KeralaLatest NewsNews

വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്നത് കടുത്ത അസഹിഷ്ണുത: വി.മുരളീധരന്‍ എം.പി

തിരുവനന്തപുരം•വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്ന സമീപനം ഭരണകൂടത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി ദേശീയനിര്‍വ്വാഹക സമിതിഅംഗം വി. മുരളീധരന്‍ എംപി. സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അശ്വതിജ്വാലയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

വിദേശ വനിത ലിഗയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് അവരുടെ സഹോദരിയെ സഹായിക്കുകയും അന്വേഷണത്തില്‍ ഒപ്പം നില്‍ക്കുകയും മാത്രമാണവര്‍ ചെയ്തത്. അപ്പോള്‍ അധികാരികളുടെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതാണ് സര്‍ക്കാരിനു മുന്നില്‍ അശ്വതി ചെയ്ത തെറ്റ്. അതിന്റെ പേരില്‍ അവരെ പോലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന സമീപനം എതിര്‍ക്കപ്പെടണം. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന എല്ലാവരോടും അസഹിഷ്ണുതയോടെയാണ് പീണറായി സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

ഒരു പരാതികിട്ടിയപ്പോള്‍ അതിന്റെ നടപടിക്രമമെന്ന നിലയിലുള്ള അന്വേഷണമാണ് അശ്വതിക്കെതിരെ നടക്കുന്നതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. വിചിത്രവും പരിഹാസ്യവുമായ വാദമാണ് മന്ത്രിയുടേത്. ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നല്‍കിയ വിവിധങ്ങളായ നൂറുകണക്കിന് പരാതികള്‍ അന്വേഷിക്കാത്ത പോലീസ് ഊരുംപേരുമില്ലാത്ത ഒരാള്‍ സമൂഹത്തിന് നല്ലതുചെയ്യുന്ന അശ്വതിക്കെതിരെ കൊടുത്ത പരാതി അന്വേഷിച്ച് നടപടിയെക്കാന്‍ കാട്ടുന്ന വ്യഗ്രത എന്തിന്റെ പേരിലാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. ഒരു ചെറിയ കുട്ടി സമൂഹത്തിലെ അനീതിക്കെതിരായി ശബ്ദമുയര്‍ത്തുമ്പോള്‍ അതില്‍ അസ്വസ്ഥരാകുന്നവര്‍ അവളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നു.

vm 4സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാഷ്ട്രീയമായ ഇടപെടലല്ല വേണ്ടത്. സമൂഹത്തിലെ എല്ലാവരും രംഗത്തുവരണം. പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും സ്ത്രീസംഘടനകളുമെല്ലാം അശ്വതിക്കെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിക്കണം. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയാണവര്‍. പ്രവര്‍ത്തനത്തിന്റെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നു. പൊതുസമൂഹത്തിന് അവരെയറിയാം. സര്‍ക്കാരിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ട്. വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആരെയെങ്കിലും രക്ഷിക്കേണ്ടതുണ്ടോയെന്നറിയില്ല. എങ്കിലും ഇക്കാര്യത്തിലുള്ള സമീപനങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും വി.മുരളീധരന്‍ വ്യക്തിമാക്കി.

അശ്വതിയുടെ വീട്ടിലെത്തിയ മുരളീധരന്‍ അശ്വതിയോടും അമ്മ വിജയകുമാരി, സഹോദരന്‍ രാജേഷ് എന്നിവരോടും സംസാരിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീവരാഹം വിജയന്‍, ഏരിയ പ്രസിഡന്റ് നന്ദന്‍, മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, കഴക്കൂട്ടം മണ്ഡലം മഹിളമോര്‍ച്ച പ്രസിഡന്റ് ജയാരാജീവ് എന്നിവര്‍ വി. മുരളീധരനൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button