Latest NewsIndia

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കോണ്‍ഗ്രസിന് പിടിക്കാന്‍ കഴിയാഞ്ഞതും സഹോദരന്‍ ബി.ജെ.പിയ്ക്ക് വേണ്ടി ക്യാന്‍വാസ് ചെയ്തതും നല്‍കുന്ന സൂചനകള്‍

ശങ്കു ടി. ദാസ് 

വാർത്ത നിങ്ങളും കണ്ടതാണ്. പക്ഷെ വാർത്തയിൽ കാണാത്ത ചിലതുമുണ്ട്.അന്തരിച്ച ഗൗരി ലങ്കേഷിൻറെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷ് കർണ്ണാടകയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി എന്നതായിരുന്നു വാർത്ത.തന്റെ സഹോദരിയുടെ മരണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സ് സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയക്കും ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തു.പക്ഷേ നാട്ടിലെമ്പാടും ഗൗരിയുടെ ഘാതകർ ഹിന്ദുത്വ ഭീകരവാദികൾ ആണെന്നും, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിജെപിക്കും ആർ.എസ്.എസിനും ആണെന്നും, ഗൗരിക്ക് നീതി വാങ്ങി കൊടുക്കുക എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കലാണ് എന്നുമൊക്കെയാണല്ലോ പ്രചാരണം നടക്കുന്നത്.എന്നിട്ടും എന്തു കൊണ്ടാവും ഗൗരിയുടെ സ്വന്തം കുടുംബാംഗങ്ങൾ തന്നെ ബിജെപിയെ പിന്തുണച്ച് മുന്നോട്ട് വരികയും കോൺഗ്രസ്സിനെ പഴിക്കുകയും ചെയ്യുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.

അതിന്റെ ഉത്തരം വാചാടോപവും വികാരക്ഷോഭവുമല്ല.വിരസമായ വസ്തുതകളാണ്.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ രാഷ്ട്രീയ പ്രതിയോഗികളെ അടിക്കാനുള്ള ആയുധം മാത്രമായി ഉപയോഗിച്ച കോൺഗ്രസ്സും എർത്തുകളും സംഭവത്തിലെ യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരാനും ശിക്ഷ വാങ്ങി കൊടുക്കാനും ഇത് വരെ എന്ത് ചെയ്തു എന്നതിന്റെ വിശദംശങ്ങളാണ്.അതറിയാൻ ഗൗരി ലങ്കേഷ് അസ്സാസിനേഷൻ കേസൊന്ന് ചുരുക്കത്തിൽ പരിശോധിക്കണം.

Dabholkar Pansare Gauri Kalburgi

‘ഗൗരി ലങ്കേഷ് പത്രികെ’ എന്ന കന്നഡ വാരികയുടെ എഡിറ്ററും ആക്ടിവിസ്റ്റും ആയിരുന്നു ഗൗരി ലങ്കേഷ്.2017 സെപ്റ്റംബർ 5നാണ് കർണാടകയിലെ രാജേശ്വരി നഗറിലുള്ള തന്റെ വീടിന് മുന്നിൽ വെച്ചാണ് അവർ വെടിയേറ്റു മരിക്കുന്നത്.ഗൗരിക്ക് നേരെ വെടിയുതിർത്ത അജ്ഞാത സംഘത്തിൽ 3 പേരുണ്ടായിരുന്നു എന്നാണ് പോലീസിന്റെ വിലയിരുത്തൽ.അതിലൊരാൾ പോലും ഇത് വരെ അറസ്റ്റ് ചെയ്യപെട്ടിട്ടില്ല.സിദ്ധാരാമയ്യയുടെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ്സ് സർക്കാരാണ് അന്നും ഇന്നും കർണാടക ഭരിക്കുന്നത്.

