ArticleLatest NewsWomenPen VishayamLife StyleWriters' Corner

അടക്കിപ്പിടിച്ച അമ്മത്തേങ്ങലുകൾ!

ശിവാനി ശേഖർ

ജീവിതത്തിലിന്നേവരെ കണ്ടുമുട്ടിയിട്ടുള്ള പല അമ്മമുഖങ്ങൾക്കും നിർവചനങ്ങൾ പലതായിരുന്നു! നൊന്തു പ്രസവിച്ച്, സ്നേഹത്തിൽ പൊതിഞ്ഞ്,പാലൂട്ടി വളർത്തി,നിർവൃതിയടഞ്ഞഅമ്മമാർ,പ്രസവിച്ചത് കൊണ്ടു മാത്രം അമ്മയായവർ, വാർദ്ധക്യത്തിലേക്ക് കാലൂന്നിയിട്ടും ഇപ്പോഴും മക്കൾക്കായി കഷ്ടപ്പെടുന്ന അമ്മമാർ,പ്രസവിക്കാതെയും അമ്മയാകാമെന്ന് തെളിയിച്ചവർ, ആർക്കും വേണ്ടാത്ത അമ്മമാർ,അമ്മ എന്ന പദത്തിന് കളങ്കം ചാർത്തിയവർ എന്നിങ്ങനെ നീണ്ടുപോകുന്നു അമ്മ മുഖങ്ങൾ!

കണ്ടു മറന്ന അനേകം അമ്മമുഖങ്ങളിൽ മായാതെ നില്ക്കുന്ന രണ്ട് മുഖങ്ങളുണ്ട്! ഒന്ന് സമ്പന്നതയുടെ നടുവിലും ദരിദ്രയായി ജീവിക്കേണ്ടി വന്നൊരമ്മയാണ്! എനിക്കൊരു പാട് പ്രിയമുള്ളൊരമ്മ! കഴുകിത്തുടച്ച നിലവിളക്കു പോലെ ഐശ്വര്യം തുളുമ്പുന്ന മുഖം! കുലീനമായ പെരുമാറ്റം,പരിസരവാസികൾക്കെല്ലാം പ്രിയങ്കരി!പരോപകാരത്തിന്റെ അവസാനവാക്ക്! ആ അമ്മയോട് സംസാരിച്ചിരിക്കാൻ തന്നെ നല്ല രസമാണ്!

പക്ഷേ: അടക്കിപ്പിടിച്ച കനലുകളിൽ ജീവിതത്തിന്റെ യൗവ്വനവും മദ്ധ്യാഹ്നവും എരിഞ്ഞടങ്ങിയ ഒരു ജന്മത്തിന്റെ ബാക്കിപത്രമാണ് അവർ എന്നു പറഞ്ഞാൽ അവിശ്വസനീയമായിരിക്കും! യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചിട്ട് കൂടി ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നു ആ അമ്മ! പി ജി കഴിഞ്ഞ സമയത്താണ് ദില്ലിയിൽ എംബസിയിൽ ഉയർന്ന ഉദ്യോഗമുള്ളയാളുമായി വിവാഹവും അന്യനാട്ടിലേക്കുള്ള പറിച്ചു നടലും! കൂടെയുള്ളവർ “ഭാഗ്യവതി” എന്നസൂയപ്പെട്ടപ്പോൾ ആരുമറിഞ്ഞിരുന്നില്ല, ഒരു ദുരിതപർവ്വത്തിലേക്കുള്ള യാത്രയ്ക്കാണ് തുടക്കം കുറിച്ചതെന്ന്! സ്തീലമ്പടനായ ഭർത്താവിന്റെ വഴി വിട്ട ജീവിതത്തിന് മൂകസാക്ഷിയായ ഭാര്യയാകാനായിരുന്നു യോഗം! ജോലിക്ക് പോകണമെന്ന ആഗ്രഹത്തെ അടുക്കളയിലിട്ട് കുഴിച്ചു മൂടി! ശബ്ദിക്കാൻ പോലുമുള്ള അവകാശമില്ല,ഭാഷയറിയില്ല,വഴിയറിയില്ല, പുറംലോകവുമായി ഒരു ബന്ധവുമില്ല!

