തിരുവനന്തപുരം: ഫസല്‍ വധക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി മുന്‍ ഡി വൈ എസ് പി . ഫസലിന്റെ കൊലപാതകത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത നാല് ആര്‍എസ്എസ്സുകാരെ പ്രതികളാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിട്ടയേഡ് എസ് പി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സി പി എം വിളിച്ച പ്രതിഷേധയോഗത്തില്‍ കാരായി രാജനാണ് പ്രതികളെ പ്രഖ്യാപിച്ചത്.
എന്നാല്‍ നിരപരാധികളായ അവരെ താന്‍ വിട്ടയച്ചതോടെ ആഭ്യന്തര മന്ത്രിക്ക് അനഭിമതനാവുകയായിരുന്നുവെന്ന് രാധാകൃഷ്ണന്‍ ഒരു ചാനലിനോട് പറഞ്ഞു. കൊലപാതകത്തിന്റെ പിറ്റേ ദിവസം പിണറായിയിലെ ഒരു മൈതാനത്തില്‍ ഉപേക്ഷിക്കപ്പെട്ട തുണിയിലെ രക്തം ഫസലിന്റേതാണെന്ന് പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ഫസല്‍ കൊല്ലപ്പെടുന്നതിന് മുമ്പും പിമ്പും കാരായി രാജനും കാരായി ചന്ദ്രശേഖരനും തമ്മില്‍ ടെലിഫോണില്‍ തന്നോട് നിരവധി തവണ സംസാരിച്ചിരുന്നു.
തളിപ്പറമ്പില്‍ അനാശാസ്യമാരോപിച്ച് തന്നെ പിടിച്ചതും മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതും സി പി എം നേതാവായ നഗരസഭാ വൈസ് ചെയര്‍മാനായിരുന്നു. ഹൈക്കോടതി റദ്ദാക്കിയ കേസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തന്നെ തേജോവധം ചെയ്യാനാണെന്നും രാധാകൃഷ്ണന്‍ പറയുന്നു. സിപിഎം അനുഭാവിയായിരുന്ന താന്‍ സിപിഎം മൂലം തന്റെ ഔദ്യോഗിക വ്യക്തി ജീവിതം തകര്‍ന്നതിനാല്‍ ഇപ്പോള്‍ പാര്‍ട്ടിയോട് ആഭിമുഖ്യം ഇല്ലാതെയാണ് ജീവിക്കുന്നത് എന്നും പറഞ്ഞു.
Post Your Comments