ശിവാനി ശേഖര്‍
ഋതുരാജനായ വസന്തം തുന്നിയ പൂഞ്ചേലയുടുത്ത് നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങി നില്ക്കുന്ന ബ്രഹ്മഗിരിക്കുന്നുകൾ!!
“കമ്പമല, കരിമല, വരഡിഗ” എന്നീ മലനിരകൾ കാവലായി ബ്രഹ്മഗിരിക്കാടുകൾക്ക് നടുവിൽ വാനരന്മാർ സ്വൈര്യവിഹാരം നടത്തുന്ന തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രം!.. നൂറ്റാണ്ടുകളുടെ പൈതൃകം പേറി ഇന്നും സന്ദർശകരെ ആകർഷിക്കുന്ന തിരുനെല്ലി ക്ഷേത്രത്തിലെ മഹാവിഷ്ണു പ്രതിഷ്ഠ നടത്തിയത് ഉലകസൃഷ്ടാവ് “ബ്രഹ്മാവ്” ആണെന്നു വിശ്വസിക്കുന്നു! ബ്രഹ്മാവിന്റെ സാന്നിധ്യമുള്ളത് കൊണ്ടാണ് വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ഈ മലനിരകൾക്ക് “ബ്രഹ്മഗിരി” എന്ന പേര് ലഭിച്ചത്!! നീലഗിരി ബയോ റിസർവിന്റെ ഭാഗം കൂടിയാണ് തിരുനെല്ലി!!
ജന്മാന്തരങ്ങളായി തീരാത്ത ദുരിതങ്ങളിൽ നിന്നും ശാപമോക്ഷം നേടാൻ, പൂർവികരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ, പിതൃതർപ്പണത്തിനായി നിരവധിയാളുകൾ തിരുനെല്ലിയിൽ വന്ന് പോകുന്നുണ്ട്! സ്വയംഭൂവായ ശ്രീ മഹാദേവ പ്രതിഷ്ഠയുള്ള””തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിൽ പരമേശ്വരനെ വന്ദിച്ചു വേണം തിരുനെല്ലിയിലേക്കുള്ള യാത്ര തുടരാൻ! പരമ്പരാഗത ആചാരപ്രകാരം തൃശ്ശിലേരി, ശിവസന്നിധിയിൽ വിളക്ക് വെച്ചതിനു ശേഷമേ പാപനാശിനിയിൽ തർപ്പണം നടത്താവൂ !
കല്പടവുകൾ കയറി , തിരുനെല്ലി ക്ഷേത്രത്തിലേക്കെത്തുമ്പോൾ എങ്ങു നിന്നോ തണുത്ത കാറ്റ് വന്ന് പൊതിഞ്ഞു!! തണുത്ത കാറ്റിനൊപ്പം അവിടെയാകെ ചെമ്പകപ്പൂമണം ഒഴുകിയെത്തി! വസന്തം അതിന്റെ പൂർണ്ണതയിലെത്തി എന്നോർമ്മിപ്പിക്കുമ്പോൾ അവിടെമാകെ സുഗന്ധം പൊഴിച്ച ചെമ്പകത്തിനെ ഒരു നോക്കു കാണാൻ മനസ്സാഗ്രഹിക്കും!! വനാന്തരങ്ങളുടെ സുഖശീതളിമയിൽ, പിടി തരാത്ത ചെമ്പകം ഊറിച്ചിരിക്കുകയാകുമപ്പോൾ!!
