മനാമ : ഗള്‍ഫില്‍ അബോധാവസ്ഥയില്‍ കഴിയുന്ന പ്രവാസി മലയാളിയുടെ ബന്ധുക്കളെ ഒടുവില്‍ കണ്ടെത്തി. അപകടത്തെ തുടര്‍ന്നു മറവി ബാധിച്ച് ബഹ്‌റൈനിലെ മുഹറഖ് കാനൂ ജെറിയാട്രിക് ആശുപത്രിയില്‍ ഏഴുവര്‍ഷമായി കഴിയുകയായിരുന്ന മലയാളിയുടെ ബന്ധുക്കളെയാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. വാര്‍ത്തകളും സമൂഹമാധ്യമങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്കുമൊടുവില്‍ അദ്ദേഹത്തിന്റെ സഹോദരി ബേബി, ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുകയായിരുന്നു. പോള്‍ സേവ്യര്‍ എന്നാണ് പേര്. കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി കുടുംബത്തിലെ പരേതനായ സേവ്യറിന്റേയും പരേതയായ സിസിലി സേവ്യറിന്റേയും ആറു മക്കളില്‍ മൂന്നാമനാണ്. നാലു സഹോദരന്മാരും രണ്ടു സഹോദരിമാരുമുള്ള പൊന്നപ്പന്റെ മാതാവ് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു.
നാലു ദിവസം മുന്‍പ് അനുജന്‍ ജെന്‍സണ്‍ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ സേവ്യറും മരണപ്പെട്ടു. 1978 ല്‍ പതിനെട്ടാം വയസ്സില്‍ കപ്പല്‍മാര്‍ഗ്ഗമാണ് പൊന്നപ്പന്‍ ബഹ്‌റൈനിലെത്തിയത്. മനാമയിലുള്ള ഡെല്‍മണ്‍ റസ്റ്റന്റിലേക്ക് കോഴിക്കോട്ടെ ഒരു കുടുംബ സുഹൃത്തുവഴി ജോലിക്കെത്തിയ പൊന്നന്‍ രണ്ടു വര്‍ഷത്തോളം ഹോട്ടലിലും സ്‌പോണ്‍സറുടെ വീട്ടിലുമായി ജോലി ചെയ്തിരുന്നു എന്നാണ് കുടുംബത്തെ അറിയിച്ചിട്ടുള്ളത്. 2001ലാണ് അവസാനമായി പൊന്നപ്പന്‍ കുടുംബവുമായി ബന്ധപ്പെട്ടത്.
സാമ്പത്തികമായി പ്രയാസമുള്ള കുടുംബമാണ്. അനുജന്റെ മരണത്തോടു കൂടി ആശ്രയമറ്റ ഭാര്യയും രണ്ടു കുട്ടികളും പിന്നെ ഭാര്യ ഉപേക്ഷിച്ച ഒരു ജേഷ്ഠനുമാണ് വീട്ടിലുള്ളത്. ഓര്‍മയില്ലാത്ത, പരസഹായം ആവശ്യമുളള പൊന്നനും കൂടെ അവിടേക്കെത്തുമ്പോള്‍ എങ്ങനെ മുന്നോട്ടു പോവുമെന്ന ആശങ്കയുമുണ്ട് ബന്ധുക്കള്‍ക്ക്. എങ്കിലും സന്തോഷത്തിലാണ് അവരെന്ന് ബന്ധുക്കളെ കണ്ടെത്താനും പൊന്നന്റെ ജീവിതത്തിലേക്ക് പുതിയ വെളിച്ചമെത്തിക്കാനും പരിശ്രമിച്ച സാമൂഹ്യ പ്രവര്‍ത്തകരായ നിസാര്‍ കൊല്ലവും സിയാദ് ഏഴംകുളവും പറയുന്നു. യാത്രാരേഖകള്‍ ശരിയാക്കാന്‍ പള്ളിയില്‍ നിന്നും ജനനസര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡ് കോപ്പിയും സഹോദരി ബേബി അയച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
Post Your Comments