Latest NewsArticlePen VishayamWriters' Corner

മഴയോർമ്മകളിൽ കുട പിടിച്ചൊരു ബാല്യം

ശിവാനി ശേഖര്‍

മഴയൊരുക്കത്തിന് മുൻപുള്ള പ്രകൃതിക്ക് ഒരുന്മാദഭാവമാണ്. സകല ചരാചരങ്ങളെയും തന്റെ കൈപ്പിടിയിലൊതുക്കി നനച്ചു നിർത്താനുള്ള ആവേശം! മേഘങ്ങൾ കറുപ്പണിഞ്ഞ് പെയ്യാൻ വെമ്പി നില്ക്കുന്നു!

പതിയെ മഴനൂലുകൾ മണ്ണിലേക്കൂർന്നിറങ്ങി. ചൂടുകാപ്പിയുടെ രസക്കൂട്ടിലേക്ക് പുതുമഴയുടെ മാദകഗന്ധം ഒഴുകിപ്പരന്നു. മനസ്സിലെവിടെയോ ഉറങ്ങിക്കിടന്ന കുട്ടിക്കാലം മഴയ്ക്കൊപ്പം കുട പിടിച്ചെത്തി. കൊഴിഞ്ഞു പോയ നല്ല നാളുകളുടെ കൈവിരൽത്തുമ്പു പിടിച്ച് കൊച്ചുകുട്ടിയുടെ ലാഘവത്തോടെ ഇന്നലെകളുടെ ഇടനാഴികളിലേക്ക് ഓടിക്കയറി.

അവിടെയൊരു പട്ടുപാവാടക്കാരി ഉമ്മറക്കോലായിൽ ഇടവപ്പാതിയോട് കിന്നാരം ചൊല്ലിയിരിപ്പുണ്ട്. തൂവാനത്തുള്ളികൾ തട്ടിത്തെറിപ്പിച്ച് മഴയും ഇടയ്ക്കിടെ അവളെ ഇക്കിളിയാക്കുന്നുണ്ട് . രണ്ടിനും ഒരേ പ്രായമാണെന്നു തോന്നും! ഹേമന്ദം പടിയിറങ്ങുമ്പോൾ വിരുന്നെത്തുന്ന വർഷകാലത്തെ അവൾക്കേറെയിഷ്ടമായിരുന്നു. രാത്രികാലങ്ങളിലെ മഴയ്ക്ക് പ്രത്യേക താളമാണ്!! ആ വർഷരാഗത്തിൽ ലയിച്ച് കമ്പിളിക്കുള്ളിൽ ചുരുണ്ടു കൂടുമ്പോൾ ഇടയ്ക്കിടെ പെരുമ്പറ കൊട്ടി മേഘങ്ങൾ പേടിപ്പെടുത്തിയിരുന്നു. തുള്ളിക്കൊരു കുടം പോലെ പെയ്തു തിമിർത്ത് വസുധയെ തണുപ്പിച്ചു മടങ്ങുന്ന മഴയുടെ സൗന്ദര്യം എത്ര കണ്ടാലും മതി വരില്ലായിരുന്നു.

പുലരിയുടെ തലോടലിൽ ഉറക്കമുണർന്ന് , പലഹാരം മണക്കുന്ന വടക്കിനിയിലൂടെ പുറത്തേക്കിറങ്ങുമ്പോൾ പടിഞ്ഞാറു നിന്നൊരു കാറ്റ് വന്ന് പൊതിയാറുണ്ടായിരുന്നു. കുളക്കടവിലേക്കുള്ള വഴിയിൽ പേരറിയാ മരങ്ങളിലുടെ നീർത്തുള്ളികൾ പെയ്തു കൊണ്ടേയിരുന്നു! ഏതെങ്കിലും ഒരു ചെറിയ മരം പിടിച്ച് കുലുക്കുമ്പോൾ മഴ നനഞ്ഞ സുഖം!

കുളിരുന്ന വെള്ളത്തിൽ ആദ്യം തൊടാനറച്ച് ,പിന്നെ ഏതോ ധൈര്യത്തിൽ, കീർത്തനങ്ങളുരുവിട്ട് കുളത്തിലേക്ക് ഒറ്റ മുങ്ങലാണ്! പല്ലു കൂട്ടിയിടിച്ചിട്ട് ചുണ്ടുകളെ സംസാരിക്കാൻ അനുവദിച്ചിരുന്നില്ല! ശേഷം ഈറൻ മാറി ഉടുത്തൊരുങ്ങി ക്ഷേത്രത്തിലേക്കൊരു പാച്ചിലാണ്! ദേവിയ്ക്ക് പുഷ്പാഞ്ജലിയുമായി കൂടെയെത്തുന്ന ഇളവെയിൽ വഴിനീളെ, തൊട്ടുരുമ്മി നില്ക്കുന്ന,മലയാര്യൻ ചേമ്പിൽ നീർപ്പളുങ്കുകൾ കോർത്തു വെക്കാറുണ്ട്! കുഞ്ഞുപുല്നാമ്പുകളെ വജ്രമുക്കുത്തിയണിയിച്ച് സുന്ദരിയാക്കാറുണ്ട്!

