‘അമ്മ’ എന്ന വാക്കിന് സ്നേഹം എന്നുകൂടി അർഥമുണ്ടെന്ന് ചിലപ്പോൾ തോന്നാറുണ്ട്. കാരണം ഉന്നത പദവിയിൽ എത്തിയിരിക്കുന്ന പലർക്കും പിന്നിൽ അമ്മയുടെ സ്നേഹ സ്പർശനങ്ങളുണ്ടാകും. അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പലർക്കും കൂടുതൽ ഉണ്ടാവുന്നത് കുട്ടിക്കാലത്തായിരിക്കും. ആദ്യമായി സ്കൂളിലേക്ക് പുറപ്പെടുമ്പോൾ വികാര നിർഭരമായി അമ്മയെ ഒരു വട്ടമെങ്കിലും തിരിഞ്ഞു നോക്കാത്തവർ ഉണ്ടാവില്ല.
ഒരുവശത്ത് പുതിയ സ്കൂൾ കിട്ടിയതിന്റെ സന്തോഷം മറുവശത്ത് അമ്മയെ പിരിഞ്ഞതിന്റെ സങ്കടം. ചിലർ കരഞ്ഞും പിഴിഞ്ഞും നാട്ടിലുള്ളവരെ മുഴുവൻ അറിയിച്ചേ സ്കൂളിൽ പോകൂ. ഇനി സ്കൂളിൽ പോയാലും പരിഭ്രമിച്ച് മിണ്ടാതെ ഒതുങ്ങിക്കൂടുന്നവരാകും മിക്കവരും. എന്നാല്‍ തിരികെ വീട്ടിലെത്തി അമ്മയുടെ പുഞ്ചിരിച്ച മുഖം കാണുമ്പോൾ ദീർഘ നിശ്വാസം വിടുന്നവരാണ് നമുക്കിടയിൽ ഏറെയും.
ബാല്യത്തിലെ കുറുമ്പുകളും കൗമാരത്തിലെ പ്രണയവും യൗവ്വനത്തിലെ ഉത്തരവാദിത്വങ്ങളും സൂക്ഷ്മതയോടെ നോക്കികണ്ടവരാണ് അമ്മമാർ. മക്കളുടെ ചെറിയ സങ്കടങ്ങളും സന്തോഷങ്ങളും സ്വന്തം വികാരങ്ങളാക്കി മാറ്റാനുള്ള കഴിവ് അമ്മ എന്ന വ്യക്തിക്ക് മാത്രമാണ് ഉള്ളത്.
വിശന്നു തളർന്നിരിക്കുമ്പോൾ അമ്മയുടെ കൈയിൽ നിന്ന് കിട്ടുന്ന പച്ചവെള്ളം പായസം പോലെ കഴിക്കുന്ന ചിലരെ നമുക്കു ചുറ്റും കാണാറുണ്ട്. എപ്പോഴും അമ്മ കൂടെ വേണമെന്ന് ആശിക്കുന്നവർ പിന്നീടെപ്പൊഴോ അമ്മയെ ഭാരമായി കാണുന്നത് എന്താണ്?
മക്കളുടെ വിവാഹത്തിന് ശേഷം അധികപ്പറ്റുകൾ എന്ന ചിന്ത മാതാപിതാക്കൾക്ക് തോന്നാതിരിക്കുന്നുണ്ടെങ്കിൽ അവരാണ് യഥാർത്ഥ മക്കൾ. ജനിച്ചതുമുതൽ നമ്മെ സ്നേഹിക്കുന്ന അമ്മമാർക്ക് ആവശ്യം കുറേയധികം പണമോ സ്വർണമോ ഒന്നുമായിരിക്കില്ല പകരം മക്കളുടെ പുഞ്ചിരിച്ചുകൊണ്ടുള്ള ഒരു നോട്ടമായിരിക്കും അതിനുമപ്പുറം മക്കളുടെ സ്നേഹമായിരിക്കും. ഇത് മനസിലാക്കി പെരുമാറുന്നവർ ഈ ലോകത്തിലെ വിജയികളായിരിക്കും എന്നതാണ് ലോകം അംഗീകരിക്കുന്ന ഒരു സത്യം.
Post Your Comments