പാലാ•ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ദളിത് യുവതിയുടെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പാലാ പുതുപ്പള്ളിയേല്‍ പരേതനായ രാജുവിന്റെ ഭാര്യ വാസന്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ഇവരുടെ മകളായ പി.ആര്‍. രേണു (23) ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ബുച്ചിറെഢിപ്പാലം വിവേകാനന്ദാ ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു. മധ്യവേനലവധിക്കു നാട്ടിലേയ്ക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്ന കഴിഞ്ഞ ജനുവരി 13ന് താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു മാതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജോലി സംബന്ധമായി താമസിച്ചിരുന്ന സ്ഥലത്താണ് മരിച്ചു കിടക്കുന്നിരുന്നതെന്നാണ് അറിയിച്ചത്.
വീട്ടിലേയ്ക്ക് വരുന്നതിനു മുമ്പേ വിളിച്ചപ്പോള്‍ എന്തിനെയോ രേണു ഭയപ്പെട്ടിരുന്നതായി തോന്നിയെന്നും മാതാവിന്റെ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ മരണവിവരമറിഞ്ഞു ചെന്ന ബന്ധുക്കളോടോ പിന്നീട് വീട്ടുകാരോടോ യാതൊന്നും പറയാത്തതില്‍ സംശയമുണ്ട്. സ്‌കൂളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവോ എന്ന ചോദ്യത്തില്‍ നിന്നും അധികൃതര്‍ ഒഴിഞ്ഞു മാറുകയാണുണ്ടായതെന്നും പരാതിയില്‍ പറയുന്നു. ഡ്രസ് പകുതി മാറിയ നിലയില്‍ രണ്ടു കട്ടിലുകള്‍ക്കിടയിലാണ് മരിച്ചു കിടന്നിരുന്നത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. മരണ കാരണമാകാനുള്ള ക്ഷതം ഏല്‍ക്കാനിടയായത് കണ്ടെത്തണം. രേണുവിന്റെ മരണം സംശയാസ്പദമാണ്. രേണുവിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കളുടെ സംശയം ദൂരികരിക്കാന്‍ ആന്ധ്രാ സര്‍ക്കാരുമായി സഹകരിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകണമെന്ന് പീപ്പിള്‍സ് ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.
Post Your Comments