ചുറ്റമ്പലത്തിലെ പ്രദക്ഷിണവഴിയിലുടനീളം വെളുപ്പും ചോപ്പുമണിഞ്ഞ ചെമ്പകപ്പൂക്കൾ വീണു കിടക്കുന്നു! രാത്രിയിൽ മഴയുടെ കൈപിടിച്ചെത്തിയ കാറ്റ് ചെമ്പകപ്പൂക്കളാൽ ശയനപ്രദക്ഷിണം നടത്തിയതാണ്! ആൽത്തറവിളക്കിലെ തിരി കൊളുത്താനും സമ്മതിക്കാറില്ല കള്ളക്കാറ്റ്!!!

ചിലപ്പോഴൊക്കെ പെയ്തൊഴിഞ്ഞ തുള്ളികളുടെ കുളിരു മായുംമുമ്പേ അതിവേഗം തിരിച്ചെത്താറുണ്ട് മഴപ്പെണ്ണ്! ഈറൻ മണക്കുന്ന തുണികൾ വെയില് കായാനിറങ്ങിയത് കണ്ടാണ് കുറുമ്പത്തി തിരിച്ചെത്തിയത്! വീണ്ടും അവറ്റകൾക്ക് അകായിൽത്തന്നെ വിശ്രമം! നാലകമുറ്റത്തെ തുളസിത്തറയിൽ തീർത്ഥം തളിച്ച്,പടിപ്പുരയ്ക്കപ്പുറമിരുന്ന് ചിറകു തോർത്തുന്ന വയൽക്കിളിയെ നോക്കി കണ്ണിറുക്കി അകലെയുള്ള കുന്നിലേക്ക്  പെയ്തൊഴിയുന്നു!

പോക്കുവെയിൽ സായന്തനച്ചോപ്പിലേക്ക് ചേക്കാറാനൊരുങ്ങുമ്പോൾ അകത്തള ങ്ങളിൽ ചന്ദനഗന്ധം നിറച്ച് മച്ചകത്തെ ഭഗവതി രാമനാമജപത്തിനായി കാതോർക്കു മ്പോൾ ,അമ്പലമുറ്റത്തെ കൽവിളക്കിലെ ദീപനാളങ്ങൾ കരിന്തിരി എരിയാതി രിക്കാൻ കൈകുടഞ്ഞ് തിരി കെടുത്തി പോവാറുണ്ട് മഴ!! ത്രിസന്ധ്യയായാൽ (അശുദ്ധമായാലും)അടച്ചിട്ടിരിക്കുന്ന അറയുടെ അടുത്തേയ്ക്ക് പോകരുതെന്നുള്ള ഉഗ്രശാസനയെ മറികടന്ന് അറപ്പുരയുടെ പടിഞ്ഞാറേക്കോണിലെ ചാരുപടിയിൽ ചെന്നിരിക്കാറുണ്ടായിരുന്നു! അവിടെയിരുന്നു കാണുമ്പോഴാണ് മഴയ്ക്ക് ഒരതീന്ദ്രിയ ശക്തിയുണ്ടെന്ന് അവൾക്ക് തോന്നാറ്! മഴയുടെ ആരവങ്ങൾക്കിടയിലൂടെ സീൽക്കാരത്തോടെയൊരു കാറ്റ് അവളെ പിടിച്ചുലച്ച് അറയിലേക്ക് മടങ്ങിയത് ചിലപ്പോഴെങ്കിലും പേടിപ്പെടുത്തിയിട്ടുണ്ട്! മഴയുടെ ശക്തിയ്ക്കൊപ്പം അവളെയും ആരോ അറയുടെ ഉള്ളിലേക്ക് ആവാഹിക്കും പോലെ! വർത്തമാനകാലത്തിലും ആ ഓർമ്മകളിൽ അവളൊന്നു പിടഞ്ഞുണരാറുണ്ട്!!

shortlink

Related Articles

Post Your Comments


Back to top button