KeralaLatest News

ഭാര്യമാരെ വില്ക്കാനുണ്ട്! – ഭാരതത്തില്‍ ഇപ്പോഴും അരങ്ങേറുന്ന മനുഷ്യത്വരഹിതമായ ഒരു ചടങ്ങിനെക്കുറിച്ച് ശിവാനി ശേഖര്‍ എഴുതുന്നു

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അരങ്ങേറുന്ന മനുഷ്യത്വരഹിതമായ ഒരു ചടങ്ങിലേയ്ക്കാണ് ഈ ലേഖനം വിരൽ ചൂണ്ടുന്നത്.

ശിവാനി ശേഖര്‍

തലക്കെട്ട് വായിച്ചിട്ട് അതിശയം തോന്നുന്നുണ്ടോ?സംശയിക്കണ്ട, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും,ചുംബനസമരത്തിനും,രാഷ്ട്രീയ മുതലെടുപ്പിനും സ്ത്രീസമത്വത്തിനും മുറവിളി കൂട്ടുന്നവർ,അറിയാതെ പോകുന്ന അല്ലെങ്കിൽ അറിഞ്ഞില്ലെന്ന നടിക്കുന്ന അഭിനവ (സ്വതന്ത്ര?) ഭാരതത്തിൽ ,ഏറ്റവും നീചവും ഹീനവുമായി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അരങ്ങേറുന്ന മനുഷ്യത്വരഹിതമായ ഒരു ചടങ്ങിലേയ്ക്കാണ് ഈ ലേഖനം വിരൽ ചൂണ്ടുന്നത്. പണവും പ്രതാപവും സമൂഹത്തിൽ എന്തും വെട്ടിപ്പിടിക്കാനുള്ള അളവുകോലുകളാകുമ്പോൾ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ ഗ്രാമങ്ങളിൽ അത് അടിമക്കച്ചവടത്തിന്റെ വമ്പൻസാധ്യതകളാകുന്നു. ഹരിയാന,യു.പി,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ആത്മാവ് നഷ്ടപ്പെട്ട കുറച്ച് സ്ത്രീജീവിതങ്ങൾ പുറംലോകമറിയാതെ ജീവിക്കുന്നുണ്ട്.സമൂഹം കല്പിച്ചു നല്കിയ അടിമജീവിതത്തിൽ വില്പനച്ചരക്കായി പല പുരുഷൻമാരുടെ ഭാര്യാവേഷമഭിനയിച്ച് ജീവിക്കാൻ വിധിക്കപ്പെട്ടവർ.””പാറോ”അഥവാ “”മോല്കി””എന്നാണിവർ അറിയുപ്പെടുന്നത്! മനുഷ്യക്കടത്തിന്റെ അധികമാരുമറിയാത്ത ഇരകൾ.ഹരിയാനയിലെ “മേവാത്,സോനിപത്,പാനിപത്,ഗുർജർ ഗാവ് എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ “പാറോ”കൾ ഉള്ളത്.ഓരോ പതിനായിരം വീടുകളെത്താൽ അതിൽ ഒൻപതിനായിരം വീടുകളിലും ഇവരുണ്ട്.നാഷണൽ ക്രൈം ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പെൺകുട്ടികളെ കടത്തിക്കൊണ്ടു വന്നിരിക്കുന്നത് ഈ മേഖലയിലേയ്ക്കാണ്.

