ArticleNorth IndiaPilgrimageLife StyleIndia Tourism SpotsSpiritualityTravel

യമുനയെ പ്രണയിച്ച് ഗുരുവായൂരപ്പൻ

കിഴക്കൻ ദില്ലിയിലെ മയൂർവിഹാറിൽ (ഒരു കാലത്ത് മയിലുകളുടെ വിഹാരകേന്ദ്രമായിരുന്നു ഈ സ്ഥലം. അതിനാലാണ് ഈ പേര് വന്നത്. ഇന്ന് മയിലുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു) യമുനയ്ക്കഭിമുഖമായി പണിതിരിക്കുന്ന ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രത്യേകതയാണിത്….
തന്റെ നന്ദാവനലീലകൾക്ക് മൂകസാക്ഷിയായിരുന്ന യമുനയെ എപ്പോഴും കണ്ടു കൊണ്ടിരിക്കാൻ, ഇവിടെ പടിഞ്ഞാറ് ദർശനമായി കണ്ണന്റെ പൊന്നമ്പലം.യമുനയുടെ പുളിനങ്ങൾ കുളിര് പകർന്ന ശീതക്കാറ്റ് മുടിയിഴകളെ തഴുകിപ്പോകുന്നുണ്ട് ഈ സന്നിധിയിൽ നില്ക്കുമ്പോൾ!കണ്ണനോടെന്തോ സ്വകാര്യം പറഞ്ഞു പോവുന്നതാവും…

ഗുരുവായൂരമ്പലത്തിലെ അതേ പൂജാവിധികൾ പിന്തുടരുന്ന ഈ ക്ഷേത്രത്തിന്റെ ശ്രീകോവിൽ ശിലാസ്ഥാപനം നടത്തിയത് ശ്രീ കാഞ്ചികാമകോടി ജഗദ്ഗുരു ജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമികളാണ്.1983ൽ പ്രവർത്തനമാരംഭിച്ചുവെങ്കിലും 1989 ലാണ് ക്ഷേത്രം പൂർണ്ണരൂപത്തിലെത്തിയത്. തനി കേരളീയ ശൈലിയിൽ പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ ഇന്നത്തെ രൂപം പ്രശസ്ത വാസ്തുശില്പി വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കരവിരുതിൽ വിരിഞ്ഞ താണ്.ആർഷധർമ്മ പരിഷത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം തൃപ്പൂണിത്തുറയിലെ പുലിയന്നൂർ മനയ്ക്കാണ്. സ്വർണ്ണം പൂശിയ കൊടിമരവും,ധ്വജസ്തംഭവും നാരായണ മന്ത്രങ്ങൾ ആലേഖനം ചെയ്ത ഗർഭഗൃഹവും ,ഊട്ടുപുരയും കെടാവിളക്കും ആനക്കൊട്ടിലും ചെറിയ കാവും ഒക്കെയായി മലയാളിയുടെ മനസ്സിൽ കളഭക്കുളിരൊഴുക്കുന്നു ഭഗവാൻ!

ഡൽഹി മലയാളികളുടെ അഭിമാനത്തുടിപ്പായ ഈ ക്ഷേത്രം സാമൂഹ്യ സേവനങ്ങളിൽ വളരെ മുൻപന്തിയിലാണ്… നിത്യവും അന്നദാനം നടത്തുന്ന ക്ഷേത്രമെന്ന ഖ്യാതിയും സ്വന്തം. ഗോകുലം,പാഞ്ചജന്യം, കാർത്ത്യായനി സോഷ്യോകൾച്ചറൽ കോംപ്ലക്സ് എന്നീ ബഹുനിലക്കെട്ടിടങ്ങളും “ശ്രീകൃഷ്ണ മെഡിക്കൽസെന്റർ” എന്ന (charitable) ആശുപത്രിയും പൊതുജനസേവയ്ക്കായി പണി കഴിപ്പിച്ചിരിക്കുന്നു. മിക്കവാറും ദിവസങ്ങളിൽ വിവാഹവും ചോറൂണും പോലെയുള്ള മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകുന്നു ഈ ക്ഷേത്രാങ്കണം.

അഷ്ടമിരോഹിണിയിൽ ചുറ്റമ്പലം നിറയുന്ന ചിരാതുകളുടെ ശോഭയിൽ ഒരായിരം ഉണ്ണിക്കണ്ണൻമാരെയും ഗോപികമാരെയും കൊണ്ട് നിറയുന്ന കാഴ്ച്ച കാണേണ്ടത് തന്നെയാണ്! ചിങ്ങമാസത്തിൽ പത്ത് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണ് പ്രധാന ആകർഷണം.ചോതിനാളിലെ ആറാട്ട് ദിവസം മുറ തെറ്റാതെ എത്തുന്ന കൃഷ്ണപ്പരുന്ത് വിശ്വാസങ്ങൾക്കുമതീതമാണ്.

മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ, എവിടെത്തിരിഞ്ഞാലും സ്വാമിഗീതങ്ങൾ മാത്രം!പ്രകൃതി പോലും കഠിനവ്രതത്തിലാണോയെന്നു തോന്നിപ്പോകുമാറ് ശരണമന്ത്രങ്ങളാൽ മുഖരിതമാകുന്ന സന്ധ്യകൾ!അതൊരനുഭവം തന്നെയാണ്.
അതുപോലെ തന്നെയാണ് ധനുമാസത്തിലെ തിരുവാതിരയാഘോഷങ്ങൾ. ഒരു പക്ഷേ,കേരളത്തിൽ പോലും ഇത്ര വിപുലമായി ആഘോഷിക്കുന്നുണ്ടാവില്ല! സ്ത്രീകൾ വ്രതം നോറ്റ്,കസവുപുടവയണിഞ്ഞ്,സായംസന്ധ്യ മുതൽ പാതിരാവോളം നീളുന്ന തിരുവാതിരക്കളിയുടെ താളങ്ങളിൽ ചുവടുകളൊതുക്കി, പാതിരാവിൽ ദശപുഷ്പം ചൂടി,കളി പറഞ്ഞ് പുലരുവോളം നീളുന്നു ആഘോഷങ്ങൾ!

അഭീഷ്ടവരദായകനായ ഗുരുവായൂരപ്പനൊപ്പം ഗർഭഗൃഹത്തിൽ കിഴക്ക് ദർശനമായി ചോറ്റാനിക്കര ദേവിയും,പരമശിവനും മഹാഗണപതിയും ,നാലമ്പലത്തിന് പുറത്ത് അയ്യപ്പസ്വാമിയും,നാഗദൈവങ്ങളും ഉപപ്രതിഷ്ഠകളായി ഉണ്ട്.പ്രേയസി യമുനയെ കണ്ടുണർന്നും ഉറങ്ങിയും കണ്ണനും കണ്ണന്റെ പൂങ്കാവനവും ഭക്തമനസ്സുകളിൽ ആത്മസംതൃപ്തിയുടെ ചൈതന്യം നിറയ്ക്കുന്നു….

സോപാനഗീതത്തിന്റെ അലയൊലികൾ ഭക്തമാനസങ്ങളെ ശാന്തമാക്കുമ്പോൾ ശ്രീലകത്ത്, നറുവെണ്ണയൂറുന്ന പുഞ്ചിരിയുമായി ഗുരുപവനപുരേശനും ആ കീർത്തനം ആസ്വദിക്കുകയാവാം!
“ധീരസമീരേ…യമുനാതീരേ….
വസതിവനേ….വനമാലി”

  ശിവാനി ശേഖർ

shortlink

Related Articles

Post Your Comments

Related Articles


Back to top button