Latest NewsIndiaNews

തീവ്രവാദികളെ നേരിടാന്‍ കരിമ്പൂച്ചകളെ രംഗത്തിറക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി:തീവ്രവാദ ആക്രമങ്ങളെ നേരിടാനും,സൈനീകരെ സഹായിക്കുന്നതിനുമായി കശ്മീര്‍ താഴ് വരകളില്‍ ബ്ലാക്ക് കേറ്റ് കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്ര തീരുമാനം. ഏറ്റുമുട്ടല്‍ നടക്കുന്നിടത്ത് സാധാരണക്കാര്‍ ബന്ധികളാക്കപ്പെടുന്ന സാഹചര്യങ്ങള്‍ നേരിടാനാണ് പുതിയ നീക്കം.ഇത്തരം സാഹചര്യത്തില്‍ സൈന്യത്തിനും ജമ്മുകശ്മീര്‍ പൊലീസിനും കമാന്‍ഡോകളുടെ സാന്നിധ്യം പ്രയോജനപ്പെടുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കമാന്‍ഡോകളെ വിന്യസിക്കുന്നതിനുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ പൊലീസ് മേധാവി എസ്.പി.വൈദ് വ്യക്തമാക്കി.

ഒളിയിടങ്ങളില്‍ വളരെ പെട്ടന്ന് കടന്നുകയറുക, ബന്ധികളെ സുരക്ഷിതമായി മോചിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളതിനാല്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വിജയകരമായി അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി തിരിച്ചടി നല്‍കാന്‍ പരിശീലനം ലഭിച്ചവരാണ് ഇത്തരം കമാന്‍ഡോകള്‍. ഇതാദ്യമായല്ല എന്‍എസ്ജി കമാന്‍ഡോകളെ കശ്മീരില്‍ വിന്യസിക്കുന്നത്. ഇതിനു മുമ്പും ഭീകരവിരുദ്ധ നടപടികള്‍ക്ക് എന്‍എസ്ജിയുടെ സഹായം തേടിയിട്ടുണ്ട്.

എന്‍.എസ്.ജിയുടെ തന്നെ പ്രത്യേക വിഭാഗമായ എച്ച്.ഐ.ടി ( ഹൗസ് ഇന്റര്‍വെന്‍ഷന്‍ ടീം) ആണ് സൈന്യത്തിന്റെ സഹായത്തിനായി താഴ്‌വരയില്‍ എത്തുക. ആറ് പേരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് എച്ച്.ഐ.ടി. നോണ്‍ കമ്മീഷണ്‍ഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് സംഘത്തിന് നേതൃത്വം നല്‍കുക. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് പരമാവധി അത്യാഹിതങ്ങള്‍ കുറച്ച് സാഹചര്യത്തെ നേരിടാന്‍ പ്രത്യേകം പരിശീലനം ലഭിച്ച വിഭാഗമാണ് എച്ച്.ഐ.ടിയുടേത്.

ഇന്ത്യന്‍ ആര്‍മിക്ക് പുറമെ അര്‍ധ സൈനിക വിഭാഗമായ സി.ആര്‍.പി.എഫിനും എന്‍.എസ്.ജി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. 2016-ലെ പത്താന്‍കോട്ട് ആക്രമണം, മുംബൈ ഭീകരാക്രമണം, 2002ലെ അക്ഷര്‍ധാം ആക്രമണം എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് എന്‍.എസ്.ജി സംഘത്തെയാണ് കേന്ദ്രം നിയോഗിച്ചത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താനായി 1984-ല്‍ രൂപവത്കരിച്ച, ഇന്ത്യയുടെ സര്‍വ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്. തീവ്രവാദത്തെ ചെറുക്കുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇപ്പോള്‍ പ്രധാനമായും ഈ സേനയെ ഉപയോഗിച്ചുവരുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് സേന പ്രവര്‍ത്തിക്കുന്നത്. കശ്മീരില്‍ ഭീകരര്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന വിവരങ്ങളേ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button