ArticleIndiaNewsNews StoryEditor's Choice

ഗ്രഹണ സമയത്ത് തലയെടുക്കുന്ന ഇരകള്‍

ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നൊരു ചൊല്ലുണ്ട്. അത്തരം ഒരു കാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ പുരസ്കാര വിതരണ ചടങ്ങിലെ പ്രതിഷേധവും പ്രകടനവും കാണുമ്പോള്‍ എല്ലാവരുടെയും മനസ്സിലും ഇത് തന്നെയാകും ചിന്ത. കാരണം പുരസ്‌കാരമോ വലുത് അത് നല്‍കുന്ന ആളാണോ വലുത് എന്ന സംശയം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദങ്ങള്‍ക്ക് കാരണം. ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതും സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നും അറിയിച്ച സര്‍ക്കാര്‍ പുരസ്കാരം മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും അറിയിച്ചു. ഇതിനെ തുടര്‍ന്ന് വ്യക്തി തീരുമാനത്തിന്റെ പേരില്‍ ഒരു ബിജെപി മന്ത്രിയുടെ കയ്യില്‍ നിന്നും പുരസ്കാരം വാങ്ങില്ലെന്ന് ഡോക്യൂമെന്ററി സംവിധായകന്‍ അനീസ്.കെ.മാപ്പിള വ്യക്തമാക്കി. കഥേതര വിഭാഗത്തില്‍ മികച്ച ആന്ത്രോപോളജി ചിത്രമായി അനീസിന്റെ ‘ദ സ്ലേവ് ജെനസിസ്’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നിലപാടിനെ രാഷ്ട്രീയവത്കരിച്ചു പുതിയ തീരുമാനം ഉണ്ടാക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട കേരള കലാകാരന്മാര്‍ ചെയ്തത് ശരിയോ തെറ്റോ?

നേരത്തെ പറഞ്ഞത് പോലെ അവാര്‍ഡിന്റെ വലുപ്പം അത് നല്‍കുന്ന ആളിനെ നോക്കിയല്ല തീരുമാനിക്കേണ്ടത്. പിന്നെ മറ്റൊന്ന് ഭൂരിപക്ഷ വോട്ടു നേടി വിജയിച്ച കേന്ദ്ര മന്ത്രി സഭയും അവര്‍ നിര്‍ദ്ദേശിച്ച ഒരു അവാര്‍ഡ് കമ്മറ്റിയും തിരഞ്ഞെടുത്തതാണ് ഈ കലാകാരന്മാരെ. അപ്പോള്‍ അതില്‍ ആരും രാഷ്ട്രീയം കണ്ടില്ല. എന്നാല്‍ ഇപ്പോള്‍ പ്രതിഷേധത്തിന്റെ പേരില്‍ കമ്മി രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് രാജ്യത്തെ അപമാനിക്കുകയാണ് ഈ കലാകാരന്മാര്‍ ചെയ്തത്. ഗാന ഗന്ധര്‍വനായ യോശുദാസ് തലക്കനമില്ലാതെ ആര് അവാര്‍ഡ് നല്‍കിയാലും വാങ്ങുമെന്ന് പ്രഖ്യാപിച്ച്‌ അവാര്‍ഡ് വാങ്ങാന്‍ പോയി. ഒപ്പം ജയരാജും മറ്റ് ചില മലയാള കലാകാരന്‍മാരും പോയി. എന്നാല്‍ പ്രതിഷേധം കളിച്ചു ആള്‍ ആകാന്‍ പോയ ചില മലയാള താരങ്ങള്‍ക്ക് ജീവിതത്തിലെ വലിയ അവാര്‍ഡ് സ്വീകരിക്കാനായില്ല.

ദേശീയ അവാര്‍ഡ് വിതരണചടങ്ങില്‍ 70 പേര്‍ പങ്കെടുത്തില്ലെന്നാണ് അവരുടെ വ്യാഖ്യാനം. കേരള മോഡല്‍ സമരം ചെയ്ത് രാഷ്ട്രപതിയെക്കൊണ്ട് അവാര്‍ഡ് നല്‍കിക്കാനായിരുന്നു താരങ്ങളുടെ ശ്രമം. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ദേശീയ അവാര്‍ഡ് ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂറും ചര്‍ച്ച നടത്തി. എന്നിട്ടും വിട്ടു വീഴ്ച ചെയ്യാത്ത താരങ്ങളുടെ സീറ്റ് എടുത്തു മാറ്റി ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കി മധുര പ്രതികാരം വീട്ടി. ഇനി അവരവര്‍ക്കുള്ള അവാര്‍ഡും ഫലകവും രൂപയും കിട്ടണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പടിവാതില്‍ കയറിയിറങ്ങണം. അതിന് നാണമില്ല.!! ഈ സമയത്ത് തങ്ങള്‍ മികച്ച പ്രതികരണ ശേഷിയുള്ളവരാണെന്നു തെളിയിക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങി. യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച ഭാഗ്യ ലക്ഷ്മി, സിബി മലയില്‍, ഡോ. ബിജു, സനല്‍ കുമാര്‍ ശശിധരന്‍ തുടങ്ങിയ കലാകാരന്മാര്‍ (ഇവരില്‍ പലരും മുന്പ് ദേശീയ പുരസ്കാര വേദിയില്‍ എത്തിയിട്ടുണ്ട്) രാഷ്ട്രപതി പുരസ്കാരം നല്‍കാത്തത് അപമാനമായി കണ്ടു. എന്നാല്‍ എങ്ങനെയാണ് ഇത് അപമാനമായി മാറുന്നത്?

ടെലിവിഷന്‍ ഷോകളുടെയും ചാനല്‍ മുതലാളിമാരുടെയും സമ്മാനങ്ങള്‍ കൈ കൊടുത്തും ചിരിച്ചും കെട്ടിപ്പിടിച്ചും വാങ്ങാന്‍ ഉളിപ്പില്ലാത്ത ഈ താരങ്ങള്‍ അപ്പോള്‍ തരുന്നവരുടെ വലുപ്പം നോക്കാറുണ്ടോ? അങ്ങനെ ആണെങ്കില്‍ ഒരു കറി പൌഡറിന്റെയും മുതലാളി തനിക്ക് സമ്മാനം നല്‍കേണ്ട എന്ന് പറയാന്‍ ഇവര്‍ക്ക് അറിയില്ലായിരുന്നോ? കേന്ദ്ര മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയെ സീരിയല്‍ നടി എന്ന് അധിക്ഷേപിച്ചു കൊണ്ട് ഈ അവാര്‍ഡ് നിരസിച്ച കലാകാരന്മാര്‍ ഇതേ തൊഴില്‍ ചെയ്താണ് ഈ പുരസ്കാര വേദിയില്‍ എത്തിയതെന്ന് മറക്കുന്നു. അവാര്‍ഡ് ബഹിഷ്കരണം ഓരോ വ്യക്തികളുടെയും തീരുമാനമാണ്. അത് ജനാധിപത്യ അവകാശങ്ങളില്‍പ്പെടുന്നു. അതുകൊണ്ട് അത് വിട്ടുകളയാം. എന്നാല്‍ ഒരു ദേശീയ പുരസ്കാരം അത് ദേശത്തിന്റെ അടയാളമായി മാറുന്നതാണ്. അതില്‍ രാഷ്ട്രീയം കളിച്ചു ഇല്ലാത്ത വിമര്‍ശനം ഉണ്ടാക്കി ചാനല്‍ ചര്‍ച്ചകളില്‍ ആളാവുന്നവരോട് ചോദിക്കാന്‍ ഉള്ളത് ഈ കാണിക്കുന്നത് രാജ്യത്തെ അപമാനിക്കല്‍ അല്ലെ..!!

ഈ വിമര്‍ശകരുടെ നിലപാടുകള്‍ക്ക് പിന്നില്‍ എന്താണ്? തൊഴുത്തില്‍ കുട്ടികളും വഞ്ചകരും എന്ന് പുരസ്‌കാരം വാങ്ങിയതിന്റെ പേരില്‍ യേശുദാസിനെയും ജയരാജിനെയും വിളിച്ചവര്‍ പ്രതിഷേധക്കാര്‍ക്ക് വലിയ കയ്യടിയാണ് കൊടുക്കുന്നത്. ധീരമായ തീരുമാനം എന്ന് പുകഴ്ത്താന്‍ എന്താണ് ഇതില്‍ ഉള്ളത്. സ്വന്തം തൊഴിലിനെ അപമാനിക്കലും കഴിവില്‍ ആത്മവിശ്വാസം ഇല്ലാത്തതുമെല്ലാം ഇതിനു പിന്നില്‍ ഉണ്ട്. തന്റെ കഴിവിന് രാജ്യം നല്‍കുന്ന പുരസ്കാരം. അത് രാഷ്ട്രപതി തന്നാലും ഇല്ലെങ്കിലും ബിജെപി ഗവന്‍മെന്റ് ഭരണത്തില്‍ ഇരിക്കുമ്പോള്‍ പ്രഖ്യാപിച്ച പുരസ്കാരം അല്ലെ.. കൂടാതെ നിങ്ങള്‍ സംഘികള്‍ എന്ന് വിളിയ്ക്കുന്ന ഈ നേതാക്കന്മാര്‍ തീരുമാനിച്ച അവാര്‍ഡ് ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതും. അതിലും രാഷ്ട്രീയം കാണാത്തവരാണ് ഇപ്പോള്‍ വിതരണ ചടങ്ങില്‍ രാഷ്ട്രീയം കളിച്ചത്. അതെന്തിന്?

വളരെ ജാടാപരമായ തീരുമാനമാണിത്. അങ്ങനെ ചിന്തിക്കാനേ സാധാരണ മലയാളികള്‍ക്ക് കഴിയൂ. സംസ്ഥാന അവാര്‍ഡ് നല്‍കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. പക്ഷെ ദേശീയ അവാര്‍ഡുകള്‍ എല്ലാം രാഷ്ട്രപതി തന്നെ നല്‍കണമെന്ന് എന്തിന് ഇവര്‍ ബലം പിടിച്ചു. കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി ഒരു സീനിയര്‍ നടി കൂടിയാണ്. എന്നിട്ടും അതിലും രാഷ്ട്രീയം കണ്ട് മാത്രമാണ് അവര്‍ പിന്തിരിഞ്ഞത്. രാഷ്ട്രപതി നല്‍കുന്ന അദ്ധ്യാപക അവാര്‍ഡുകളും ശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡുകളും വര്‍ഷങ്ങള്‍ ആയി അദ്ദേഹം നിയോഗിക്കുന്ന ഉപരാഷ്ട്രപതിയോ മന്ത്രിമാരോ ആണു നല്‍കുന്നതു . അതില്‍ അതു ലഭിച്ച ആള്‍ ‘ അപമാനം ‘ കണ്ടെത്തുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നില്ല. കാരണം അത് രാഷ്ട്രപതിയേ നിന്ദിക്കുന്നതിനു തുല്യമാണു .

രാഷ്ട്രപതി അല്ല അവാര്‍ഡു തരുന്നതെന്നു നേരത്തേ അറിഞ്ഞിരുന്നു എങ്കില്‍ ഞങ്ങള്‍ ഡല്‍ഹി വരെ വരില്ലായിരുന്നു എന്നും ഞങ്ങളേ പറ്റിക്കുക ആയിരുന്നു എന്നും അവാര്‍ഡു കിട്ടിയ 11 പേരുമായി നോക്കുമ്ബോള്‍ ഞങ്ങള്‍ മോശക്കാരാണോ എന്നും ഒക്കെ ചാനലില്‍ വന്നു പലരും പറഞ്ഞതു അതേ ഈഗോ മനസ്സില്‍ വെയ്ക്കുന്നതു കൊണ്ടാണു. ഒരു കലാകാരനോ കലാകാരിക്കോ ഒരിക്കലും പാടില്ലാത്ത ഒന്നാണു ഈഗോയും അഹന്തയും. ഇന്ത്യന്‍ രാഷ്ട്രപതിക്കു പല വിധ വിവേചനാധികാരങ്ങളും ഉണ്ടു . അദ്ദേഹത്തിനു സുരക്ഷയും സമയവും ആരോഗ്യവും പ്രോട്ടോക്കോളും ഒക്കെ പരിഗണിച്ചു സ്വന്തം തീരുമാനങ്ങള്‍ അവസാന നിമിഷം എടുത്താല്‍ പോലും അതു രാഷ്ട്രപതിയുടെ അധികാരം ആയി അംഗീകരിക്കുക തന്നെ വേണം . അതാണു ഒരു പൗരന്റെ കടമ . ഇതൊന്നും തിരിച്ചറിയാതെ രാജ്യത്തെ അപമാനിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങുന്നതില്‍ ലജ്ജ തോന്നുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button