ഒടുവിൽ ഈ വർഷം മാർച്ചിൽ കേസുമായി ബന്ധപ്പെട്ട് നവീൻ കുമാർ എന്നൊരു ആയുധ വ്യാപാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.അനധികൃതമായി ആയുധം കയ്യിൽ വെച്ച മറ്റൊരു കേസിൽ ഫെബ്രുവരി 18ന് അറസ്റ്റിൽ ആവുകയും മാർച്ച് 2ന് കോടതി റിമാൻഡ് ചെയ്യുകയും ചെയ്ത നവീൻ കുമാറിനെ ഗൗരി ലങ്കേഷ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യലിനായി മാർച്ച് 3ന് കസ്റ്റഡിയിൽ വാങ്ങുകയും തുടർന്ന് കേസിൽ പ്രതി ചേർക്കുകയുമായിരുന്നു.കൊലപാതകവുമായി ഇയാൾക്കുള്ള ബന്ധമോ കൃത്യത്തിൽ ഉള്ള പങ്കോ ഇത് വരെ തെളിഞ്ഞിട്ടില്ല.ചോദ്യം ചെയ്യലിൽ സംഭവവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ട് എന്ന ആരോപണത്തെ നിഷേധിച്ച ഇയാളെ നുണ പരിശോധനക്ക് വിധേയനാക്കുന്നതിൻറെ നിയമ നൂലാമാലകളിൽ തട്ടി തടഞ്ഞു നടക്കുകയാണ് പോലീസ് ഇപ്പോൾ.എന്നാൽ കൃത്യം നടത്തിയ മൂന്ന് പേരിൽ ആരെ കുറിച്ചും ഇപ്പോഴും ഒരു വിവരവുമില്ല.

മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് മടക്കി കൊണ്ടു വരുന്ന പ്രവർത്തനത്തിൽ സജീവമായിരുന്ന ഗൗരിയുടെ കൊലപാതകത്തിലെ മാവോയിസ്റ്റ് ബന്ധത്തിന്റെ സാധ്യതകളെ പറ്റി ഒരന്വേഷണവും ഇത് വരെ നടന്നിട്ടില്ല.വധഭീഷണി ഉണ്ടായിരുന്ന ഗൗരിയുടെ ജീവന് സംരക്ഷണം കൊടുക്കാൻ സർക്കാർ എന്ത് കൊണ്ട് നടപടികൾ സ്വീകരിച്ചില്ല എന്ന ചോദ്യങ്ങൾക്കും യാതൊരു ഉത്തരവുമില്ല.ഗൗരിയുടെ കൊലപാതകികളെ കുറിച്ച് നിർണ്ണായകമായ എന്തെങ്കിലും വിവരം കൊടുക്കാൻ സാധിക്കുന്നവർക്ക് കർണ്ണാടക പോലീസ് 2017 സെപ്റ്റംബർ 8ന് പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ഇനാം ഇപ്പോഴും പ്രാബല്യത്തിലുണ്ട്.

“ഗൗരിയുടെ ഘാതകരെ ഞങ്ങൾക്കറിയാം” എന്ന് രാജ്യം മുഴുവൻ പോസ്റ്റർ ഒട്ടിച്ചു നടന്ന ഒരാളും ഇത് വരെ ആ അറിവ് പൊലീസിന് കൈമാറി റിവാർഡ് സ്വന്തമാക്കാൻ മുന്നോട്ടു വന്നിട്ടില്ല.
സംഭവം നടന്നിട്ട് 9 മാസവും ഒരാഴ്ചയും കഴിഞ്ഞു.ഹിന്ദുത്വ ഭീകരത ഹിന്ദുത്വ ഭീകരത എന്ന മുറവിളിയുയർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ കുറേ മുതലെടുപ്പുകാർക്ക് സാധിച്ചു എന്നതല്ലാതെ ഗൗരിക്ക് യഥാർത്ഥത്തിൽ നീതി കിട്ടാൻ വേണ്ടതായ ഒന്നും തന്നെ ഈ ദിവസം വരെ സംഭവിച്ചിട്ടില്ല.