നാട്ടിൽ നിന്നും വല്ലപ്പോഴും വരുന്ന കത്തുകൾക്കുള്ള മറുപടിയിൽ സ്വപ്നതുല്യമായ ഒരു ജീവിതത്തിന്റെ പൊയ്മുഖങ്ങൾ പകർത്തി വെച്ചു! പരാതികൾക്കും, പരിഭവങ്ങൾക്കും സ്ഥാനമില്ലാത്ത, ദേഹോപദ്രവങ്ങളുടെ നീറ്റലിലേക്ക് രണ്ട് പെൺകുട്ടികൾ കൂടി ജന്മമെടുത്തു! വല്ലപ്പോഴും കിട്ടുന്ന വീട്ടുചെലവുകളിൽ നിന്ന് ആ പെൺജീവിതങ്ങളെ കരുപ്പിടിപ്പിക്കാൻ ആ അമ്മ തപസ്സ് ചെയ്തു! കല്യാണനാളുകളിലെന്നോ കിട്ടിയ പഴഞ്ചൻ പട്ടുസാരിയിൽ കൃത്രിമച്ചിരിയുടെ നൂലിഴകൾ തുന്നിച്ചേർത്ത തിളക്കമുള്ളതാക്കി! വലിയൊരു സംഖ്യ ശമ്പളമായി കൈപ്പറ്റുന്ന അച്ഛനുണ്ടായിട്ടും ആ പെൺമക്കൾ ദാരിദ്ര്യത്തിന്റെ നിഴലിൽ നിന്ന് പഠിച്ചു..മക്കൾക്ക് വേണ്ടി ഭൂമിയോളം ക്ഷമിച്ച ആ അമ്മ ഭർത്താവിന്റെ മരണം വരെ അയാളുടെ വൈകൃതങ്ങൾക്ക് ഇരയായി ജീവിച്ചു! ഇന്ന് അയാളില്ല, മക്കൾ വിദേശത്ത് കുടുംബസമേതം സുഖമായി കഴിയുന്നു!പകുതി വിദേശത്തും പകുതി സ്വദേശത്തുമായി ജീവിക്കുന്ന ആ അമ്മ ഇന്ന് സന്തോഷവതിയാണ്! പുറംലോകത്തെ കാറ്റും മഴയും വെയിലും ആ വീടിന്റെ അകത്തളങ്ങളിൽ കുശലം പറഞ്ഞെത്താറുണ്ട്! എല്ലാവരും പറയുന്നു””ഇപ്പോഴാണ് ആ അമ്മ ജീവിക്കുന്നതെന്ന്””. എങ്കിലും അനുഭവങ്ങളുടെ തീച്ചൂളയിൽ വേണ്ടുവോളം വെന്തുരുകിയ ആ മനസ്സ് ഇടയ്ക്കിടെ ഞെട്ടിയുണരുന്നുണ്ട്!

ഇനി ,കണ്ണീരിന്റെ ഒരു കണിക പോലും ബാക്കിയില്ലാത്ത വരണ്ട കണ്ണുകളിൽ ഭീതി നിഴലിക്കുന്ന ഒരു അമ്മരൂപമാണ്! ഇടവഴികളിലൂടെ വേച്ച് വേച്ച് നടന്നു പോകുന്ന ആ രൂപം ,ജന്മം നല്കിയ മകന്റെ സമ്മാനമാണ്! ഇല്ലായ്മകൾക്കിടയിലും ഏകമകനെ രാജകുമാരനാക്കി വളർത്തി! ഭർത്താവിന്റെ അകാലമരണത്തിലും മകനിൽ പ്രതീക്ഷയർപ്പിച്ച ജീവിതം! കാലം കടിഞ്ഞാണില്ലാതെ കടന്നു പോയപ്പോൾ ആ കുടുംബം മകനും മരുമകളും കൊച്ചുമക്കളുമടങ്ങുന്ന ഒരു വലിയ കുടുംബമായി!

