പാലക്കാട്: ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് രാഷ്ട്രീയ പകപോക്കല്‍ തുടര്‍ക്കഥയാകുകയാണ്. അട്ടപ്പാടിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൊളിക്കാനായി പല ഭാഗത്തു നിന്നും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ തന്നെ ഭാഗമായി അട്ടപ്പാടിയില്‍ സാമൂഹിക അടുക്കള ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നടപ്പാക്കിയ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍ആര്‍എല്‍എം) ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സീമ ഭാസ്‌കരനെതിരെ പരസ്യമായി നീക്കം തുടങ്ങിക്കഴിഞ്ഞു.
ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ തദ്ദേശ ഭരണവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ട് ബന്ധമുള്ള മൂന്ന് പേരാണ് നീക്കത്തിന് പിന്നിലെന്ന്‍ രഹസ്യ വിവരം ഇപ്പോഴെ കിട്ടിക്കഴിഞ്ഞു. വനവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി വൈകുന്നത് ഒഴിവാക്കാന്‍ എന്‍ആര്‍എല്‍എം കുടുംബശ്രീ വഴി പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.
അട്ടപ്പാടിയില്‍ ശിശുമരണവും വിവിധ രോഗങ്ങളും വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് എന്‍ആര്‍എല്‍എം വഴി വികേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയത്. കൃത്യമായ ഇടവേളകളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കാറുമുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തികളെല്ലാം മറ്റുപാര്‍ട്ടികളെ ചൊടിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ അത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും എന്ന നിലയിലാണ് അവര്‍.
കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ പ്രാദേശിക ഭരണസമിതികള്‍ക്ക് എന്‍ആര്‍എല്‍എം പ്രവര്‍ത്തനങ്ങളില്‍ കൈകടത്താനോ അഴിമതി നടത്താനോ കഴിയാത്തതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. സംസ്ഥാന കുടുംബശ്രീയില്‍ നിന്ന് എന്‍ആര്‍എല്‍എം പ്രോജക്റ്റിലേക്ക് ഡെപ്യൂട്ടേഷനില്‍ എത്തിയ മൂന്ന് ഉദ്യോഗസ്ഥരാണ് രാഷ്ട്രീയക്കാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതെന്നാണ് വിവരം. ഊരു സമിതികളെയും അയല്‍ക്കൂട്ടങ്ങളെയും ഇല്ലാതാക്കി, എന്‍ആര്‍എല്‍എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെ കുടുംബശ്രീ സംവിധാനത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് ശ്രമം. വനവാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനായി കഴിഞ്ഞ ദിവസം എന്‍ആര്‍എല്‍എമ്മിന്റെ പദ്ധതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ഇവര്‍ സംഘടിപ്പിച്ചിരുന്നു.
കൂടാതെ പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സന്ദേശവും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഈ പദ്ധതി അട്ടിമറിക്കുന്നതിന്റെ ഭാഗമായി മൂന്ന് പഞ്ചായത്ത് ഭരണസമിതികളും ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലിനും പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
എന്‍ആര്‍എല്‍എം ഊരുസമിതികളിലൂടെ വനവാസികള്‍ക്ക് 200 ദിവസം തൊഴിലുറപ്പാക്കാനും പണം മുന്‍കൂറായി ഈ കുടുംബശ്രീ യൂണിറ്റുകള്‍ തൊഴിലാളികള്‍ക്ക് നല്‍കാനുമുള്ള പദ്ധതി നടപ്പാക്കുന്നതിലാണ് പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ ഇടങ്കോലിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലുറപ്പു പദ്ധതി മിഷന്‍ ഡയറക്ടര്‍ വിളിച്ച യോഗത്തില്‍നിനിന്ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോക്കു നടത്തിയായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. പഞ്ചായത്തിലെ കുടുംബശ്രീ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. എന്നാല്‍ ഇത്തരം വെല്ലുവിളിയിലും പ്രതിഷേധത്തിലും തളരാതെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് സീമ ഭാസ്‌കരനുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.
Post Your Comments