ഇതാണ് ഗൗരി ലങ്കേഷ് കേസിലെ അന്വേഷണത്തിന്റെ രത്നചുരുക്കം.
അവരുടെ കുടുംബാംഗങ്ങൾ കോൺഗ്രസ്സിനെ അല്ലാതെ മറ്റാരെയാണ് പഴിക്കേണ്ടത്??
അജണ്ടകൾക്ക് വേണ്ടി മാത്രം മരണങ്ങളെ ഉപയോഗിക്കുന്ന രാഷ്ട്രീയ നീചത്വം കൊണ്ട് സമൂഹ മനസ്സിൽ ചില നുണകളെ സത്യമെന്ന് സ്ഥാപിച്ചെടുക്കാൻ ഒക്കെ സാധിച്ചേക്കും..
എന്നാൽ മരണപ്പെട്ടവരുടെ ഉറ്റവർക്കും ഉടയവർക്കും നീതി ലഭിച്ചുവെന്ന ചാരിതാർഥ്യത്തെ നൽകുവാൻ അത് കൊണ്ട് മാത്രം സാധിക്കില്ലല്ലോ.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ഹിന്ദുത്വ/ബിജെപി/സംഘപരിവാർ രാഷ്ട്രീയത്തോടൊക്കെ കൂട്ടി കെട്ടാൻ ഉപയോഗിച്ച ഉപാധിയെന്നത് മുൻപ് കൊലചെയ്യപ്പെട്ട കൽബുർഗി, പൻസാരെ, ദബോൽക്കർ എന്നിവരുടെ മരണത്തിന് ഗൗരിയുടെ മരണത്തോടുള്ള സാദൃശ്യമായിരുന്നു.
ഇവരെല്ലാവരും ലെഫ്റ്റ്/റാഷണലിസ്റ്റ്/ഇന്റലക്ച്വൽ സ്പിയറിൽ നിന്നിരുന്നവരും, സ്വയം പ്രഖ്യാപിത ഹിന്ദുത്വ വിരുദ്ധരും, ഒരേ രീതിയിൽ കൊല ചെയ്യപ്പെട്ടവരും ആയതിനാൽ ഈ കേസുകളിലെല്ലാം ഒരു കോമൺ ത്രെഡ് ഉണ്ട് എന്നതായിരുന്നു ആരോപണത്തിന്റെ അടിസ്ഥാനം തന്നെ.ബിജെപി ഭരിക്കുന്ന രാജ്യത്ത് എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും രക്ഷയില്ല എന്ന രീതിയിലായിരുന്നു പ്രചരണം മുഴുവൻ.

ഭരണഘടന പ്രകാരം ലോ ആൻഡ് ഓർഡർ സ്റ്റേറ്റ് സബ്ജക്റ്റ് ആയതിനാൽ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും ഉള്ള ബാധ്യത സംസ്ഥാന ഗവണ്മെന്റുകൾക്കാണ് എന്നത് കൊണ്ട് തന്നെ കേന്ദ്രം ഭരിക്കുന്ന കക്ഷിയെ പ്രാദേശികമായ സംഭവങ്ങളുടെ പേരിൽ പഴിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്നതവിടെ നിൽക്കട്ടെ.ഇതിലോരോ കേസിന്റെയും മെറിറ്റ്സിലേക്ക് പോയാൽ ഹിന്ദുത്വ രാഷ്ട്രീയത്തെ പൊതുവിലെങ്കിലും പഴിക്കാനുള്ള യാതൊരു ന്യായവും ഇതുവരെയില്ല എന്നതാണ് വാസ്തവം.വസ്തുതകൾ നമ്മളെ വല്ലാതെ മുഷിപ്പിക്കില്ലെങ്കിൽ ഈ കേസുകളിലെ അന്വേഷണത്തിന്റെ പുരോഗതി കൂടിയൊന്ന് വേഗത്തിൽ പരിശോധിക്കാം.

എം.എം. കൽബുർഗി: വചന സാഹിത്യകാരനും കന്നഡ സർവ്വകലാശാലയുടെ മുൻ വി.സിയും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായിരുന്നു.2015 ഓഗസ്റ്റ് 30ന് ഒരു മോട്ടോർസൈക്കിളിൽ കർണാടകയിലെ ധാർവാഡിലുള്ള കല്യാൺ നഗറിൽ സ്ഥിതി ചെയ്യുന്ന കൽബുർഗിയുടെ വീട്ടിലെത്തിയ 2 അംഗ സംഘം അദ്ദേഹത്തെ വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു.സിദ്ധാരാമയ്യയുടെ കോൺഗ്രസ്സ് സർക്കാർ തന്നെയാണ് അന്നും ഇന്നും കർണാടക ഭരിക്കുന്നത്.കേസിൽ ഇതു വരെ ആരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. 2015 സെപ്റ്റംബർ 2ന് പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടു പേരുടെ ഫോട്ടോഗ്രാഫിക് ക്ലാരിറ്റിയുള്ള സ്‌കെച്ചുകൾ പോലീസ് പുറത്തു വിട്ടിരുന്നു.

“കാൽബുർഗിയെ കൊന്നവരെ നന്നായറിയുന്ന” ആരും അവരെ തിരിച്ചറിയുകയോ പോലീസിനോ സഹായിക്കുകയോ ചെയ്തിട്ടില്ല.ലിംഗായത്ത് സമുദായത്തിന്റെ ചരിത്രത്തെ പറ്റി കൽബുർഗി എഴുതിയ പഠനങ്ങൾ സമുദായത്തിനകത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തിന് നേരെ ആക്രമണ ഭീഷണി നിലനിന്നിരുന്നു എന്നും, കൽബുർഗി നേരിട്ട് തന്നെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നുവെന്നും, കേസിലെ ലിംഗായത് ആങ്കിൾ അന്വേഷണ വിധേയമാക്കണമെന്നും പ്രൊഫസർ കെ.എം. മുരൾസിദ്ധപ്പയും എച്.എസ്. അനുപമയും അടക്കമുള്ള കന്നഡ സാഹിത്യകാരന്മാർ ആവശ്യപ്പെട്ടിരുന്നതാണ്.

പക്ഷേ സമുദായത്തിന്റെ രോഷം ഭയന്ന് അങ്ങനെയൊരു നടപടിക്കും കോൺഗ്രസ്സ് സർക്കാർ തയ്യാറായില്ല.സംഭവം നടന്ന് 2 വർഷവും 8 മാസവും 2 ആഴ്ചയും കഴിഞ്ഞു.
ഹിന്ദുത്വ ഭീകരതയെന്ന മുറവിളിക്കപ്പുറം ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

ഗോവിന്ദ് പൻസാരെ: മഹാരാഷ്ട്രയിലെ സിപിഐ നേതാവും എഴുത്തുകാരനും ആയിരുന്നു.
2015 ഫെബ്രുവരി 16ന് രാവിലെ പ്രഭാത നടത്തം കഴിഞ്ഞു തിരിച്ചു വരികയായിരുന്ന പൻസാരെക്കും ഭാര്യ ഉമക്കും നേരെ മുംബൈയിലുള്ള വീടിനടുത്ത് വെച്ച് ബൈക്കിൽ എത്തിയ രണ്ടംഗ അജ്ഞാത സംഘം വെടിയുതിർക്കുക ആയിരുന്നു.ആക്രമണത്തിൽ ഉമാ പൻസാരെക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഗോവിന്ദ് പൻസാരെ മരണപ്പെടുകയും ചെയ്തു.ഉമാ പൻസാരെയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അക്രിമകളുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്.ചിത്രത്തിലെ രണ്ടു പേരും ഇത് വരെ അറസ്റ്റ് ചെയ്യപെട്ടിട്ടില്ല.അക്രമികളെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ഇനാം പിന്നീട് മാർച്ചിൽ അഞ്ചിരട്ടിയാക്കി 25 ലക്ഷം രൂപയായി ഉയർത്തിയിട്ടും “പൻസാരെയെ കൊന്നവരെ ഞങ്ങൾക്കറിയാം” എന്ന് പോസ്റ്റർ ഒട്ടിച്ചു നടന്നവരാരും എന്തെങ്കിലും വിവരം കൈമാറുകയോ ഇനാം സ്വന്തമാക്കുകയോ ചെയ്തിട്ടുമില്ല.

2015″സെപ്റ്റംബറിൽ കേസുമായി ബന്ധപ്പെട്ട് സമീർ ഗെയ്‌ക്ക്‌വാദ് എന്നൊരു മൊബൈൽ കടക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും കൃത്യത്തിൽ ഇയാൾക്ക് എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ട് എന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടു.കൂടുതൽ അന്വേഷണത്തിൽ, പൻസാരെ കൊല്ലപ്പെട്ട ദിവസം സമീർ മറ്റൊരു നഗരമായ താനെയിൽ ആയിരുന്നു എന്നു തെളിഞ്ഞതോടെ, പ്രഥമ ദ്രിഷ്ട്യാ തന്നെ ചാർജ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച് കോടതി ഇയാളുടെ നുണ പരിശോധനയ്ക്കുള്ള അനുമതി നിഷേധിച്ചു.

കർണാടക പോലീസിനും ഇയാൾക്കെതിരെ തെളിവൊന്നും സമ്പാദിക്കാൻ സാധിക്കാതെ വന്നോടെ മുംബൈ സി.ഐ.ഡി വിഭാഗം ചോദ്യചെയ്യലിനായി സമീറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കവും ഉപേക്ഷിച്ചു.കേസുമായി ബന്ധപ്പെട്ട് ഒരാൾ പോലും ഇപ്പോഴും പോലീസിന്റെ പിടിയിലായിട്ടില്ല.സംഭവം നടന്ന് 3 വർഷവും 3 മാസവും കഴിഞ്ഞു.ഹിന്ദുത്വ ഭീകരതയെന്ന മുറവിളിക്കപ്പുറം ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

നരേന്ദ്ര ദബോൽക്കർ: യുക്തി/നിരീശ്വരവാദിയും, എഴുത്തുകാരനും, അന്തവിശ്വാസ നിർമാർജ്ജന സമിതിയുടെ സ്ഥാപക അധ്യക്ഷനും ആയിരുന്നു.2013 ഓഗസ്റ്റ് 20ന് പ്രഭാത നടത്തത്തിനിടെ പുണെയിലെ ഓംകാരേശ്വര ക്ഷേത്രത്തിനടുത്ത് വെച്ച് രണ്ടു പേരടങ്ങുന്ന അജ്ഞാത സംഘം വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു.അവരിലാരും തന്നെ ഇത് വരെ തിരിച്ചറിയപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്തിട്ടില്ല.

സംഭവം നടന്നയുടൻ മഹാരാഷ്ട്ര ഭരിച്ചിരുന്ന പ്രിത്വിരാജ് ചവാന്റെ നേതൃത്വത്തിൽ ഉള്ള കോൺഗ്രസ് സർക്കാർ അക്രമികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ റിവാർഡ് പ്രഖ്യാപിച്ചിരുന്നു.3 വർഷത്തിന് ശേഷം 2016ൽ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം റിവാർഡ് 25 ലക്ഷമാക്കി ഉയർത്തിയെങ്കിലും “ദബോൽക്കറെ കൊന്നവരെ ഞങ്ങൾക്കറിയാം” എന്നു പറയുന്ന ആരും അത് ബന്ധപ്പെട്ട ഏജൻസികളെ ധരിപ്പിച്ച് റിവാർഡ് സ്വന്തമാക്കിയിട്ടില്ല.

2014ൽ പൂണെ സന്ദർശിച്ച ആഭ്യന്തര മന്ത്രി ആർ.ആർ. പാട്ടീൽ ഒരാഴ്ചക്കുള്ളിൽ കേസ് തെളിയിച്ചില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറും എന്ന് പൂണെ പൊലീസിന് മുന്നറിയിപ്പ് നൽകിയതിന്റെ രണ്ടു ദിവസത്തിനകം രണ്ടു പേരെ പോലീസ് ബദ്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിരുന്നു.എന്നാൽ ഇവർക്കെതിരെയുള്ള ചാർജോ കുറ്റകൃത്യത്തിൽ ഉള്ള പങ്കോ പിന്നെയും രണ്ട് കൊല്ലമെടുത്തിട്ടും പൊലീസിന് തെളിയിക്കാനായില്ല.

ഒടുവിൽ 2016ൽ കേസ് സിബിഐക്ക് കൈമാറാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.
അന്വേഷണം ഏറ്റെടുത്ത സിബിഐ കുറച്ചു മാസത്തിനകം ഡോക്ടർ വിരേന്ദ്ര താവ്ഡെ എന്നൊരു ഇ.എൻ.റ്റി സർജനെ അറസ്റ്റ് ചെയ്തു.സംഭവത്തിൽ ബന്ധമുണ്ടെന്ന് ‘സംശയിക്കപ്പെട്ടിരുന്ന’ സനാതന സൻസ്ത നേതാവായ സാരംഗ് അകോൽക്കറുമായി ഡോ. താവ്‌ഡെക്ക് അടുപ്പമുണ്ടെന്നും, കൃത്യത്തിനുപയോഗിച്ച ഹോണ്ടാ സ്‌പ്ലെണ്ടർ മോട്ടോർ സൈക്കിളിൻറെ അതേ മോഡലിൽ ഒരു ബൈക്ക് ഈ ഡോക്ടർക്കും ഉണ്ടെന്നും, 2004ൽ കോലാപ്പൂരിൽ നടന്ന ഒരു പൊതുചടങ്ങിൽ ഇദ്ദേഹം പത്തു കൊല്ലത്തിന് ശേഷം മരിച്ച ദബോൽക്കർക്കെതിരെ സംസാരിച്ചിരുന്നു എന്നതടക്കമുള്ള അതിഗംഭീരമായ തെളിവുകളാണ് വിരേന്ദ്ര താവ്‌ഡെക്ക് എതിരെ സിബിഐ കണ്ടെത്തിയിരുന്നത്.
ഈ പറയുന്ന സാരംഗ് അകോൽക്കർക്കെതിരെ 2012 മുതൽ തന്നെ റെഡ് കോർണർ നോട്ടീസ് നിലനിൽക്കുന്നുണ്ടെങ്കിലും അയാളെ പറ്റി ഒരു വിവരവും എവിടെ നിന്നും ലഭിച്ചിട്ടില്ല എന്നതായിരുന്നു രസകരമായ മറ്റൊരു വസ്തുത.

ഏതായാലും വിശ്വാസയോഗ്യമായ തെളിവുകളുടെ അഭാവത്തിൽ പ്രഥമ ദൃഷ്ട്യാ പോലും താവ്‌ഡെക്ക് എതിരെ ചാർത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ല എന്ന് കണ്ട് കൊഹ്‌ലാപൂർ കോടതി ഈ വർഷം ജനുവരിയിൽ അയാൾക്ക് ജാമ്യം അനുവദിച്ചു.കേസിൽ ആദ്യം മുതലേ പറഞ്ഞു കേട്ടിരുന്ന സനാതൻ സൻസ്തയുടെ ബന്ധത്തെ പറ്റി പോലും ഇതുവരെയും ഒരു തെളിവും പുറത്തു വന്നിട്ടില്ല.ആദ്യം അറസ്റ്റ് ചെയ്ത രണ്ടു ആയുധ വ്യാപാരികളുടെ കസ്റ്റഡി ഓരോ 3 മാസം കൂടുമ്പോളും പോലീസ് നീട്ടി വാങ്ങുന്നത് മാത്രമാണ് ആകെ കേസിൽ നടക്കുന്ന സംഗതി.സംഭവം നടന്ന് 4 വർഷവും 8 മാസവും 3 ആഴ്ചയും കഴിഞ്ഞു.ഹിന്ദുത്വ ഭീകരതയെന്ന മുറവിളിക്കപ്പുറം ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

ഇതാണ് ഹിന്ദുത്വ ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളായി ഉയർത്തി കാട്ടപ്പെടുന്ന നാല് കേസുകളിൽ ഇതുവരെ യഥാർത്ഥത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ.ഇതിൽ ഏതെങ്കിലും ഒന്നിൽ പോലും ഒരു ഹിന്ദുത്വ ഭീകരനെ എങ്കിലും അറസ്റ്റ് ചെയ്യാനോ, ഒരാൾക്ക് എതിരെയെങ്കിലുമുള്ള കുറ്റം തെളിയിച്ച് ശിക്ഷ വാങ്ങി കൊടുക്കാനോ, ഒരൊറ്റ ഹിന്ദുത്വ സംഘടനയുടെ എങ്കിലും പങ്ക് പുറത്തു കൊണ്ടു വരുവാനോ കോൺഗ്രസ്സ് നിയന്ത്രിക്കുന്ന സർക്കാറുകൾക്ക് പോലും സാധിച്ചിട്ടില്ല.എന്നിട്ടും തീർത്തും അടിസ്ഥാന രഹിതമായും തെളിവുകളുടെ അഭാവത്തിലും കോടതിക്കും നിയമത്തിനുമൊക്കെ പുല്ല്‌ വില കല്പിച്ചും ഹിന്ദുത്വ ഭീകരത എന്ന വ്യാജ പ്രചാരണം അവർ നിർലോഭവും നിർലജ്ജവും തുടർന്നു പോരുക മാത്രമാണ്. ആയിരമുരു ആവർത്തിച്ച് നുണയെ സത്യമെന്ന് തോന്നിപ്പിക്കാനുള്ള നെറികേടിന്റെ രാഷ്ട്രീയത്തിനപ്പുറം ഒന്നും അതിന്റെ കാമ്പിലില്ല.

അതല്ലെങ്കിൽ ഇനി ഗൗരി ലങ്കേഷ്, കൽബുർഗി, പൻസാരെ, ദബോൽക്കർ എന്നൊക്കെ പറഞ്ഞു ഹിന്ദുത്വയെ ആക്രമിക്കുന്നവരോട് ക്ഷമാപൂർവ്വം ചോദിച്ചു നോക്കുക..
ആരാണ് ഗൗരി ലങ്കേഷിനെ കൊന്നത്??
“അവർ” എന്നാവും ഉത്തരം.
കൃത്യമായി തയ്യാറാക്കിയൊരു പ്രോഗ്രാം ആണത്.
അവർ.. കാൽബുർഗിയെ കൊന്നവർ തന്നെ.
അവർ ആരാണ്?
അവർ.. പൻസാരെയേ കൊന്നവർ തന്നെ.
ആ അവർ ആരാണ്??
അവർ.. ദാബോൽക്കറെ കൊന്നവർ തന്നെ.
എന്നാൽ ആ അവർ ആരാണ്??
അവർ തന്നെ.. ഗാന്ധിജിയെ കൊന്നവർ.
അതാണ് എൻഡ് ഓഫ് പ്രോഗ്രാം.
അടുത്ത ആരാണിൽ അവർ തിരിച്ചു ഗൗരി ലങ്കേഷിലേക്ക് തന്നെ പോവും.
അതൊരു അനന്തമായ പരിഭ്രമണമാണ്.
പ്രോഗ്രാമിങ് ലാങ്ഗ്വേജിൽ അതിന് ‘ഇൻഫിനിറ്റ് ലൂപ്പ്’ എന്ന് പറയും.
പത്താമത്തെ കമാൻഡ് എപ്പോഴും റിവർട്ട് ടു ഫസ്റ്റ് കമാൻഡ് എന്നായിരിക്കും.
ഒരിക്കലും അവസാനിക്കാത്ത ചാക്രിക പ്രക്രിയയായി പ്രോഗ്രാം ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കും.
ഉപയോക്താവ് ഒരിക്കലും ഔട്ട്കം കിട്ടാതെ കറങ്ങി തിരിഞ്ഞു കൊണ്ടുമിരിക്കും.
തെളിയിക്കപ്പെട്ടിട്ടില്ലാത്ത സംഗതികൾക്ക് പോലും മറ്റൊന്നിന്റെ റഫറൻസ് ആയി ഉപയോഗിക്കുമ്പോൾ സ്വാഭാവികമായൊരു വിശ്വാസ്യത വരും എന്നതിലാണ് ഈ കളിയുടെ മർമ്മമിരിക്കുന്നത്.

പക്ഷെ ഈ കളിയും പ്രോഗ്രാമും കൊണ്ടൊന്നും തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താൻ ആവില്ലല്ലോ.ഇരുട്ട് കൊണ്ടു ഓട്ടയടക്കാൻ സാധിക്കാത്തത് പോലെ തന്നെ പൊതു സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള നാടകങ്ങൾ കൊണ്ട് മാത്രം ഇരകൾക്ക് നീതി കിട്ടിയെന്ന ബോധ്യമുണ്ടാക്കാനും സാധിക്കുകയില്ല.താല്പര കക്ഷികൾ എത്രയൊക്കെ നേട്ടം കൊയ്തു കഴിഞ്ഞാലും അവരുടെ നഷ്ടം നഷ്ടമായി തന്നെ നിലനിൽക്കും.സഹനത്തിന്റെയും ക്ഷമയുടെയും നെല്ലിപ്പലകക്ക് താഴെയെത്തുമ്പോൾ എങ്കിലും അവർ അതിരൂക്ഷമായി പ്രതികരിച്ചുവെന്നും വരും.അതാണ് ഗൗരി ലങ്കേഷിന്റെ സഹോദരന്റെ കാര്യത്തിൽ കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്.അത് ഗൗരി ലങ്കേഷിന്റെ സഹോദരന്റെ കാര്യം മാത്രമല്ല താനും.അന്തരിച്ച കൽബുർഗിയുടെ മകൻ ശ്രീവിജയ്‌ 2017 ഓഗസ്റ്റ് 30ന് അന്വേഷണത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും, നീതി കിട്ടുമെന്ന തോന്നൽ അവശേഷിക്കുന്നില്ലെന്നും, കുടുംബം പ്രക്ഷോഭ പരിപാടികൾ തുടങ്ങാനുള്ള ആലോചനകളിൽ ആണെന്നും പറഞ്ഞിരുന്നു.അവരും ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനാവില്ല, ബിജെപിക്ക് തന്നെയാവും വോട്ട് ചെയ്തിരിക്കുക എന്നുറപ്പാണ്.

സത്യം ഒരിക്കലും തെളിയാതിരിക്കേണ്ടണ്ടത് വലിയൊരു പ്രചാരണായുധം നഷ്ടപ്പെടരുത് എന്നു മാത്രം ആഗ്രഹിക്കുന്നവരുടെ ആവശ്യമാണ്.ഇരകളുടെ കുടംബാംഗങ്ങളുടെ ആവശ്യം അതല്ലാത്തത് കൊണ്ട് അവരോരുത്തരായി പുറത്തു വന്ന് ബദലുകളാരായുക തന്നെ ചെയ്യും.ഇന്ദ്രജിത് ലങ്കേഷ് ഒരു തുടക്കം മാത്രമാണ്.ശ്രീവിജയ്‌ കൽബുർഗിയും ഹമീദ് ദബോൽക്കറും മേഘാ പൻസാരെയും അതിന്റെ തുടർച്ചകളാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button