ബംഗളൂരു: അഞ്ച് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലേക്ക്. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗാവിയി അഞ്ച് ദിവസത്തിനുള്ളില്‍ 15 റാലികളിലാണ് മോദി പങ്കെടുക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് മോദി ദക്ഷിണേന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
കര്‍ണാടകത്തിലെ ചാമരാജ്നഗറില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ശാന്തേമാരഹള്ളിയില്‍ വെച്ത് നടക്കുന്ന പൊതുജനറാലിയിലാണ് മോദി ആദ്യം പങ്കെടുക്കുന്നത്. ശേഷം ഉഡുപ്പിയിലെ കൃഷ്ണമഠം സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങും. വൈകിട്ട് മൂന്ന് മണിക്ക് ഉഡുപ്പിയിലെ എജിഎം കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. തുടര്‍ന്ന് ചിക്കോടിയില്‍ നടക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും.
സിദ്ധരാമയ്യയില്നിന്നും കര്‍ണാടക പിടിച്ചെടുക്കാനുള്ള ശക്തമായ നീക്കത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാസങ്ങളായി കര്‍ണാടകത്തില്‍ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്നു. മോദിക്കു പുറമേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നയിക്കും.
കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ കീഴിലുള്ള കോണ്‍ഗ്രസിനെ പടിയിറക്കി അധികാരത്തില്‍ തിരിച്ചെത്താനുള്ള നിര്‍ണായക തന്ത്രങ്ങളാണ് ബിജെപി പയറ്റിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരിക്കും പോരാട്ടമെന്നാണ് അഭിപ്രായ സര്‍വേകളും ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് മോദി നേരിട്ടെത്തി പ്രചാരണം നടത്തുന്നത് ബിജെപി അനുകൂല വികാരം ഉണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
Post Your Comments