വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആളുമാറി കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ച സംഭവത്തില്‍ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്‌തു. കേസിന്‌റെ ചുമതലയുള്ള ഐജി എസ്.ശ്രീജിത്തിനെതിരെ കൊല്ലപ്പെട്ട യുവാവിന്‌റെ കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസില്‍ എ.വി ജോര്‍ജ് പ്രതിയാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് സര്‍ക്കാര്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ നടപടിയുമായി എത്തിയത്.
അധികാരത്തില്‍ ഏറി രണ്ടു വര്ഷം പൂര്‍ത്തിയാകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖം മങ്ങുന്ന കാഴ്ചകളാണ് പോലീസ് നടപടികളിലൂടെ നടന്നത്. അത്തരം ചില സന്ദര്‍ഭങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍ വരാപ്പുഴ കസ്‌റ്റഡി മരണക്കേസില്‍ എ.വി. ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി രിക്കുകയാണ്. അതുകൊണ്ട് തന്നെ ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നു. ഈ നടപടിയെ വളരെ ലളിതമായി കാണാന്‍ കഴിയില്ല, കാരണം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് എന്ന ഒരു പ്രശ്നം വലിയ ഒരു കീറാമുട്ടിയായി മുന്നിലുണ്ട്. സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി കസ്റ്റഡിമരണം എതിര്‍ കക്ഷികള്‍ ഉയര്‍ത്തുമ്പോള്‍ ശക്തമായ തീരുമാനങ്ങള്‍ എടുത്ത്, പ്രശ്ന പരിഹാരവുമായി തങ്ങള്‍ കൂടെയുണ്ടെന്ന് അണികളില്‍ ഒരു വിശ്വാസം നിലനിര്‍ത്താനുള്ള ശ്രമമാണ് ഈ നടപടി. ഇനി മറ്റൊന്ന് കേസില്‍ സി.പി.എം. നേതാക്കള്‍ ഇടപെട്ടെന്ന ആരോപണത്തില്‍നിന്നു കൈകഴുകാനുമാണ്.
ഈ കേസില്‍ സി.ബി.ഐ. അന്വേഷണമുണ്ടായാല്‍ ചില സി.പി.എം. നേതാക്കള്‍ കുടുങ്ങുമെന്നതും പാര്‍ട്ടി നേതൃത്വം ആശങ്കപ്പെടുന്നു. കാരണം ശ്രീജിത്തിനെതിരെ മൊഴികൊടുക്കാന്‍ പോലീസ് നിര്‍ബന്ധിച്ചതാനെന്നും അതില്‍ ഒരു പ്രാദേശിക നേതാവിന് പങ്കുണ്ടെന്നതും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. അത്തരം ഒരു സാഹചര്യത്തില്‍ എസ്.പി. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുത്തതിലൂടെ, അന്വേഷണം നേര്‍വഴിക്കാണെന്നു ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നു സര്‍ക്കാര്‍ കരുതുന്നു. വരാപ്പുഴ കസ്‌റ്റഡി മരണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും തിടുക്കത്തിലുള്ള നടപടികള്‍ക്കു കാരണമായി. കേസില്‍ ഇതുവരെ എസ്.പി, സി.ഐ, എസ്.ഐ. എന്നിവരടക്കം ഒമ്ബതു പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്.
എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ രാത്രി പത്തുമണിയോടെ കസ്റ്റഡിയിലെടുത്ത്. ഈ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന കാര്യവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ലോക്കല്‍ പൊലീസ് നിയമപരമായി ചെയ്യേണ്ട കാര്യം എങ്ങനെ എസ്.പിയുടെ സ്‌ക്വാഡു ചെയ്തു എന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ഇതുവരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. ആള് മാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് മനസ്സിലായതോടെ സംഭവസ്ഥലത്തില്ലാത്ത സി.ഐ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കാനാണ് നീക്കം നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഇവരെല്ലാം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. അടുത്ത ജനുവരിയില്‍ ഡി.ഐ.ജിയാവേണ്ട ഓഫീസറാണ് എ.വി.ജോര്‍ജ്. ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ മറ്റ് ഉദ്യോഗസ്ഥരെ മാത്രം കുരുക്കുകയായിരുന്നുവെന്നും ആരോപണം ഉണ്ട്. ഈ സമയത്താണ് ജോര്‍ജ്ജിനെതിരെ റിപ്പോര്‍ട്ട് എത്തിയത്. ഇത് കൂടിയായതോടെ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ജോര്‍ജ്ജിനെതിരെ നടപടി എടുത്തത്.
ALSO READ: പൊട്ടനെ ചെട്ടി ചതിച്ചപ്പോള്‍ ചെട്ടിയെ ദൈവം ചതിച്ചോ?
Post Your Comments