Kerala

സജി ചെറിയാനെതിരായ ആരോപണം സംഘി നുണയോ?

സന്ദീപ്‌ ആര്‍ വചസ്പതി

കോടിക്കണക്കിന് രൂപയുടെ സ്വത്ത് വിവരം മറച്ചു വെച്ചെന്ന് ചൂണ്ടിക്കാട്ടി സജിചെറിയാനെതിരെ ഉയർന്ന ആരോപണം വെറും സംഘിനുണയാണോ?. ഇതിൽ എന്തെങ്കിലും കഴമ്പുണ്ടോ?. വ്യക്തിഹത്യ നടത്താനുള്ള വ്യാജ പ്രചരണമല്ലേയിത്?. ആരോപണം തെറ്റായതു കൊണ്ടല്ലേ സജി ചെറിയാന്‍റെ മൂന്ന് സെറ്റ് പത്രികകളും വരണാധികാരി സ്വീകരിച്ചത്?. തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ ആർക്കും തോന്നാവുന്ന ചില സംശയങ്ങളാണിത്. എന്താണ് ഇതിന്‍റെ സത്യാവസ്ഥ? ചില വസ്തുതകൾ പരിശോധിക്കാം…..

1.സജി ചെറിയാന്‍റെ നേതൃത്വത്തിൽ നടക്കുന്ന ‘കരുണ പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ’ എന്ന സ്ഥാപനത്തിനെതിരെ നടത്തുന്ന ആരോപണം നിരാലംബരായ നൂറു കണക്കിന് രോഗികളോടുള്ള വെല്ലുവിളിയല്ലേ?.

ഉത്തരം:- ഇപ്പോൾ ഉയർന്നിരിക്കുന്ന ഈ ആരോപണത്തിന് ‘കരുണ പെയിൻ ആന്‍റ് പാലിയേറ്റീവ് കെയറു’ മായി ഒരു ബന്ധവുമില്ല. കരുണയുടെ ഭൂമി ഇടപാട് സുതാര്യമായ രീതിയിലാണ്. അതേപ്പറ്റി ആക്ഷേപമില്ല. അതിനാൽ തന്നെ ഇത് കരുണയ്ക്കെതിരായ നീക്കമാണെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. (അനുബന്ധ ചിത്രം1. പരിശോധിക്കുക. കരുണയ്ക്ക് വേണ്ടി വാങ്ങിയ ഭൂമിയുടെ ആധാരം)

saji
ചിത്രം 1

2. പിന്നെ ഏത് സംഘടനയ്ക്ക് വേണ്ടി വാങ്ങിയ വസ്തുവിനെപ്പറ്റിയാണ് ആക്ഷേപം?

ഉത്തരം:- ആലപ്പി റീഹാബിലിറ്റേഷൻ ആന്‍റ് പാലിയേറ്റീവ് സെന്‍റർ എന്ന കടലാസ് സംഘടനയെപ്പറ്റിയാണ് ആക്ഷേപം.

3. പാർട്ടിയ്ക്ക് വേണ്ടി വാങ്ങുന്ന വസ്തുക്കള്‍ അതത് കാലത്തെ ചുമതലക്കാരുടെ പേരിലല്ലേ വാങ്ങുന്നത്?. അത് എങ്ങനെ സ്വകാര്യ സ്വത്താവും?

ഉത്തരം:- ചോദ്യം ന്യായമാണ്. സിപിഎമ്മിന്‍റെ മാത്രമല്ല എല്ലാ പാർട്ടികളുടേയും സ്വത്ത് അപ്രകാരമാണ് കൈകാര്യം ചെയ്യപ്പെടുന്നത്. സിപിഎമ്മിന് വേണ്ടി വാങ്ങിയ സ്വത്തുക്കളുടെ ഉടമസ്ഥത സജി ചെറിയാന് ഉണ്ടാവില്ല.അതു കൊണ്ട് അതൊന്നും സത്യവാങ്മൂലത്തിൽ കാണിക്കേണ്ടതുമില്ല. ഇത്രയും വരെ ശരിയാണ്.

4. പിന്നെന്താണ് ഇവിടെ സംഭവിച്ചത്?.

ഉത്തരം:- പാർട്ടി സ്വത്തുക്കളുടെ വിവരങ്ങൾ സത്യവാങ്മൂലം വഴി വെളിപ്പെടുത്തണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അതേപ്പറ്റി ആക്ഷേപവും ഉന്നയിച്ചിട്ടില്ല. ന്യായീകരണ തൊഴിലാളികളാണ് രണ്ടിനെയും കൂട്ടിക്കുഴച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

4. ആലപ്പി റീഹാബിലിറ്റേഷൻ ആന്‍റ് പാലിയേറ്റീവ് സെന്‍ററിന് (ARPC) വേണ്ടി ‌വാങ്ങിയ ഭൂമിയെപ്പറ്റി എന്താണ് ആക്ഷേപം?.