ഉത്തരേന്ത്യക്കാർ “പാറോ അഥവാ “മോല്കി”എന്ന വാക്ക് ഉപയോഗിക്കുന്നത് അപമാനകരമായി കരുതുന്നവരാണ്.കാരണം അങ്ങേയറ്റം നീചമായ അവസ്ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ട ആൾക്കാരുടെ പേര് പറയുന്നത് തന്നെ അഭിമാനമുള്ളവർക്ക് അറപ്പാണല്ലോ!”വിലയ്ക്കു വാങ്ങിയവൾ”(arrested),അല്ലെങ്കിൽ ആഞ്ജാനുവർത്തി”എന്നാണ് മോല്കി എന്ന വാക്കിന്റെ അർത്ഥം.ആസ്സാം,ജാർക്കണ്ഡ്,ഒറീസ്സ,പശ്ചിമബംഗാൾ ചിലപ്പോൾ അതിർത്തികൾപ്പുറത്ത് നിന്ന് ചെറിയ പെൺകുട്ടികളെ വീട്ടുകാരുടെ പരിപൂർണ്ണ സമ്മതത്തോടെ വിലയ്ക്കു വാങ്ങി പ്രധാനമായും ഹരിയാനയുടെ ഉൾനാടൻ ഗ്രാമങ്ങളിലെ പെണ്ണുകിട്ടാത്ത പ്രായം ഇരട്ടിയായ പുരുഷകേസരികൾക്ക് പലവട്ടം മറിച്ചുവില്ക്കുന്ന വിവാഹജീവിതത്തിന്റെ മേമ്പൊടിയിട്ട ദുരന്തമാണ് പാറോകളുടെ ജീവിതം.നിറത്തിന്റെയും സൗന്ദര്യത്തിന്റെയും അളവിനനുസരിച്ച് ആവശ്യക്കാർ വിലയിൽ ഏറ്റക്കുറവുകൾ നിശ്ചയിക്കുന്ന ഈ പെൺകുട്ടികൾക്ക് തൊഴുത്തിലെ പശുവിന്റെ പരിഗണന പോലുമില്ലെന്നുള്ളത് വേദനാജനകമാണ്.

വിവാഹം എന്ന പവിത്രബന്ധത്തിന്റെ കള്ളസാക്ഷ്യമെഴുതി വിലയ്ക്കു വാങ്ങിയവന്റെയൊപ്പം അവന്റെ കുടുംബത്തിലേയ്ക്ക് ചെന്നു കയറുന്നതോടെ അവളുടെ ദുരിതപർവം തുടങ്ങുകയായി.അടിമ എന്നതിനപ്പുറം വേറൊരു പരിഗണനയുമില്ലാത്തതു കൊണ്ട് അവളെ ആർക്കും എങ്ങനെയും ഉപയോഗിക്കാം.നേരം പുലരുന്നതിന് മുൻപേ തുടങ്ങുന്ന വീട്ടുജോലിയും,പുറംജോലിയും,ഭാര്യയുടെ ജോലിയും കൂടാതെ വീട്ടിൽ പെണ്ണുകിട്ടാതെ നില്ക്കുന്നവരുടെ താല്പര്യങ്ങൾക്കും വഴങ്ങിക്കൊടുത്തെങ്കിൽ മാത്രമേ കുറച്ചു നാളെങ്കിലും ആ വീട്ടിൽ പിടിച്ചു നില്ക്കാനാവൂ.ഇതിനിടയ്ക്ക് ഭർത്താവ് മരിച്ചാലോ,പെൺകുഞ്ഞിനെ പ്രസവിച്ചാലോ,ഉടനെ ഭർത്തൃവീട്ടുകാർ?അടുത്തയാളെ കണ്ടുപിടിച്ച് പണമെണ്ണി വാങ്ങി വില്ക്കുന്നു!എത്ര മനോഹരമായ ആചാരമല്ലേ?അഭിനവ ഫെമിനിസ്റ്റുകൾ ഇതൊന്നും അറിയാത്തതോ അതോ അറിഞ്ഞില്ലെന്നു നടിക്കുന്നതോ??

