പ്യൂണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് നെല്ലൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ പ്യൂണ്‍ ആയ കെ. നരസിംഹ റെഡ്ഡി (55)യുടെ ആസ്ഥി കണ്ട് അമ്പരന്നത്. നെല്ലൂര്‍ സിറ്റിയിലുള്ള വീട്ടില്‍ നിന്ന് 7.70 ലക്ഷം രൂപയും 20 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപ രേഖയും പിടിച്ചെടുത്തു.
രണ്ട് കിലോ സ്വര്‍ണാഭരണങ്ങള്‍, എല്‍.ഐ.സിയില്‍ ഒരു കോടിയുടെ നിക്ഷേപം, 50 ഏക്കര്‍ കൃഷി ഭൂമി, വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു. ഏകദേശം 10 കോടി രൂപയുടെ സ്വത്താണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
എന്നാല്‍ അതിലേറെ ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാല്‍ ആന്ധ്രയില്‍ ഗതാഗത വകുപ്പിലെ പ്യുണായ നരസിംഹ റെഡ്ഡിയുടെ പ്രതിമാസ ശമ്പളം 40,000 രൂപയില്‍ താഴെ മാത്രമാണ്. സ്വന്തം പേരിലും ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും പേരിലുമായി 18 പ്ലോട്ടുകളാണ് റെഡ്ഡിയ്ക്ക് സ്വന്തമായുള്ളത്. ഇയാളുടെ വിജയവാഡയിലെ ഒരു ഷോറൂമില്‍ നിന്ന് ഏഴു കിലോ വെള്ളി ആഭരണങ്ങളും പാത്രങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങിയെന്ന വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണത്തിലായത്.
1992 മുതലാണ് റെഡ്ഡി നെല്ലൂര്‍ റൂറല്‍ മണ്ഡലില്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. നെല്ലൂരിലെ എ.വി അഗ്രഹാരത്ത് 3,300 ചതുരശ്ര അടിയിലുള്ള ഇരുനില വീട്ടിലാണ് താമസം. ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷനറുടെ ഓഫീസിലേക്ക് ജോലി മാറ്റം വേണ്ടവര്‍ റെഡ്ഡിയെ കാണേണ്ടപോലെ കണ്ടാല്‍ മതി. ഇയാള്‍ അറിയാതെ വകുപ്പില്‍ ഒരു ഫയലും അനങ്ങില്ല. ഇയാള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ സ്ഥാനക്കയറ്റവും മുടങ്ങും എന്ന സ്ഥിതിയായിരുന്നു.
Post Your Comments