ഉത്തരം:- 2016 സെപ്തംബർ 19 ന് രൂപീകരിച്ച് ഈ സംഘടനയ്ക്കായി അമ്പലപ്പുഴയിൽ ഭൂമി വാങ്ങിയിരിക്കുന്നത് സജിചെറിയാന്‍റേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റേയും സ്വന്തം പേരിലാണ്. (അനുബന്ധ ചിത്രം 2 പരിശോധിക്കുക. ARPCക്ക് വേണ്ടി ഭൂമി വാങ്ങിയതിന്‍റെ ആധാരം.) ചിത്രം 1 ഉം ചിത്രം 2 ഉം താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ ഇതിലെ തട്ടിപ്പ് മനസ്സിലാകും.

saji02
ചിത്രം 2

ചിത്രം 1 പരിശോധിക്കാം. കരുണയുടെ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത് ‘കരുണ പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ’ ചെങ്ങന്നൂരിന് വേണ്ടി പ്രസിഡന്‍റായ സജിചെറിയാന്‍റേയും സെക്രട്ടറിയായ ജി കൃഷ്ണകുമാറിന്‍റേയും പേർക്കാണ്. വാചകം ശ്രദ്ധിക്കണം. കരുണയ്ക്ക് വേണ്ടി എന്നാണ്. (ബൈലോ അനുസരിച്ച് സജി ചെറിയാൻ കരുണയുടെ ജനറൽ കൺവീനറാണ്. അത് മറ്റൊരു കാര്യം)

ഇനി ചിത്രം 2 പരിശോധിക്കാം. ARPCക്ക് വേണ്ടി ഭൂമി വാങ്ങിയിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റേയും ജില്ലാ സെക്രട്ടറി സജിചെറിയാന്‍റേയും പേരിലാണ്. കോടിയേരി ബാലകൃഷ്ണൻ ARPCയുടെ ഭാരവാഹിയോ അംഗമോ അല്ലെന്ന കാര്യം പരമ പ്രധാനമാണ്. (ചിത്രം 3,4, ARPCയുടെ ഭാരവാഹി പട്ടിക) ഇവിടെ ഭൂമി വാങ്ങിയത് ARPCയ്ക്ക് വേണ്ടി ചെയർമാൻ സജിചെറിയാൻ ജനറൽ കൺവീനർ പി ഗാനകുമാർ എന്നിവരുടെ പേരിലായിരുന്നു എങ്കിൽ ആക്ഷേപത്തിനോ സംശയത്തിനോ ഇടവരില്ലായിരുന്നു.

saji45. പക്ഷേ അവിടെ കോടിയേരി സംസ്ഥാന സെക്രട്ടറി സജിചെറിയാൻ ജില്ലാ സെക്രട്ടറി എന്നൊക്കെ എഴുതിയിട്ടുണ്ടല്ലോ?.

ഉത്തരം:- അത് തട്ടിപ്പിന് മറ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ്. സിപിഎമ്മിന് വേണ്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒപ്പിട്ടു വാങ്ങി എന്ന് പറയുന്നതും കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി ഒപ്പിട്ടു വാങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആധാരം എഴുതുന്നവരോടോ അഭിഭാഷകരോടോ തിരിക്കിയാൽ മനസ്സിലാകുന്ന കാര്യമാണിത്.

6. അപ്പോൾ ARPC കടലാസ് സംഘടനയാണോ?.

ഉത്തരം:- ലഭ്യമായ രേഖകൾ അനുസരിച്ച് അങ്ങനെ മാത്രമേ കരുതാനാകൂ. കാരണം 2016 സെപ്തംബർ 19 ന് 23 അംഗങ്ങൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ARPC. ഒരു മാസത്തിന് ശേഷം 2016 ഒക്ടോബർ 20 ന് 12 അംഗ ആദ്യ ഭരണസമിതി നിലവിൽ വന്നിട്ടുമുണ്ട്. 6 ദിവസത്തിന് ശേഷം അമ്പലപ്പുഴയിൽ 23 സെന്‍റ് വസ്തുവാങ്ങാൻ 15 ലക്ഷം രൂപ അഡ്വാൻസ് നൽകുകയും 2017 നവംബർ 29 ന് വസ്തു രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആധാരത്തിൽ കാണിച്ചിരിക്കുന്ന വില 1,23,50,000 രൂപയാണ്. ആലപ്പുഴ ഗവൺമെന്‍റ് സർവന്‍റ് സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ മൂന്നു ചെക്കുകൾ മുഖാന്തിരമാണ് മുഴുവൻ തുകയും കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. വസ്തു വാങ്ങാൻ ഭരണസമിതി തീരുമാനമെടുത്തതായോ ആരെയെങ്കിലും ചുമതലപ്പെടുത്തിയതായോ ഒരു രേഖയുമില്ലെന്ന് നേരിൽ ബോധ്യപ്പെട്ടിട്ടുണ്ട്. (ഇനി അത്തരമൊരു രേഖ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന കാര്യം ഒരു സത്യമായി നിലനിൽക്കുന്നുമുണ്ട്.)

