തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണമുന്നയിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത്. അവര്‍ എന്തായാലും എന്നെക്കൊല്ലും. അതെപ്പോഴാണെന്നുമാത്രം നിശ്ചയിച്ചാല്‍ മതി. പാര്‍ട്ടിയുടെ വിധി കാത്തിരിക്കയാണ് ഞാന്‍, രാധാകൃഷ്ണന്‍ പറയുന്നു.
നേരിട്ടല്ല, സുഹൃത്തുക്കളോടാണ് ചിലര്‍ പറഞ്ഞത്. അതെ, ഞാന്‍ അവരുടെ വിധി കാത്തിരിക്കയാണ്. ഭീഷണിയുണ്ട്. അവരിപ്പോഴും എന്നെ വേട്ടയാടുകയാണ്. ഏതായാലും അവരെന്നെ കൊല്ലും. അതിനുമുമ്പ് സത്യം ജനങ്ങളെങ്കിലും അറിയട്ടെ. എനിക്കിനി ഭയപ്പെടാനില്ലെന്ന് അദ്ദേഹം പറയുന്നു. 12 വര്‍ഷംമുമ്പ് ഏറ്റ മര്‍ദനത്തിന്റെ അവശതകളില്‍നിന്ന് മോചിതനായിട്ടില്ല. ഇപ്പോഴും ആയുര്‍വേദ ചികിത്സയുണ്ട്. നടുവിന് ബെല്‍റ്റിട്ടിട്ടുണ്ട്. ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് തൃപ്പൂണിത്തുറയില്‍നിന്ന് തലസ്ഥാനത്തേക്ക് താമസം മാറിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാധാകൃഷ്ണനെ 2006ല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച് അനാശാസ്യക്കേസില്‍ കുടുക്കിയതാണെ കണ്ടെത്തലുമായി ഇന്റലിജന്‍സ് രംഗത്തെത്തിയതിനു ശേഷമാണ് രാധാകൃഷ്ണന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഫസല്‍ കൊലക്കേസ് അന്വേഷണം സിപിഎമ്മിലേക്കു തിരിയുന്നതിന്റെ വൈരാഗ്യത്തിലാണു കള്ളക്കേസ് എടുത്തു മര്‍ദിച്ചതെന്ന് ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
രാധാകൃഷ്ണന്‍ നട്ടെല്ലിനു പരുക്കേറ്റ് ഒന്നര വര്‍ഷത്തോളം ചികില്‍സയിലുമായിരുന്നു. ഇക്കാര്യമെല്ലാം വിശദമാക്കി 2012ല്‍ സെന്‍കുമാര്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. കേസ് റദ്ദാക്കാന്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്തിയ ഉദ്യോഗസ്ഥന്റെ സല്‍പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നു കണ്ടെത്തി ഹൈക്കോടതി അനാശാസ്യക്കേസ് റദ്ദാക്കുകയായിരുന്നു.
Post Your Comments