“പകൽമാന്യൻ “എന്നു വിളിക്കാവുന്ന ആ മകന് ഇന്ന് അമ്മയെ തല്ലുന്നത് നിത്യവിനോദമാണ്! നാട്ടുകാർ വല്ലപ്പോഴും കൊടുക്കുന്ന ഇത്തിരി ഭക്ഷണമാണ് അവരുടെ അന്നം!പകൽ മുഴുവനും റോഡിൽ കഴിച്ച് കൂട്ടി അന്തിയാകുമ്പോൾ കയറിച്ചെല്ലുന്ന ആ വയോധികയെ കാത്ത് ഒരു കുടയോ ,വടിയോ മകന്റെ കൈയിൽ ഒരുങ്ങിയിരിപ്പുണ്ടാവും! വൈകുന്നേരങ്ങളെ അസ്വസ്ഥമാക്കുന്ന ആ അമ്മയുടെ നിലവിളികൾ കാത് തുളച്ചെത്തുമ്പോൾ പലരും പല വട്ടം പോലീസിനെയും, NGOകളെയും സമീപിച്ചിട്ടുണ്ട്! പക്ഷേ, ആ അമ്മയുടെ പുത്രസ്നേഹത്തിൽ അവർ തോറ്റു മടങ്ങും! മകൻ വീണ്ടുമൊരങ്കത്തിന് തയ്യാറെടുക്കുമ്പോൾ വീണ്ടും നിലവിളിയുടെ നീർക്കുമിളകൾ പൊട്ടിച്ചിതറും! ആ മകന്റെ വാർദ്ധക്യവും ചരിത്രത്തിന്റെ ആവർത്തനമാകാതിരിക്കട്ടെ!

ജീവിതത്തിന്റെ നല്ല സമയങ്ങൾ മുഴുവനും മക്കൾക്ക് വേണ്ടി ബലി കഴിക്കുന്ന അമ്മമാരുടെ വാർദ്ധക്യത്തിന്റെ രണ്ടു തലങ്ങളാണ് നാമിവിടെ കാണുന്നത്! ഒരു കൊച്ചു കുട്ടിക്ക്കൊടുക്കുന്ന അതേ പരിഗണനയും, സ്നേഹവും കൊടുക്കേണ്ട സമയത്ത് പേരക്കിടാങ്ങളുടെയും വീടിന്റേയും ഉത്തരവാദിത്തങ്ങൽ ഏൽപ്പിച്ച് സ്വന്തം തിരക്കുകളിലേക്ക് മക്കളാണിന്നധികവും! ഒന്നുമല്ലെങ്കിലും ജന്മം നല്കിയ പരിഗണനയെങ്കിലും കാണിക്കാനുള്ള സന്മനസ് മക്കൾക്കുണ്ടാവണം!പെരുകി വരുന്ന വൃദ്ധസദനങ്ങളിലെ നാലു ചുമരുകൾക്കുള്ളിൽ, ,ആർക്കും വേണ്ടാതെ വഴിയമ്പലങ്ങളിൽ ഒക്കെയും ഇറ്റു വീഴുന്ന കണ്ണീരിന് ഒരു മന്ത്രവാദത്തിനും തോല്പിക്കാൻ കഴിയാത്ത, ഒരു പ്രായശ്ചിത്തവും പരിഹാരമാവാത്ത ജന്മങ്ങൾ പേറുന്ന ശാപമായിത്തീരും എന്ന് നിസ്സംശയം പറയാം!

shortlink

Related Articles

Post Your Comments

Related Articles


Back to top button