ചതുർഭുജ സങ്കല്പത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്!മറ്റു ക്ഷേത്രങ്ങളിലേത് പോലെ ബലിക്കല്ല് നടയ്ക്കു നേരെയല്ല സ്ഥാപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്!””പിതൃപൂജ,ആയു:ഷ്ക്കാല പൂജ, തൊട്ടിൽകുഞ്ഞ് , എന്നിങ്ങനെയുള പ്രത്യേക പൂജകളും, നിത്യപൂജകളും ഇവിടെയുണ്ട്! നിത്യേന അഭിഷേകം കഴിഞ്ഞാണ് ഇവിടെ പിതൃപൂജ നടത്തുന്നത്! അനപത്യദു:ഖം അനുഭവിക്കുന്നവർ പാപനാശിനിയിൽ സന്തതിതർപ്പണം നടത്തി ഭഗവാന് നെയ്‌വിളക്ക് സമർപ്പിക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ച്ചയാണ്!” “തുലാം മാസത്തിലെ തിരുവോണ നാളിലെ പുത്തരിയുത്സവം,വിഷുക്കണി കാണൽ, ശിവരാത്രി നവരാത്രി എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ”” പുത്തരിയുത്സവത്തിന് “കതിർപൂജയും,പ്രസാദമൂട്ടും പ്രത്യേകതയാണ്! തൊട്ടടുത്ത് തന്നെ”ഗുണ്ഡിക” എന്ന പേരിൽ ശിവക്ഷേത്രവും ഉള്ളതിനാൽ ത്രിമൂർത്തി സംഗമസ്ഥാനമായിട്ടാണ് കരുതിപ്പോരുന്നത്!30 കരിങ്കൽ തൂണുകൾ താങ്ങി നിർത്തുന്ന പരിപാവനമായ തിരുനെല്ലി ക്ഷേത്രം ,”സഹ്യക്ഷേത്രം,ആമലക ക്ഷേത്രം” എന്നീ പേരുകളിലും അറിയപ്പെടുന്നു! “ആമലകം അഥവാ നെല്ലി ധാരാളമായി കാണപ്പെടുന്നത് കൊണ്ടാണ് ഈ പേര് കൈവന്നത്!
ബ്രഹ്മഗിരിയുടെ നെറുകയിൽ നിന്ന് ഉത്ഭവിക്കുന്ന പുണ്യതീർത്ഥമാണ് പാപനാശിനി എന്ന അരുവിയായിത്തീരുന്നത്! “സപ്തതീർത്ഥങ്ങളിൽ (പാപനാശിനി, ഋണമോചിനി, ഗുണ്ഡിക, സതവിന്ദു, സഹസ്രവിന്ദു, വരാഹം) എന്നിവയിൽ ഏറ്റവും പവിത്രമായി കരുതുന്നത് പാപനാശിനിയെയാണ്”!സകല പാപങ്ങളെയും ,സകലരോഗങ്ങളെയും ഇല്ലാതാക്കാനുള്ള അത്യപൂർവ്വ ശേഷിയുണ്ടത്രേ പാപനാശിനിക്ക്! ബ്രഹ്മാവിന്റെ പ്രതിഷ്ഠയിൽ സന്തുഷ്ടനായ മഹാവിഷ്ണുവാണ് ഈ അരുവിയിലെ ജലം പുണ്യതീർത്ഥമാക്കി മാറ്റിയതെന്ന് പറയപ്പെടുന്നു! പാപനാശിനിയിൽ നിന്നും കല്പാത്തി വഴിയാണ് ക്ഷേത്രത്തിലേക്കാവശ്യമായ ജലം എത്തിക്കുന്നത്! പണ്ടൊരിക്കൽ ചിറയ്ക്കൽ കൊട്ടാരത്തിലെ ഒരു തമ്പുരാട്ടി ക്ഷേത്രദർശനത്തിനായി ഇവിടെ എത്തിയപ്പോൾ ചന്ദനം ചാലിച്ചു കൊടുക്കാൻ ജലമില്ലാതെ വരികയും,അപ്പോൾത്തന്നെ തമ്പുരാട്ടിയുടെ കല്പനപ്രകാരം ഈ കല്പാത്തിയുടെ പണി തുടങ്ങുകയും ജലദൗർലഭ്യത്തിന് പരിഹാരം കാണുകയും ചെയ്തു! ആ കല്പാത്തി ഇന്നും ക്ഷേത്രത്തിലേക്ക് ആവശ്യമായ ജലമെത്തിക്കുന്നു!!