ഇങ്ങനെ ഒൻപതും പത്തു പ്രാവശ്യം വില്ക്കപ്പെട്ട നിരവധി “പാറോ”മാരുണ്ട് ഹരിയാനയിൽ.പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്കു പോലും ഇവർ അന്യയാണ്.കുഞ്ഞുങ്ങളുടെ മനസ്സിലും ഇവൾ അടിമയാണെന്നു വിശ്വാസം നിറയ്ക്കുകയും ചെയ്യും. ചെറുപ്പത്തിലേ പ്രസവിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ കൊന്നു കളയുകയോ,അല്പം ദയ തോന്നിയാൽ അനാഥാലയങ്ങളിലേല്പിക്കുകയോ ആണ് പതിവ്.പെൺകുട്ടിയെ പ്രസവിച്ചാൽ അവളെ മറ്റൊരാൾക്ക് വില്ക്കുകയും ചെയ്യും.പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്നും ശാപമായിക്കാണുന്ന ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ഈ ദുരാചാരത്തിനെ തുടച്ചു നീക്കാൻ ഒരു അധികാരസംഹിതകൾക്കും കഴിഞ്ഞിട്ടില്ലെന്നാണ് വാസ്തവം.ഒട്ടുമുക്കാലും പെൺകുഞ്ഞുങ്ങളെ ഗർഭപാത്രത്തിൽ വെച്ചോ,ജനിച്ച് മണിക്കൂറുകൾക്കമോ കൊന്നു കളയുന്ന ഹരിയാന പോലെഇന്നും അടിമ,ഉടമ സമ്പ്രദായങ്ങളും,ജാതിമതവർഗ്ഗഭേദത്തിൽ അധിഷ്ഠിതമായതുമായ ഒരു ജനത വസിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങളുടെ ആൺമക്കൾക്ക് സ്വന്തം ദേശത്തു നിന്ന് വധുക്കളെ കിട്ടാതെ വരുന്നതിന്റെ മൂലകാരണമന്വേഷിക്കാതെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അന്യസംസ്ഥാനകുടുംബങ്ങളിൽ നിന്ന് വില കൊടുത്ത് വാങ്ങിക്കൊണ്ടു വരുമ്പോൾ,ഒരിക്കലും രക്ഷപെടാനാവാത്ത ചതിക്കുഴികളിലേക്കാണ് ഈ പെൺകുട്ടികൾ വന്നു വീഴുന്നത്.മിക്ക പെൺകുട്ടികളും പത്തു മുതൽ പതിനെട്ട് വയസ്സിന് ഇടയിലുള്ളവരായാരിക്കും വീട്ടുകാർ വിറ്റു കഴിഞ്ഞാൽപിന്നെ ഇവരെ അന്വേഷിച്ചു വരികയോ,പിന്നീടൊരിക്കലും തമ്മിൽ കാണുകയോ ഇല്ല.അങ്ങനെ നാടും വീടും ജീവിതവും ഒരുമിച്ച് നഷ്ടപ്പെടുന്ന ദയനീയതയുടെ മുഖങ്ങളാണ് ഇവർ.ഇതിനിടെ ഭർത്താവ് സ്ഥാനം അലങ്കരിക്കുന്നവൻ സ്വദേശിയായ പെൺകുട്ടിയെ വധുവായി അന്വേഷിച്ചു കൊണ്ടേയിരിക്കും.കിട്ടിയാൽ പിന്നെ തലചായ്ക്കാനുള്ള ഇടം നഷ്ടമാവുകയോ അല്ലെങ്കിൽ ആജീവനാനന്ത അടിമയായി മാറുകയോ ചെയ്യും.എല്ലാ ശരണവും നഷ്ടപ്പെട്ട ഇവരുടെ ദുരിതജീവിതം പകർത്താൻ ഭീഷണികളെ തരണം ചെയ്ത് കൈലാസ് സത്യാർത്ഥി അടക്കമുള്ള പല NGO കളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.നിരവധി ആൾക്കാരും ഏജൻസികളുമാണ് ഈ നീചമായ മനുഷ്യക്കടത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.അതിനാൽത്തന്നെ ഈ പാവങ്ങളിലേയ്ക്കെത്തുക സാധ്യമാവുന്നില്ല.ഇനി, അഥവാ എത്തിയാൽ തന്നെ അനന്തരഫലങ്ങളോർത്ത് തങ്ങളുടെ അവസ്ഥ പങ്കു വെയ്ക്കാനും ഇവർ തയ്യാറാവുന്നില്ല..ഈ ദുരിതത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ ചിലരെങ്കിലും പാറോകളുടെ നീതിയ്ക്കായി പൊരുതുന്നുണ്ട്.പക്ഷേ കടലോളം വെള്ളത്തിൽ കടുകുമണിപോലെയാണന്നതും മറ്റൊരു സത്യം.അനവധി വില്പനകൾക്കും ,പങ്കുവെയ്ക്കലുകൾക്കും ശേഷം തെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന ഇവരുടെ ജീവിതം ആത്മഹത്യയുടെ മുനമ്പിലോ,വേശ്യാലയങ്ങളുടെ പടിക്കലോ അവസാനം കുറിക്കുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button