തോമസ് ചെറിയാന് കെ
റമദാന്റെ വിശുദ്ധ നാളുകള്‍ നമ്മിലേക്ക് എത്തിക്കഴിഞ്ഞു. മനസും ശരീരവും ഏകാഗ്രമാക്കി അല്ലാഹുവിന്റെ വിശുദ്ധി ഉള്ളിലേക്ക് ആഗീകരിക്കുന്ന പൊന്നിന് തിളക്കമുള്ള നിമിഷങ്ങള്‍. ഇനി പുണ്യത്തിന്റെ വിശുദ്ധ നാളുകളാണ്. ഭക്ഷണം ത്യജിച്ച് നോമ്പ് ആചരിക്കുമ്പോള്‍ നാം മനസിലാക്കേണ്ട പ്രധാന സംഗതിയുണ്ട്. വിശക്കുന്നവന്റെ മനസറിയാനുള്ള അവസരം കൂടിയാണ് നോമ്പിന്റെ നിമിഷങ്ങള്‍. അന്നം എന്നത് പ്രാണന്റെ ബലമാണ്. വിശക്കുന്ന വയര്‍ ദൈവത്തോടുള്ള നിലവിളിയാണ്. ജീവന്റെ തുടിപ്പിന്റെ ആധാരമായ ഭക്ഷണം ഓരോ മനുഷ്യജീവിയുടെയും അവകാശമാണ്. മണമോ രുചിയോ അല്ല മറിച്ച് വിളമ്പുന്നവന്റെ കയ്യിലെ ദൈവികതയാണ് വിശപ്പ് തുടച്ച് മാറ്റുന്നത്. വിശക്കുന്നവന്റെ മുന്പില് ഭക്ഷണം വിളമ്പുന്നവന് അല്ലാഹുവിന്റെ ദൂതനാണ്. നന്മയുടെ നിലവറയായ അവന്റെ മനസിന് ഒന്നിനും കുറവ് വരില്ല. ഒരു ദുഷ്ട ശക്തിക്കും അല്ലാഹുവിന്റെ സംരക്ഷണത്തില്‍ നിന്ന് അവരെ തകര്‍ക്കാനാവില്ല. ലോകമെമ്പാടും പട്ടിണി രൂക്ഷമാണിന്നും. ആധുനികവത്കരണത്തിന്റെയും വികസനത്തിന്റെയും മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴും മനുഷ്യന് ഭക്ഷണം ലഭിക്കാതെ പോകുന്ന അവസ്ഥ രൂക്ഷമാകുന്നു എന്നത് ഏവരെയും വേദനിപ്പിക്കുന്ന ഒന്നാണ്. വിശപ്പിന്റെ നിലവിളികളെ തുടയ്ച്ച് മാറ്റാന്‍ നാം ഓരോരുത്തരും ശ്രമിക്കണം. വിശക്കുന്നവന്റെ വിളി കേള്‍ക്കുന്നവനാണ് യഥാര്‍ഥ മനുഷ്യനെന്ന വചനങ്ങള്‍ നമ്മുടെ കാതുകളില്‍ നിറുത്താതെ മുഴങ്ങണം.
