ചെങ്ങന്നൂര്‍: കെകെ രാമചന്ദ്രന്‍ നായര്‍ മരിച്ച ഒഴിവില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വൈകിയപ്പോള്‍ ബിജെപി നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നാരോപിച്ച എല്‍ ഡി എഫ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. സ്പെഷ്യല്‍ സ്‌ക്വാഡ് അടക്കമുള്ള സംവിധാനങ്ങള്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.
ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയുടെ വാഹനം ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊല്ലകടവിന് സമീപം വച്ച് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് തടഞ്ഞു നിര്‍ത്തി. പരിശോധനയില്‍ വാഹനത്തിനുള്ളില്‍ നിന്ന് 25,000 രൂപയും പിടികൂടി. ഇത് വലിയ വിഷയമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നതിനിടെ സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ള ഇടപെട്ടു. താനീ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പ് നിയമം അനുശാസിക്കുന്നത് അനുസരിച്ച് തനിക്ക് 25,000 രൂപ കൈയില്‍ വയ്ക്കാനുള്ള അധികാരമുണ്ട്.
നിങ്ങള്‍ക്ക് ഈ പണം പിടിച്ചെടുക്കാം. രസീത് നല്‍കണം. പിന്നെ കോടതി കയറാനും തയാറായിക്കൊള്ളാന്‍ പിള്ള പറഞ്ഞു. സുപ്രീംകോടതിയില്‍ അടക്കം നിരവധി തെരഞ്ഞെടുപ്പ് കേസുകള്‍ നടത്തി വിജയം കണ്ട പിള്ള നിയമവശങ്ങള്‍ നിരത്തി ആഞ്ഞടിച്ചതോടെ ഉദ്യോഗസ്ഥര്‍ പണം തിരികെ നല്‍കി തലയൂരുകയായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവേളയിലും ഉദ്യോഗസ്ഥര്‍ എല്‍ഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നത് പരാതിക്ക് ഇടനല്‍കിയിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ള പത്രിക നല്‍കാന്‍ എത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥി അടക്കം അഞ്ചു പേരെ മാത്രമാണ് ഉള്ളിലേക്ക് കടത്തി വിട്ടത്. നോമിനേഷനൊപ്പം ചേര്‍ക്കാനുള്ള ഫോമുമായി രണ്ടാമത് അകത്തേക്ക് പോകാന്‍ ഒരുങ്ങിയ ബിജെപി നേതാവിനെ പൊലീസ് തടഞ്ഞു. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് ഇയാളെ കടത്തി വിട്ടത്. അഞ്ചിലധികം ആള്‍ക്കാര്‍ വരണാധികാരിക്ക് മുന്നിലേക്ക് ചെല്ലുന്നത് ചട്ടലംഘനമാണെന്നായിരുന്നു ആര്‍ഡിഓയുടെ നിലപാട്.
എന്നാല്‍, വരണാധികാരി കൂടിയായ ആര്‍ഡിഒ ഇന്നലെ ഇതേ നിലപാട് തിരുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനൊപ്പം 25 പേരാണ് പത്രികാ സമര്‍പ്പണത്തിന് ആര്‍ഡിഓയുടെ ചേംബറില്‍ എത്തിയതെന്നാണ് പരാതി. ഈ വിഷയങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെട്ടിരിക്കുകയാണ് ബിജെപി. ഇതോടെ കമ്മീഷന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള ചര്‍ച്ചയും സജീവമാകുകയാണ്.
Post Your Comments