6. ഇത് കൂടാതെ മറ്റെവിടെയെങ്കിലും നടന്ന ഭൂമി ഇടപാടിനെപ്പറ്റി ആക്ഷേപമുണ്ടോ?.

ഉത്തരം:- ഉണ്ട്. വെൺമണിയിൽ സജിചെറിയാന്‍റേയും കോടിയേരിയുടേയും പേരിൽ 10 ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ട്. അതിൽ 8 എണ്ണത്തേപ്പറ്റിയും ആക്ഷേപമില്ല. കോടുകുളഞ്ഞി കരോട്, വെണ്മണിത്താഴം എന്നിവിടങ്ങളിൽ 2017 മാർച്ച് 30 ന് നടന്ന രണ്ട് ഇടപാടുകൾ വ്യക്തിപരമായ പേരിലാണ്. ഇതേപ്പറ്റിയാണ് ആക്ഷേപം.

7. ഇത്രയും ക്രമക്കേടുകൾ ഉണ്ടായിട്ടും വിവരങ്ങൾ മറച്ചു വെച്ചിട്ടും വരണാധികാരി പത്രിക സ്വീകരിച്ചല്ലോ?.

ഉത്തരം:- അവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നത്. സൂക്ഷ്മപരിശോധനാ വേളയിൽ രേഖകൾ മുഴുവൻ ഹാജരാക്കിയിരുന്നു. മാത്രവുമല്ല എതിർ സത്യവാങ്മൂലവും സമർപ്പിച്ച് പരാതിയും നൽകിയിരുന്നു. ഇത് തീർപ്പാക്കാതെ വരണാധികാരി അദ്ദേഹത്തിന്‍റെ വിവേചനാധികാരം ഉപയോഗിച്ച് പത്രിക സ്വീകരിക്കുകയായിരുന്നു. വ്യാജ സത്യവാങ്മൂലം നൽകിയതിന് നിരവധി എംപിമാരെയും എംഎൽഎമാരേയും കോടതികൾ അയോഗ്യരാക്കിയിട്ടുണ്ടെന്ന വസ്തുതയും അദ്ദേഹം പരിഗണിച്ചില്ല.

8. ഇതെപ്പറ്റി എൻഫോഴ്സ്മെന്‍റ് അന്വേഷിക്കണമെന്ന ബിജെപി ആവശ്യത്തിൽ കഴമ്പുണ്ടോ?.

ഉത്തരം:- ഉണ്ട്. കാരണം 2016 നവംബർ 8 ന് നോട്ട് നിരോധനം നിലവിൽ വന്ന ശേഷമാണ് ഈ ഇടപാട് നടന്നത്. 2016 ഒക്ടോബർ 26 നാണ് അഡ്വാൻസ് നൽകി കരാർ ഉണ്ടാക്കിയത്. അതായത് നോട്ട് നിരോധനത്തിന് ഒരു മാസം മുൻപ്. സാധാരണ കരാർ കാലാവധി പരമാവധി 11 മാസമോ അതിൽ താഴെയോ ആണ്. എന്നാൽ ഇവിടെ മുഴുവൻ പണവും നൽകി ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത് 2017 നവംബർ 29 നാണ്. കരാർ ഉണ്ടാക്കി ഒരു വർഷത്തിന് ശേഷം. പണമിടപാട് നടന്നതാകട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ആലപ്പുഴ ഗവൺമെന്‍റ് സർവന്‍റ് സ് കോ-ഓപ്പറേറ്റീവ് ബാങ്ക് വഴിയും. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ബിജെപിയുടെ വാദം. ഇത് രാഷ്ട്രീയമായി ശരിയാണ്. അതേപ്പറ്റി എൻഫോഴ്സ് മെന്‍റ് അന്വേഷിക്കണമെന്ന് ആവശ്യം ന്യായവും.

ഇപ്പോൾ കാര്യങ്ങൾ ഏകദേശം വ്യക്തമായി കാണും എന്ന് വിശ്വസിക്കുന്നു. നിയമ നിർമ്മാതാവാകാൻ മത്സരിക്കുന്നയാൾ നിയമലംഘനം നടത്തിയാണോ അത് ചെയ്യേണ്ടതെന്ന് ന്യായീകരണ തൊഴിലാളികൾ വ്യക്തമാക്കണം.മടിയിൽ കനമില്ലെങ്കിൽ എന്തിനാണ് ഇതൊക്കെ ഒളിപ്പിക്കുന്നത്?. നാട്ടുകാരെ പറ്റിച്ചും സഹപ്രവര്‍ത്തകരെ വഞ്ചിച്ചും നേടിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വിവരങ്ങൾ പുറത്തു വരുമ്പോൾ ജാള്യത ഉണ്ടാകുമെന്ന് അറിയാം. സാരമില്ല, പക്ഷേ ജനസേവകൻ എന്ന അവകാശ വാദം അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുണ്ട്. ഒപ്പം ന്യായീകരണ തൊഴിലാളികള്‍ക്ക് ഒരു നല്ല നമസ്കാരവും…….

shortlink

Related Articles

Post Your Comments

Related Articles


Back to top button