പൊട്ടനെ ചെട്ടി ചതിച്ചപ്പോള്‍ ചെട്ടിയെ ദൈവം ചതിച്ചു എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് അന്വര്‍ത്ഥമാകുകയാണോ ഇപ്പോള്‍ എന്ന് സംശയം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ് പി എ വി ജോര്‍ജിനെ സസ്പെന്റ് ചെയ്തു. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആളുമാറി അറസ്റ്റ് ചെയ്ത ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിലെയ്ക്ക് നീങ്ങുകയാണ്. ഇപ്പോള്‍ കേസിന്‌റെ ചുമതലയുള്ള ഐജി എസ്.ശ്രീജിത്തിനെതിരെ കൊല്ലപ്പെട്ട യുവാവിന്‌റെ കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ സംഭവിച്ചത് നടന്‍ ദിലീപിന്‌റെ ശാപമാണോ എ വി ജോര്‍ജ്ജിനെ പിന്തുടരുന്നത് എന്നാണ് ഏവരുടെയും സംശയം. ദിലീപിനെ ചോദ്യം ചെയ്ത പൊലീസ് ക്ലബില്‍ വച്ചു തന്നെയാണ് ജോര്‍ജിനെയും ചോദ്യം ചെയ്തത്. നാലു മണിക്കൂറായിരുന്നു ജോര്‍ജിനെ ചോദ്യം ചെയ്യാനെടുത്തത്.
കേരളത്തെ ഇളക്കി മറിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് എ വി ജോര്‍ജ്ജ് ആയിരുന്നു. സഹ പ്രവര്‍ത്തകയായ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിയ്ക്ക് നടന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നും ഗൂഡാലോചന നടത്തിയെന്നും കാട്ടി ദിലീപിനെ അറസ്റ്റ് ചെയ്ത ജോര്‍ജ്ജ് ഇപ്പോള്‍ വരാപ്പുഴ സംഭവത്തില്‍ പ്രതിചേര്‍ന്നിരിക്കുകയാണ്. അതിനെ തുടര്‍ന്ന് പല പ്രാവശ്യം ചോദ്യം ചെയ്യപ്പെട്ട ജോര്‍ജ്ജിനു ആദ്യം സ്ഥലമാറ്റം പിന്നീട് സസ്പെന്‍ഷന്‍ എന്നിവ ലഭിച്ചിരിക്കുകയാണ്.
ദിലീപ് കേസില്‍ ആരുടെയോ ഗൂഡാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ദിലീപിനെ മനപ്പൂര്‍വം കുടുക്കുകയും ആയിരുന്നു പോലീസ് എന്ന് വിമര്‍ശനം ഉണ്ടായിരുന്നു. സംഭവത്തില്‍ എ വി ജോര്‍ജ്ജിനു ആദ്യം മുതല്‍ക്കേ ഗൂഡലക്‌ഷ്യം ഉണ്ടായിരുന്നുവെന്നും വിമര്‍ശനം. ഈ കേസിന്റെ വിചാരണ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കേസില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ അതി ശക്തമായി ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരു കേസില്‍ പ്രതി. കൊലകുറ്റത്തിനു ജോര്‍ജ്ജ് അറസ്റ്റിലാകുകയാണെങ്കില്‍ അത് പോലീസിനു തന്നെ നാണക്കേടാണ്. കാരണം അധികാരം; അഹങ്കാരം തുടങ്ങിയവയുടെ ഫലമാണ് എ വി ജോര്‍ജിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അത് തന്നെയാണ് സത്യവും. ഈ കേസില്‍ നിന്നും ജോര്‍ജിനെ സ്ഥലം മാറ്റി സുരക്ഷിതനാക്കാന്‍ ഒരു ശ്രമവും നടന്നു. എന്നാല്‍ ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. കേസില്‍ എ.വി ജോര്‍ജ് പ്രതിയാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ജോര്‍ജ്ജിന്‌റെ ടീമിലുണ്ടായിരുന്നവര്‍ തന്നെയാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നതും. എസ്.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ രാത്രി പത്തുമണിയോടെ കസ്റ്റഡിയിലെടുത്ത്. ഈ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന കാര്യവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ലോക്കല്‍ പൊലീസ് നിയമപരമായി ചെയ്യേണ്ട കാര്യം എങ്ങനെ എസ്.പിയുടെ സ്‌ക്വാഡു ചെയ്തു എന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ഇതുവരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. ആള് മാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് മനസ്സിലായതോടെ സംഭവസ്ഥലത്തില്ലാത്ത സി.ഐ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കാനാണ് നീക്കം നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഇവരെല്ലാം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. അടുത്ത ജനുവരിയില്‍ ഡി.ഐ.ജിയാവേണ്ട ഓഫീസറാണ് എ.വി.ജോര്‍ജ്. ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ മറ്റ് ഉദ്യോഗസ്ഥരെ മാത്രം കുരുക്കുകയായിരുന്നുവെന്നും ആരോപണം ഉണ്ട്. ഈ സമയത്താണ് ജോര്‍ജ്ജിനെതിരെ റിപ്പോര്‍ട്ട് എത്തിയത്. ഇതോടെ ജോര്‍ജ് സസ്പെന്‍ഷനിലും ആയി. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എ.ഡി.ജി.പി ബി.സന്ധ്യയെ അപ്രധാന തസ്തികയിലേക്ക് സര്‍ക്കാര്‍ മാറ്റിയപ്പോഴും പിടിച്ചു നിന്ന ജോര്‍ജ് ഇപ്പോള്‍ ശരിക്കും വെട്ടിലായതായാണ് പൊലീസുകാര്‍ പോലും ചൂണ്ടിക്കാണിക്കുന്നത്. താന്‍ നിരപരാധിയാണ് എന്ന് ജോര്‍ജിന് മുന്നില്‍ അന്ന് തുറന്ന് പറഞ്ഞത് ദിലീപ് ആണെങ്കില്‍ ഇന്ന് ഇക്കാര്യം പറയുന്നത് റൂറല്‍ എസ്.പി തന്നെയാണ്. ദിലീപിനോട് ചെയ്തതിന് ദൈവം നല്‍കിയ ‘അഗ്‌നിപരീക്ഷണം’ ആണ് ഇതെന്നാണ് ദിലീപ് ആരാധകരുടെ പ്രതികരണം.
Post Your Comments