താരങ്ങള്‍ ഉള്‍പ്പെടെ ഇതിനായി തയ്യാറെടുക്കുന്നവര്‍ക്ക് ആശംസകള്‍ നേരുന്നതിനൊപ്പം തന്നെ ഇന്ത്യയെ ലോകത്തിന്‌റെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്ന ഭരണകൂടം ഇവിടെ ഉണ്ടാകട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button