അഞ്ജു പാര്‍വതി പ്രഭീഷ്
മഹാരാഷ്ട്രക്കാരിയായ സാധ്വി സരസ്വതിയുടെ മുഖപുസ്തകഭിത്തിയിൽ പതിപ്പിക്കുന്ന രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും തോരണങ്ങൾ തിരിഞ്ഞു കൊത്തുന്നത് കേരളത്തെ തന്നെയാണ്! കേരളത്തിൽ വന്ന് മതവിദ്വേഷം പടർത്തുന്ന രീതിയിൽ പ്രസംഗിച്ച ( അത്തരത്തിൽ അവർ പ്രസംഗിച്ചെങ്കിൽ മാത്രം)അവർക്കെതിരെ സർക്കാർ നിയമത്തിന്റെ വഴി തെരഞ്ഞെടുത്തത് ഉചിതമായ രീതി.. മതേതര രാജ്യമായ ഇന്ത്യയിൽ മത സ്പർദ്ധയുയർത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നർ ആരായാലും, അവരെത്ര ഉന്നതർ ആയാലും അവരെ വിളിക്കാൻ ഒരൊറ്റ പേരേ ഉളളൂ- രാജ്യദ്രോഹി! അതുപോലെ തന്നെയാണ് ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ ഒരു മത വിശ്വാസത്തിനെതിരെയോ, അവരുടെ ആരാധനാമൂർത്തികൾക്കെതിരെയോ സർഗ്ഗ സൃഷ്ടികൾ പതിപ്പിക്കുന്നതും.. അവരും മതസ്പർദ്ധയിളക്കി വിടുവാൻ ശ്രമിക്കുന്നവർ തന്നെയാണ്..
പറഞ്ഞു വന്ന വിഷയത്തിലേക്ക് കടക്കാം.. നമ്മൾ ഭാരതീയർ, പ്രത്യേകിച്ചും ഉത്തരേന്ത്യക്കാർ എത്രയൊക്കെ ആധുനികരെന്നു പുറമേയ്ക്കു നടിച്ചാലും ഉളളിന്റെയുളളിൽ മതത്തിനു പ്രഥമ പരിഗണന നല്കുന്നവരാണ്.. അതുകൊണ്ടു തന്നെയാണല്ലോ സിഖ് കൂട്ടക്കൊലയുംബാബ്റി മസ്ജിദ് പ്രശ്നവും ഗുജറാത്ത് കലാപവും ഗോദ്രയുമൊക്കെ ആധുനിക ഭാരത ചരിത്രത്തിലെ കറുത്ത ഏടുകളായി മാറിയതും.. ഈയടുത്ത കാലത്ത് മൂന്നു സംസ്ഥാനങ്ങളിൽ കലാപമായി പടർന്ന റാം റഹീമിന്റെ അറസ്റ്റും ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. അത്രയ്ക്കും വൈകാരികമായി ഇടപ്പെടുന്ന ഒരു സമൂഹത്തിനു പശുവും ( ഇവിടെ ഹിന്ദു സമൂഹമെന്നു പരാമർശിക്കുമ്പോൾ അത് ബി.ജെ.പിക്കൊപ്പം കോൺഗ്രസ്സും ഇതര പ്രാദേശിക പാർട്ടികളും ഉൾപ്പെടും) മതത്തിന്റെ വക്താക്കളും അത്രമേൽ പ്രിയപ്പെട്ട ബിംബങ്ങളാണ്.സാധ്വി സരസ്വതിയുടെ വാളിൽ പ്രത്യക്ഷപ്പെടുന്ന ഓരോ സ്ത്രീവിരുദ്ധ പരാമർശങ്ങളും അറവുശാലയിലെ മാംസത്തിന്റെ ചിത്രങ്ങളും ഒരു കലാപത്തിന്റെ സാധ്യതയ്ക്ക് കോപ്പു കൂട്ടുന്നുണ്ട്. അതിന്റെ പ്രത്യാഘാതം നേരിടാൻ പോകുന്നത് വെർച്വൽ ലോകത്ത് ഒളിച്ചിരുന്ന് കീബോർഡ് കുത്തി ഇരവാദം പ്രചരിപ്പിക്കുന്ന സൈബർ പോരാളികളെയല്ല. മറിച്ച് ജീവിതം കരുപ്പിടിപ്പിക്കാനായി ഉത്തരേന്ത്യയിൽ വിശേഷിച്ച് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലെടുത്ത് ജീവിക്കുന്ന മലയാളി സമൂഹത്തെയാണ്.
