കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് മൂലം മരണപ്പെട്ട് നഴ്സ് ലിനിയുടെ കുടുംബത്തിന് സഹായഹസ്തവുമായി മലയാളി പ്രവാസികള്‍. ലിനി പുതുശേരിയുടെ രണ്ടു മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി അബുദാബിയിലെ രണ്ട് പ്രവാസി മലയാളികള്‍ രംഗത്തെത്തി. പാലക്കാട് സ്വദേശികളായ ശാന്തി പ്രമോദും ജ്യോതി പല്ലാട്ടുമാണ് ലിനിയുടെ മക്കളായ റിഥുല്‍, സിദ്ധാര്‍ത്ഥ് എന്നിവരുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. സ്വയം പര്യാപ്തയെത്തുന്നത് വരെയാണ് കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് അവര്‍ വഹിക്കാമെന്ന് അറിയിച്ചിട്ടുള്ളത്.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് നഴ്സുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ ത്യാഗവും മനസിലാകുമെന്നും രോഗികളെ പരിചരിക്കുന്നതിനിടെ ജീവന് പൊലിഞ്ഞ ലിനിയുടെ അവസ്ഥ ഹൃദയ ഭേദകമാണെന്നു ശാന്തി പറഞ്ഞു. കൂടാതെ തന്റെ ജോലിക്കിടെ ഇത്രയും വലിയ ത്യാഗം ചെയ്ത ലിനിയുടെ സേവനം മഹത്വമാണെന്ന് ശാന്തി കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാന്‍ സ്വന്തം ജീവന് തന്നെ ത്യജിച്ച അവരുടെ സേവനത്തെ ആദരിക്കുന്നതിനും പിന്തുണയ്ക്കാനുമാണ് തങ്ങളുടെ തീരുമാനമെന്ന് അവര്‍ പറഞ്ഞു.
പേരമ്പ്രയില്‍ നിപ്പാ വൈറസ് ബാധിച്ച് മരിച്ച മൂന്നംഗ കുടുംബത്തിനെ പരിചരിച്ച ലിനി കഴിഞ്ഞ ദിവസമാണ് മരിച്ചത്. രോഗം മറ്റുള്ളവരിലേക്ക് പകരുമെന്ന ഭീതിയില്‍ കുടുംബത്തിന്റെ അനുമതിയോടെ രാത്രി തന്നെ കോഴിക്കോട് ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു. അതിനാല്‍ ലിനിയുടെ മതദേഹം പോലും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ല.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഇക്കാര്യങ്ങള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യക്തമാക്കിയിരുന്നു. ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിച്ചില്ല എന്ന തരത്തില്‍ ചില കോണുകളില്‍ നിന്നും നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ ലിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന് രംഗത്തെത്തിയിരുന്നു.
Post Your Comments