ബെംഗളൂരു: മുധോള്‍ ഹൗണ്ട്‌സില്‍ നിന്നെങ്കിലും രാഹുല്‍ഗാന്ധി ദേശസ്‌നേഹം പഠിക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ വന്ദേമാതരം വെട്ടിച്ചുരുക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് രാഹുലിന് നിര്‍ദേശവുമായി മോദി രംഗത്തെത്തിയത്. വന്ദേമാതരം ചൊല്ലിത്തീര്‍ക്കാന്‍ പോലും ക്ഷമ കാട്ടാത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ‘മുധോള്‍ നായ്ക്കളി’ല്‍(മുധോള്‍ ഹൗണ്ട്സ്)നിന്ന് ദേശസ്നേഹം പഠിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്.
ബി.ജെ.പി.യുടെ രാഷ്ട്രവികസനം ദേശസ്നേഹത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ കോണ്‍ഗ്രസിന് ദേശീയഗീതത്തോടുപോലും ബഹുമാനമില്ലെന്നും വന്ദേമാതരം പോലുള്ള ഗീതങ്ങളോടുള്ള അനാദരം തുടങ്ങിയതോടെയാണ് കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ണാടകത്തിലെ ബാഗല്‍കോട്ടിലുള്ള മുധോള്‍ ഗ്രാമത്തില്‍നിന്നുള്ളവയാണ് മുധോള്‍ ഹൗണ്ട്സ്. ഇത്തരം ആറു നായ്ക്കളെ മീററ്റില്‍ സൈന്യത്തിന്റെ റീമൗണ്ട് ആന്‍ഡ് വെറ്ററിനറി കോറില്‍ പരിശീലിപ്പിച്ച് കശ്മീര്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തില്‍ സ്ഥാനം പിടിക്കുന്ന ആദ്യത്തെ പൂര്‍ണ ഇന്ത്യന്‍ ഇനമാണ് മുധോള്‍ ഹൗണ്ട്സ്.
അനുസരണയുടെയും ക്ഷമയുടെയും കാര്യത്തില്‍ മുന്നിലാണ് ഈ നായ്ക്കള്‍. ഇവയെ കണ്ടുപഠിക്കാനാണ് മോദി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ വന്ദേമാതരം വെട്ടിച്ചുരുക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തെ പരിഹസിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. ബാഗല്‍കോട്ടില്‍ നടന്ന ബി.ജെ.പി. റാലിയിലാണ് രാഹുലിനെ കുറ്റപ്പെടുത്തിയത്.
Post Your Comments