ന്യൂഡല്‍ഹി: കാശ്മീരില്‍ ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഓരോ ഏറ്റുമുട്ടലിലും നിരവധി ഭീകരരാണ്ര കൊല്ലപ്പെടുന്നത്. പറ്റാവുന്നത്ര ഭീകരരെ അയച്ച് ഇന്ത്യയുടെ സമാധാനവും സ്വസ്ഥതയും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പാക്കിസ്ഥാന്. കഴിഞ്ഞ മൂന്നുമാസത്തിനിടെ, ജമ്മു കാശ്മീരിലും മറ്റുമായി ഇന്ത്യന്‍ സേനയ്ക്ക് നേരിടേണ്ടിവന്ന ഭീകരരുടെ എണ്ണം തന്നെ അതിന് തെളിവാണ്. നിയന്ത്രണ രേഖയിലും കാശ്മീരിലെ വിവിധ സ്ഥലങ്ങളിലും കൂടുതല്‍ സൈന്യത്തെ നിയോഗിച്ചും കനത്ത ജാഗ്രത പുലര്‍ത്തിയും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കായി കാവല്‍നില്‍ക്കുകയാണ് സൈന്യം.
വിവിധ ഭീകരസംഘടനകളുടെ നേതാക്കളുൾപ്പെടെ 56 ഭീകരരെയാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സൈന്യം കാലപുരിക്കയച്ചത്.ഹിസ്ബുള്‍ മുജാഹിദീന്റെ സമീര്‍ ടൈഗറും ജയ്ഷെ മുഹമ്മദിന്റെ മുഫ്തി വഖാസും ലഷ്കര്‍ ഇ തൊയ്ബയുടെ അബു ഹമാസും കൊല്ലപ്പെട്ടവരില്‍ ഭീകര സംഘടനകളുടെ നേതൃസ്ഥാനത്തുള്ളവരാണ്. സാധാരണ ഭീകരരരുടെ ഇടപെടല്‍ കുറവുള്ള അതി ശൈത്യകാലത്തും ഇത്തവണ നിരവധി ഏറ്റുമുട്ടലുകളാണ് നടന്നത്. ഭീകരരുടെ ആക്രമണം വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തിനകത്ത് അവര്‍ക്ക് പിന്തുണ നല്‍കുന്നവരുടെ എണ്ണം ഏറുന്നതും സൈന്യത്തിന് ബാധ്യതയാകുന്നുണ്ട്.
സൈന്യത്തെ പ്രതിരോധിച്ച് ഭീകരരെ രക്ഷപ്പെടാന്‍ അനുവദിച്ച സംഭവങ്ങളും ഇതിനിടെയുണ്ടായി. എന്നാൽ എന്തുവിലകൊടുത്തും രാജ്യത്തെ സംരക്ഷിക്കാന്‍ സൈന്യം ജാഗരൂകരാകുകയാണ് ചെയ്തത്. കൂടുതല്‍ സേനയെ നിയോഗിച്ചതും സുരക്ഷ കൂടുതല്‍ ശക്തമാക്കിയതും ഇതിന്റെ ഭാഗമായാണ്.2017 -ൽ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനും മറ്റ് ആക്രമണങ്ങളിലുമായി നൂറോളം ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഇക്കുറി ഭീകരരുടെ ഇടപെടല്‍ കൂടിയിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു. മാര്‍ച്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒറ്റയടിക്ക് 13 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരര്‍ കൂടുതലായി പാക്കിസ്ഥാനില്‍നിന്ന് വരുന്നുണ്ടെന്നതിന് തെളിവാണിതെന്നും സൈനിക കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അതിർത്തിയിലെ അതിശക്തമായ കാവൽ കാരണം കാശ്മീരില്‍നിന്നുതന്നെ ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭീകരസംഘടനകള്‍. കാശ്മീരില്‍ താഴ്വരയില് പലയിടത്തും യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നാല്‍പ്പതോളം യുവാക്കള്‍ അടുത്തിടെ ഭീകരസംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സൈന്യം കണക്കാക്കുന്നത്. എങ്കിലും ഇവർക്ക് പരിശീലനമില്ലാത്തതിനാൽ അധിക കാലം പിടിച്ചു നിൽക്കാനാവില്ല.കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഏറ്റവും വലിയ ഭീകര വേട്ടയാണ് സൈന്യം ഇപ്പോള്‍ കാശ്മീരില്‍ നടത്തുന്നത്.
Post Your Comments