ഭാസ്ക്കര രവിവർമ്മൻ എന്ന ചേരവംശ രാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം പ്രശസ്തമാകുന്നത്! ക്ഷേത്രത്തിൽ വലം വച്ച് കരിങ്കൽപ്പടവുകളിറങ്ങി ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചെത്തുന്നത് പാപനാശിനിയിലേക്കാണ്! കുളിരോളങ്ങൾ അടിമുടി തണുപ്പ് കോരിയിട്ട് ഇക്കിളിപ്പെടുത്തുന്നു! പാപനാശിനിയിലെ “പിണ്ഡപ്പാറ”എന്ന പാറയുടെ മുകളിലാണ് പിതൃക്കൾക്കായുള്ള ബലിച്ചോറ് പ്രാർത്ഥനാനിരതരായ ഭക്തർ സമർപ്പിക്കുന്നത്!”പാഷാണഭേദൻ” എന്ന ദുഷ്ടനായ അസുരനെ മഹിവിഷ്ണു നിഗ്രഹിക്കാനൊരുങ്ങിയപ്പോൾ ,കാൽക്കൽ വീണപേക്ഷിച്ച അസുരനെ പുണ്യശിലയായി മാറ്റിയതാണെന്നാണ് വിശ്വാസം! “ഗയയിൽ ശിരസ്സും,ഗോദാവരിയിൽ ഉടലും,തിരുനെല്ലിയിൽ പാദങ്ങളുമായി വലിയൊരു ശിലയായി മാറി പാഷാണഭേദൻ”!
ക്ഷേത്രത്തിന് തൊട്ടടുത്തായി”പദ്മതീർത്ഥക്കുളം”കുളത്തിന് നടുവിലായി”ശ്രീപാദ മുദ്രയുള്ള ഒരു പാറയുണ്ട്! ശംഖ് ചക്ര ഗദാപദ്മവും അടയാളപ്പെടുത്തിയിട്ടുണ്ട്! “”പദ്മപുരാണത്തിൽ അഞ്ചു തീർത്ഥങ്ങളുടെ (പഞ്ചതീർത്ഥം, ശംഖതീർത്ഥം, ഗദാതീർത്ഥം, പദ്മതീർത്ഥം, ശ്രീപാദതീർത്ഥം) സംഗമസ്ഥാനമായിട്ടാണ് ഈ കുളത്തെ പ്രതിപാദിക്കുന്നത്! അതിശോഭനമായ ഈ കുളത്തിലേക്ക് ജലമൊഴുക്കുന്നത് പാപനാശിനിയാണ്! പക്ഷിപ്പാതാളത്തിൽ നിന്ന് ( ഗരുഢൻ അമൃത് സൂക്ഷിച്ചു എന്നു കരുതുന്ന സ്ഥലം) അമൃതകണങ്ങൾ പാപനാശിനിയിലേക്ക് ഒഴുകിയെത്തുവെന്നാണ് സങ്കല്പം!! പക്ഷിപാതാളത്തിലെ “ഗരുഢൻപാറ”(ഗരുഢൻ വിശ്രമിച്ച സ്ഥലം) യിൽ നിന്ന് കന്മദം ഒഴുകാറുണ്ട്! ആദിവാസികൾ പലവിധ ഔഷധങ്ങൾക്കായി കന്മദം ഊറ്റിയെടുക്കാറുണ്ട്!
തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തായി പണി പൂർത്തിയാകാത്ത “വിളക്കുമാടം” എന്ന നാട്യ മണ്ഡപവുമുണ്ട്! ഉപയോഗശൂന്യമായ ഈ കരിങ്കൽ മണ്ഡപം അന്നത്തെ നാടുവാഴികളുടെ തർക്കങ്ങൾ മൂലമാണ് പണി പൂർത്തിയാകാതെ പോയത്!! തിരുനെല്ലിയിലെത്തുന്ന തീർത്ഥാടകർക്കായി സർക്കാർ പണി കഴിപ്പിച്ച ഡോർമെട്രിയുടെ സ്ഥിതിയും വ്യത്യസ്തമല്ല!
ഭീമമായ തുക ചിലവഴിച്ചു പണിത ഡോർമെട്രി ഇന്ന് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷനും തിരുനെല്ലി പഞ്ചായത്തും തമ്മിലുള്ള തർക്കത്തെത്തുടർന്ന് നാശത്തിന്റെ വക്കിലാണ്!! എന്തായാലും ഒരു കാലത്ത് നക്സൽ പ്രസ്ഥാനത്തിന്റെ ആവാസകേന്ദ്രമായിരുന്ന തിരുനെല്ലിക്കാടുകൾ, മുളങ്കൂട്ടങ്ങൾ പൊഴിക്കുന്ന സംഗീതത്തിലലിഞ്ഞ് ,സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും!!
Post Your Comments