ഒരു ചെറിയ തീപ്പൊരി മതി വലിയൊരു കലാപവിസ്ഫോടനമായി തീരാനെന്നു ചരിത്രം പലവട്ടം കാട്ടിത്തന്നതാണ്. ആസിഫ വിഷയത്തിന്റെ മറപിടിച്ച് നടത്തിയ കലാപ നീക്കം നമ്മൾ കണ്ടതുമാണ്.സാധ്വിയുടെ വാളിൽ പതിക്കുന്ന അറവുശാലയുടെയും കൊത്തിനുറുക്കിയ മാംസത്തിന്റെയും ചിത്രങ്ങൾ ഗോമാംസമായി ചിത്രീകരിക്കപ്പെട്ട് തെറ്റിദ്ധാരണകളും മതവിദ്വാഷവും പ്രാദേശിക വിദ്വേഷവും ഉണ്ടാക്കും.അത് ബാധിക്കുന്നത് ഉത്തരേന്ത്യയിൽ ജീവിക്കുന്ന പാവം മലയാളികളെയായിരിക്കും. വാളിൽ എമ്പാടും കാണുന്ന മുസ്ലീം നാമധാരികളുടെ പരാമർശങ്ങൾ ബാധിക്കുന്നത് ഉത്തരേന്ത്യയിലെ നിരപരാധികളായ ഇസ്ലാം സഹോദരങ്ങളെയായിരിക്കും. സൈബർ ഇടങ്ങളിൽ ഒളിച്ചിരിക്കുന്ന കലാപ സാദ്ധ്യതകൾ ഒരു പക്ഷേ നഷ്ടപ്പെടുത്തുന്നത് നിഷ്പക്ഷരായ ഒരുപാട് ജീവിതങ്ങളെയാണ്.
നമ്മൾ മലയാളികൾ പ്രബുദ്ധരും സ്ത്രീ സംരക്ഷകരും പ്രതികരണശേഷിയുള്ളവരുമാണെന്ന് വിളിച്ചു പറയുന്നുണ്ട് ഓരോ കമൻറും. അക്ഷരത്താളുകളിലെ കേരളത്തിന്റെ ഒന്നാം സ്ഥാനം ‘വെറും അലങ്കാരം മാത്രമാണെന്ന് മത്സരിച്ചു തെളിയിക്കുന്നുണ്ട് കമന്റ് തൊഴിലാളികൾ. അതെ നമ്മുടെ കേരളം നമ്പർ 1 ആണ്..!! അതുകൊണ്ടാണല്ലോ രണ്ടു ദിവസം മുമ്പ് സാംസ്കാരിക തലസ്ഥാനത്ത്, ഒരു യുവതിയെ ഭർത്താവ് പച്ചയ്ക്ക് കത്തിച്ചപ്പോൾ പഞ്ചായത്തംഗവും കുടുംബശ്രീ അംഗങ്ങളും പ്രതികരിക്കാതെ നോക്കി നിന്നത് !!
പച്ചമാംസം കത്തുന്നതിനു സാക്ഷ്യം വഹിക്കുന്ന രസത്തിൽ പിടയുന്ന ജീവനെ കാണാൻ കഴിയാതെ പോയ കേരളം!!വിശപ്പ് വധശിക്ഷ വിധിക്കുമെന്നറിയാതെ, അരപ്പിടി അരി വാരിയവനെ തച്ചുടച്ചു കൊന്ന കേരളം!ദൈന്യതയൂറുന്ന നിഷ്കളങ്കതയെ മർദ്ദിച്ചുക്കൊല്ലുമ്പോൾ സെൽഫിയെടുത്തു ആത്മരതിയടയുന്നവന്റെ കേരളം!!
