പൂനെ•ഭാര്യയെ സ്വഭാവത്തില്‍ സംശയം തോന്നിയതോടെയാണ് പ്രവാസിയായ ആ ഭര്‍ത്താവ് വീട്ടില്‍ ഒളിക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് ഒടുവില്‍ ഭര്‍ത്താവിന് തന്നെ പണിയായി മാറുകയായിരുന്നു. മഹാരാഷ്ട്രയിയിലെ പൂനെയിലാണ് സംഭവം.
1996 ലാണ് കഥയിലെ നായികാ നായകന്മാരായ ദമ്പതികള്‍ വിവാഹിതരായത്. 12 വയസുള്ള മകനുമുണ്ട്. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുന്‍പേ ഭര്‍ത്താവ് വിദേശത്തേക്ക് പോയി. ഇടയ്ക്കിടെ മാത്രമായിരുന്നു നാട്ടില്‍ വന്നിരുന്നത്. ഇതിനിടെ ഇയാളുടെ മനസ്സില്‍ ഭാര്യയെക്കുറിച്ച് ചില സംശയങ്ങള്‍ ഉടലെടുത്തു. നാട്ടിലെത്തിയ ഇയാള്‍ എട്ട് മാസത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചുവെങ്കിലും പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടായില്ല.
ഇതോടെ ഇയാള്‍ ബംഗളുരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസം മാറ്റി. യുവതി പൂനെയിലെ ഫ്‌ളാറ്റില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ ഒരുദിവസം ഭാര്യയുടെ വീട്ടിലെത്തിയാണ് ക്യാമറ ഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉപയോഗമില്ലാത്ത വാട്ടര്‍ പ്യൂരിഫെയര്‍ വേലക്കാരിക്ക് കൊടുക്കാനായി പുറത്തെടുത്തപ്പോഴാണ് അതിനുള്ളില്‍ ഒളിക്യാമറ ഉണ്ടെന്ന വിവരം ഭാര്യ അറിഞ്ഞത്. മെമ്മറി കാര്‍ഡ് പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ തന്റെ മുറിയിലെ ദൃശ്യങ്ങളെല്ലാം അതില്‍ പകര്‍ത്തിയിരുന്നതായും വ്യക്തമായി.
മകന്‍ കൂടി അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്തതെന്നറിയാന്‍ മകനോടും അന്വേഷിച്ചു. എന്നാല്‍ വാട്ടര്‍ പ്യൂരിഫെയറിന്റെ ചിത്രം എടുത്ത് തരാന്‍ ഇടയ്ക്കിടയ്ക്ക് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്.
46 കാരനായ ഭര്‍ത്താവിനെതിരെ 41 കാരിയായ ഭാര്യ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Post Your Comments