India

കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിക്കുന്നത് ഈ റിസോര്‍ട്ടില്‍

ബംഗളൂരു: തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ രാഷ്ട്രീയ അനിശ്ചിതത്വത്തിലായ കര്‍ണാടകയില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തില്‍ നിന്ന് സ്വന്തം എം.എല്‍.എമാരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അവരെ റിസോര്‍ട്ടില്‍ താമസിപ്പിക്കുന്നു. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലാണ് എം.എല്‍.എമാരെ കോണ്‍ഗ്രസ് താമസിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവിടെ 120 മുറികള്‍ ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് – ജനതാദള്‍ എസ് സഖ്യസര്‍ക്കാറിനെ ചില എം.എല്‍.എ.മാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 2006 – 07 കാലത്ത് എച്ച്.ഡി. കുമാരസ്വാമി എം.എല്‍.എ.മാരെ പാര്‍പ്പിച്ചത് ഇതേ റിസോര്‍ട്ടിലായിരുന്നു. 2017 ആഗസ്റ്റില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഹമ്മദ് പട്ടേലിന്റെ വോട്ടുകള്‍ ഉറപ്പാക്കാന്‍ ഗുജറാത്തിലെ എം.എല്‍.എമാരെ കോണ്‍ഗ്രസും ഇതേ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നു.

ലോകനിലവാരത്തിലുള്ള ഗോള്‍ഫ് റിസോര്‍ട്ടാണ് ഈഗിള്‍ടണ്‍ റിസോര്‍ട്ട്. ആന്ധ്രാ സ്വദേശിയായ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് രാഷ്ട്രീയ നേതാക്കളുടെയും സമ്പന്നരുടെയും പ്രധാന കേന്ദ്രമാണ്. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാര്‍ പിഴ ചുമത്തിയ റിസോര്‍ട്ടെന്ന പേരും ഇതിനുണ്ട്. ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് 982 കോടി രൂപയാണ് സര്‍ക്കാര്‍ പിഴ ചുമത്തിയത്. പിഴ അടയ്ക്കുന്നില്ലെങ്കില്‍ റിസോര്‍ട്ടിനായി ലഭിച്ച സ്ഥലം സര്‍ക്കാറിന് തിരിച്ച് നല്‍കാനും നിര്‍ദേശിച്ചിരുന്നു. ബി.ജെ.പി.ഭരണകാലത്ത് 82.69 കോടി രൂപ ഫീസായി സ്വീകരിച്ച് റിസോര്‍ട്ടിനായി 77 ഏക്കര്‍ സ്ഥലം വിട്ടുനല്‍കുകയായിരുന്നു.

എന്നാല്‍, ഇതു വിപണിവിലയെക്കാള്‍ കുറവാണെന്നുകാണിച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ 982 കോടി പിഴ ചുമത്തിയത്. അതിനാല്‍ തന്നെ ഈ റിസോര്‍ട്ടുമായി എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബന്ധമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button