Latest NewsKeralaNewsIndia

മൈസൂരിലെ പ്രശാന്തമായ വൃന്ദാവന്‍ ഗാര്‍ഡന്‍ അടയ്ക്കാന്‍ കാരണമായ ദുരന്തം സംഭവിച്ചതിങ്ങനെ

മൈസൂര്‍: ദിവസവും ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന രാജ്യത്തെ ഉദ്യാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നതാണ് മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍. എന്നാല്‍ മരം കടപുഴകി വീണ് രണ്ടു മലയാളികളടക്കം മൂന്നു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഈ ഉദ്യാനം താല്‍കാലികമായി അടച്ചിരിക്കുകയാണ്. തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലാല്‍ എന്നിവരാണ് കാറ്റും മഴയും വിതച്ച ദുരന്തത്തില്‍ ജീവന്‍ വെടിയേണ്ടി വന്നത്. സംഭവ സമയം ഉദ്യാനത്തിലുണ്ടായിരുന്ന മലയാളികളടക്കം നിരവധി ആളുകള്‍ക്കാണ് ചെറുതും വലുതുമായ പരുക്കേറ്റത്. മരങ്ങള്‍ പലതും കടപുഴകി വീണതിനെ തുടര്‍ന്ന് ഉദ്യാനത്തിലുണ്ടായിരുന്ന കൂടാരങ്ങളില്‍ മിക്കതും തകരുകയുമുണ്ടായി. വലുപ്പമേറിയ ഐസ് കട്ടകളും മഴയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കനമേറിയ ഐസ് ശരീരത്തില്‍ പതിച്ച് ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. സംഭവ സമയം ഉദ്യാനത്തിലുണ്ടായിരുന്നവരില്‍ ഏറിയ പങ്കും മലയാളികളായിരുന്നു എന്നതും ആശങ്കയുയര്‍ത്തുന്നു.

രാത്രി ഏഴേ കാലിന് തുടങ്ങിയ മഴ വളരെ വേഗത്തില്‍ തന്നെ ശക്തി പ്രാപിച്ചു. ഈ സമയം മിക്കവരും സുരക്ഷിത സ്ഥലത്തേക്ക് കയറിയെങ്കിലും ആളുകളുടെ എണ്ണം കൂടിയത് അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. സുരക്ഷിത സ്ഥാനം കിട്ടാത്തവര്‍ മരത്തിനടിയിലാണ് അഭയം പ്രാപിച്ചത്. മുപ്പത്തഞ്ചിലധികം ആളുകളാണ് മരത്തിനു ചുവട്ടില്‍ നിന്നത്. മരം കടപുഴകുന്നത് കണ്ടപ്പോള്‍ മിക്കവും ചിതറിയോടി. എന്നാല്‍ ഇതിനു സാധിക്കാതിരുന്ന പത്തു പേര്‍ മരത്തിനടിയില്‍ പെട്ടു.  ഹിലാലും വിനോദും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഇത്രയധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായിരുന്നിട്ടും അപകട സാധ്യത മുന്‍കൂട്ടി കണ്ട് വേണ്ട സജ്ജീകരണങ്ങള്‍ ഉദ്യാനത്തിനലുണ്ടായിരുന്നില്ല എന്നതും കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നതും ദുരന്തത്തിന്‌റെ വ്യാപ്തി കൂട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button