അതിഥിയായി വന്നവൾ തലയറ്റ ജഡമായി മാറിയ കേരളം! കാക്കിക്കുള്ളിൽ ഉറഞ്ഞുപോയ നീതിബോധം നിരപരാധികളെ ഉരുട്ടിക്കൊല്ലുന്ന കേരളം! മത-രാഷ്ട്രീയക്കോമരങ്ങൾ മതേതരത്തിന്റെ വക്താക്കളാകുന്ന കേരളം!!പിഞ്ചുശവശരീരത്തെ രാഷ്ട്രീയ ആയുധമാക്കി ഹർത്താലാചരിക്കുന്ന കേരളം !!അശരണർക്ക് അന്നം വിളമ്പുന്ന കൈകളെ അപരാധിയാക്കി കരയിക്കും കേരളം!!പ്രതികരിക്കുന്ന, ശബ്ദിക്കുന്ന നാവുകളെ പിഴുതെറിയാൻ വെമ്പൽക്കൊളളുന്ന കേരളം!തരം നോക്കി, മതം നോക്കി, അധികാരം നോക്കി, പണത്തൂക്കം നോക്കി മാത്രം പ്രതികരിക്കുന്ന സെലക്ടീവ് ബുദ്ധിജീവികളുടെ കേരളം!
പ്രബുദ്ധതയുടെയും സാക്ഷരതയുടെയും മുകളിലേയ്ക്കു പോയ ഗ്രാഫിനൊപ്പം മനുഷ്യത്വത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും ഗ്രാഫ് താഴോട്ടാക്കി ബാലൻസ് ചെയ്യുന്ന കേരളം!പശുവിനെ ബഹുമാനിച്ചു പോരുന്ന ഉത്തരേന്ത്യക്കാരിൽ രാഷ്ട്രീയ വേർതിരിവു വരില്ല.അവർക്ക് (വണപ്പെടുന്നത് അവരുടെ വിശ്വാസമാണ്. അതിൽ കോൺഗ്രസ്സുകാരും ഉൾപ്പെടും.കോൺഗ്രസ്സ് അറുപതാണ്ടു ഭരിച്ചിട്ടും മാറാത്ത ജാതി ചിന്തയും വർണ്ണവെറിയും മോദി കുറഞ്ഞ ദിവസങ്ങൾക്കുളളിൽ മാറണമെന്നു നമ്മൾ ശഠിക്കുമ്പോൾ കഴിഞ്ഞകാല ചരിത്രം നമ്മൾ കാണാതെ പോകരുത്.നടിയുടെ മാനത്തിനു വില കല്പിച്ചവർ അശ്വതിയുടെ മാനാഭിമാന ഭൂതകാലം ചികഞ്ഞെടുക്കുന്നത് നമ്മൾ കണ്ടിരുന്നു.ആസിഫയുടെ മുഖചിത്രം മറയാക്കി വലിയൊരു കലാപത്തിനു കോപ്പു കൂട്ടിയവരെയും നമ്മൾ തിരിച്ചറിഞ്ഞിരുന്നു.. ഇപ്പോഴിതാ സാധ്വിയുടെ വിവാദ പ്രസംഗത്തെ മറയാക്കി, അതിൽ വിദ്വേഷത്തിന്റെ എണ്ണ ആവോളം പകർന്ന് മറ്റൊരു കലാപത്തിനു കോപ്പുകൂട്ടുന്നു.കലാപകാരികൾക്ക് വേണ്ടത്, എന്നും വേണ്ടിയിരുന്നത് അരാജകത്വത്തിന്റെയും അസഹിഷ്ണുതയുടെയും വസന്തങ്ങൾ മാത്രമാണ്.
Post Your Comments