നോമ്പിന്റെ കാലഘട്ടത്തില്‍ മാത്രമല്ല. നാം ജീവനോടെ ഈ ഭൂമിയിലുള്ള ഓരോ നിമിഷവും നാം അന്നത്തിന്റെയും അത് ദാനം ചെയ്യുന്നതിന്റെയും മഹത്വം മനസിലാക്കണം. അതോടൊപ്പം തന്നെ ഓര്‍ക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. സമൃദ്ധിയുടെ മടിത്തട്ടില്‍ കഴിയുന്ന നമുക്ക് എന്താണ് ഒരു കുറവുള്ളത്. ഇതു വരെ വിശപ്പെന്നത് എന്തെന്ന് പോലും അനുഭവിപ്പിക്കാതെ നമ്മെ വളര്‍ത്തിയവരാണ് നമ്മുടെ മാതാപിതാക്കള്‍. എന്നിരുന്നിട്ടും ഭക്ഷണത്തിന്റെ മൂല്യം മനസിലാക്കാതെ അത് പാഴാക്കിയ അവസരങ്ങള്‍ നമുക്ക് എത്രയോ തവണ ഉണ്ടായിരിക്കുന്നു. ഒരു മണി അരിയുടെ വില എന്തെന്ന് ചിന്തിക്കുക പോലും ചെയ്യാതെ നാം പാഴാക്കിക്കളയുന്ന ഭക്ഷണം പട്ടിണി കിടക്കുന്നവന്റെ അവകാശമല്ലെ. ആ അവകാശത്തെയല്ലെ നമ്മള് നിസാരമായി കാണുന്നത്. അത്തരത്തില്‍ നാം ചെയ്തു പോയ തെറ്റുകള്‍ പൊറുക്കണേയെന്ന് ഉള്ളുരുകി നാം അല്ലാഹുവിനോട് യാചിക്കണം. ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്ന് നാം അല്ലാഹുവിനോട് ആത്മാര്‍ഥമായി പറയുകയും വേണം. അന്നത്തിനായി യാചിക്കുന്ന ലക്ഷകണക്കിന് ആളുകളാണ് ഇന്ന് ലോകമെമ്പാടുമുള്ളത്. പോഷകക്കുറവ് മൂലം മരിച്ചു വീഴുന്ന കുഞ്ഞു പൈതങ്ങളുടെ എണ്ണവും കുറവല്ല. മുലപ്പാല്‍ പോലും നല്‍കാനാവതെ നിസഹായയായി കഴിയുന്ന ആ അമ്മമാരും ലോകത്തിന്റെ കണ്ണീരാണ്. ഒരു ദിവസം കുറഞ്ഞത് രണ്ടു പേരുടെ വിശപ്പകറ്റാന്‍ ഞാന്‍ ശ്രമിക്കുമെന്ന് ഓരോരുരുത്തരും കരുതിയാല്‍ തന്നെ പട്ടിണിയെന്ന വേദനയുടെ അവസ്ഥയെ ലോകത്ത് നിന്നും നമുക്ക് തുടച്ചു നീക്കാന്‍ സാധിക്കും.
ഓരോ റമദാനും ഓര്‍മ്മിപ്പിക്കുന്നത് മനുഷ്വത്വത്തിന്റെ മാഹാത്മ്യം കൂടിയാണ്. വേദനയില്‍ ആയിരിക്കുന്നവന് ആശ്വാസം നല്‍കുന്നതിനോളം വല്യ പുണ്യമില്ല. അതാണ് ഓരോ മനുഷ്യന്റെയും കടമയെന്നും നാം തിരിച്ചറിയണം. അതില്‍ ഊന്നിയുള്ളതായിരിക്കണം നമ്മുടെ ജീവിതം. ഈ റമദാനിലും പുണ്യ ദിനങ്ങള്‍ നമ്മിലേക്ക് കടന്ന് വരുമ്പോള്‍ അന്നദാനത്തിന്റെ മഹത്വം നമുക്ക് ഓര്‍ക്കാം. ആ മഹത് കര്‍മ്മം നടപ്പിലാക്കുവാന്‍ ഞങ്ങളോട് കരുണ തോന്നണേ എന്ന് അല്ലാഹുവിനോട് അപേക്ഷിക്കാം. കരുണയുടെ വറ്റാത്ത നീരുറവ അങ്ങ് ഞങ്ങളിലേക്കും ഞങ്ങളില്‍ നിന്ന് സഹജീവികളിലേക്കും പകരാന്‍ കഴിയണേ എന്ന് പ്രാര്‍ഥിക്കാം.
Post Your Comments