പേരാമ്പ്ര: നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി സനീഷിന്റെ മരണം നാടിനു നൊമ്പരമാകുന്നു. രണ്ടു പിഞ്ചു മക്കളാണ് ലിനിക്ക് ഉള്ളത്. കൂടാതെ ലിനിയുടെ അമ്മയും പനി ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് തടയുന്നതിന് വേണ്ടി ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു രാവിലെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോള്‍ ഒരു അന്ത്യചുംബനം പോലും നല്‍കാന്‍ സാധിക്കാതെ രണ്ടു പിഞ്ചുമക്കള്‍ ഇപ്പോഴും ഒന്നുമറിയാതെ വീട്ടിലുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ ജോലിയാണെങ്കിലും മതിയായി സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. അത്തരത്തില്‍ മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വന്നതാണ് ലിനിയുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്. എന്‍ആര്‍എച്ച്‌എം മുഖേനയാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരുന്നത്. പിഎസ്‌ഇ വഴി നിയമിതരായ നഴ്‌സുമാരേക്കാള്‍ കുറഞ്ഞ ശമ്പളമാരുന്നു അതിനാല്‍ ഇവര്‍ക്കും ലഭിച്ചിരുന്നത്.
പറക്കമുറ്റാത്ത രണ്ട് കുട്ടികളുടെ മാതാവ് കൂടിയായിരുന്നു ലിനി. ഇവരുടെ വിയോഗത്തോടെ ആ കുഞ്ഞുങ്ങള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടമായി. രാത്രി രണ്ട് മണിയോടെ മരിച്ച ലിനിയെ കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ ഉടനടി സംസ്‌ക്കരിക്കുകയായിരുന്നു. രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. രോഗം പകരുമോ എന്ന ഭയത്തിലാണ് പൊടുന്നനെ സംസ്‌കരിച്ചത്. നേരത്തെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ലിനി. ഒരു വര്‍ഷം മുൻപാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിയമിതയായത്.
ലിനിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ അനുവദിക്കുകയും കുടുംബത്തിലെ ഒരംഗത്തിനു ഗവണ്മെന്റ് ജോലി നല്‍കി സഹായിക്കണമെന്നും സര്‍ക്കാറിനോട് യുഎന്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. അവള്‍ അനശ്വര രക്തസാക്ഷിയാണെന്ന് യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments