പാരീസ്: ലോകത്തെ നടുക്കി ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വീണ്ടും ആക്രമണം. അള്ളാഹു അക്ബര്‍ എന്ന് വിളിച്ച് തെരുവിലൂടെ ഓടിയ ഇരുപതുകാരന് കണ്ണില്‍ കണ്ടവരെയെല്ലാം വെട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഒടുവില്‍ അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. പാരീസിലെ ഒപേര ഡിസ്ട്രിക്ടിലെ ചരിത്രപ്രസിദ്ധമായ ഒപേര ഗാര്‍ണിയര്‍ ഒപേര ഹൗസിനടുത്താണ് ഇന്നലെ രാത്രി ഒമ്പത് മണിക്ക് സംഭവമുണ്ടായത്. താന്‍ കൊല്ലുന്നതിന് മുമ്പ് തന്നെ കൊല്ലാന്‍ ഭീകരന് വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നും പൊലീസ് എത്തുന്നതിന് മുമ്പ് അയാള്‍ കത്തി കൊണ്ട് സ്വയം തൊണ്ടയ്ക്ക് അടിക്കുന്നുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.
പാരീസിലെ ഒട്ടേറെ ബാറുകളും റസ്റ്റോറന്റുകളും സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. വാരാന്ത്യ ദിനമായതിനാല്‍ നിരവധിപേര്‍ തെരുവിലുണ്ടായിരുന്നു. തീവ്രവാദിയെ വെടിവച്ചിട്ട പൊലീസിന്റെ സമയോചിതമായ നടപടിയെ പ്രശംസിച്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍ രംഗത്തെത്തി. ഫ്രാന്‍സ് ഒരിക്കല്‍ കൂടി രക്തച്ചൊരിച്ചിലിന് വില നല്‍കേണ്ടി വന്നിരിക്കുന്നുവെന്നും എന്നാല്‍ ശത്രുക്കള്‍ക്ക് ഒരിഞ്ച് സ്വാതന്ത്ര്യം പോലും ഈ മണ്ണില്‍ നല്‍കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Post Your Comments