തോമസ് ചെറിയാന്‍ കെ
റമദാന്‍ എന്ന അല്ലാഹുവിന്‌റെ അനുഗ്രഹം കനിഞ്ഞോഴുകുന്ന നാളുകളിലേക്ക് നാമേവരും കടക്കുകയാണ്. പ്രാര്‍ഥനാ നിര്‍ഭരമായ നിമിഷങ്ങളില്‍ അലിയുകയാണ് ഓരോ വിശ്വാസിയും. അല്ലാഹുവിന്‌റെ വിശ്വസ്ഥനായ , സത്യവും ധര്‍മ്മവും മനസിലേറ്റിയ മനുഷ്യന് തിരുസന്നിധിയില്‍ എന്തും അപേക്ഷിക്കാം. പ്രാര്‍ഥിക്കാം. പ്രാര്‍ഥനകള്‍ മനുഷ്യ മനസിന് ധൈര്യവും ജീവിതത്തിന് കരുത്തും നല്‍കുന്നതാണ്. റമദാന്‍ മാസത്തിലെ പ്രാര്‍ഥനകളും ഇതുപോലെ തന്നെയാണ്. റമദാന്‍ മാസത്തിലെ മുപ്പത് ദിവസങ്ങളില്‍ പത്തു ദിനം വീതം പ്രത്യേക പ്രാര്‍ഥനകള്‍ക്കാണ് പ്രാധാന്യം നല്‍കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. ഓരോ പത്തു ദിനങ്ങളും പ്രത്യേക പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിട്ടുമുണ്ട്. ആദ്യത്തെ പത്തു ദിവസങ്ങള്‍ റഹ്മത്തിന്‌റെതാണ്. രണ്ടാം പത്തു ദിനങ്ങള്‍ മഗ്ഫിറത്തും അവസാന പത്തില്‍ നരകത്തില്‍ നിന്നുള്ള മോചനത്തിനമുള്ള പ്രത്യേക പ്രാര്‍ഥനകളാണെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. മഗ്ഫിറത്തെന്നാല്‍ പാപമോചനമെന്നാണ് അര്‍ഥം.
ഖുന്‍ ആനിലെ സൂറ അല്‍ മുഅ്മിനൂന്‍ അധ്യായത്തിലെ പ്രത്യേക പ്രാര്‍നാണ് ആദ്യ പത്തിലെ പ്രധാനപ്പെട്ട ഒന്ന്. റബ്ബിഗ്ഫിര്‍ വര്‍ഹം അന്‍ത ഖയ്‌റൂര്‍ റാഹിമീന്‍- എന്‌റെ നാഥാ എന്‌റെ പാപങ്ങള്‍ പൊറുത്തു തരണേ. കാരുണ്യം ചൊരിയേണമേ, ഏറെ കരുണ ചെയ്യുന്നല്ലോ നീ. എന്നാണ് ഇതിന്‌റെ അര്‍ഥം. പ്രാര്‍ഥനകളുടെ ആരംഭത്തില്‍ ഏറെ പ്രാധാന്യമുള്ള ഭാഗം. നോമ്പിന്‌റെ നിമിഷങ്ങളില്‍ മനസിനെ ഏകാഗ്രമാക്കുന്ന പ്രാര്‍ഥന.
തുടര്‍ന്നുള്ള പ്രാര്‍ഥനകളും ഏറെ പ്രാധാന്യമുള്ളതാണ്. യാ ഹയ്യു യാ ഖയും ബി റഹ്മതിക അസ്തഗീതു. എന്നെന്നും ജീവിച്ചിരിക്കുന്നവനും സ്വയം നിലനില്‍ക്കുന്നവനുമായ അല്ലാഹുവേ നിന്‌റെ കാരുണ്യത്തില്‍ നിന്ന് ഞാന്‍ അപേക്ഷിക്കുന്നു.
അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമര്‍റാഹിമീന്‍ , എത്രയും പരമ കാരുണ്യവാനായ തമ്പുരാനേ എനിലേക്ക് നിന്‌റെ കാരുണ്യം ചൊരിഞ്ഞാലും. ആദ്യ പത്തു പ്രാര്‍ഥനകളില്‍ ആരംഭ ഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണിത്. അല്ലാഹുവിന്‌റെ കാരുണ്യത്തിനായി മുട്ടിപ്പായുള്ള പ്രാര്‍ഥനകളാണത്.
റംസാന്‍ ദിനത്തിന്‌റെ പുണ്യ നാളുകളില്‍ അല്ലാഹുവിനോടുള്ള പ്രാര്‍ഥനകള്‍ എല്ലാം തന്നെ തിരു സന്നിധിയില്‍ എത്തുമെന്ന പ്രതീക്ഷയാണ് ഓരോ വിശ്വാസിയേയും അല്ലാഹുവിനോട് ഏറെ അടുപ്പിക്കുന്നത്. ചെയ്തുപോയ പാപങ്ങള്‍ പൊറുത്ത് തമ്പുരാനെ എന്നെ കാക്കണമേ എന്ന് പ്രാര്‍ഥനാ നിര്‍ഭരമായ മനസുകള്‍ അപേക്ഷിക്കുമ്പോള്‍ പരമകാരുണ്യവാനായ അല്ലാഹു കരുണയുടെ വര്‍ഷം ചൊരിയുമെന്നതില്‍ സംശയമില്ല. പാപം ചെയ്തുപോയവര്‍ പശ്ചാത്തപിക്കുന്നതിനോളം മഹത്തരമായ കാര്യമില്ല. പശ്ചാത്തപിക്കുന്നതിനൊപ്പം ഇനിയോരിക്കലും ഇത്തരം ചെയ്തികളിലേക്ക് തിരിയില്ല എന്ന ഉറപ്പും കൂടിയാണ് ഓരോ നോമ്പും വിശ്വാസികള്‍ക്ക് നല്‍കുന്നത്. ആ വിശ്വാസ ജ്വാലയില്‍ നമുക്ക് അലിഞ്ഞു ചേരാം.
Post Your Comments