ഡൽഹിയിലെ റെഡ് ഫോർട്ട് ബിജെപി സർക്കാർ ഡാൽമിയയ്ക്ക് വിറ്റുതുലച്ചു…. ഇന്നലെ മുതൽ ചിലർ ഉയർത്തിക്കാട്ടുന്ന വാർത്തയാണിത്. റെഡ് ഫോർട്ട് മാത്രമല്ല താജ് മഹലും മറ്റ് അനേകം ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളും കെട്ടിടങ്ങളും നരേന്ദ്ര മോഡി സ്വകാര്യ കുത്തക സ്ഥാപനങ്ങൾക്ക് തീറെഴുതുകയാണ്……. അത് ഏറ്റുപിടിക്കാൻ കുറെ മാധ്യമങ്ങളും. ‘കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്നത് പോലെ’യേ ഇതിനെ കാണേണ്ടതുള്ളൂ. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്, എന്താണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്….. എന്നിട്ടും കുപ്രചരണങ്ങൾ തുടരുന്നു എന്നതാണ് ഖേദകരം. റെഡ് ഫോർട്ട് മാത്രമല്ല മറ്റ് നൂറിലേറെ ചരിത്ര സ്മാരകങ്ങൾ ഇതുപോലെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുകൊണ്ട് മികവുറ്റതാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലക്ക് വലിയ സഹായകരമാവുന്നതാണ് ഈ പദ്ധതി.
നമ്മുടെ നാട്ടിലെ വൻകിട സ്ഥാപനങ്ങൾ സിഎസ്ആർ ഇനത്തിൽ കോടികൾ ചിലവിടുന്നുണ്ട്. സിഎസ്ആർ എന്നത് ‘കോപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി’എന്നതിന്റെ ചുരുക്കപ്പേരാണ്. തങ്ങളുടെ സ്ഥാപനമുണ്ടാക്കുന്ന ലാഭത്തിൽ ഒരു വിഹിതം സമൂഹത്തിന്റെ നന്മക്കായി മാറ്റിവെക്കുന്നു….. അത് സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനങ്ങളും ചിലവിടുന്നുണ്ട്. സ്വകാര്യമേഖലയിലുള്ളവർ എത്രയോ പദ്ധതികൾ ആ നിലക്ക് ഏറ്റെടുത്ത് നടത്തുന്നുണ്ട്. വിദ്യാഭ്യാസം ആദിവാസിക്ഷേമം, സ്ത്രീകൾക്കായുള്ള പദ്ധതികൾ…….. അങ്ങിനെ അനവധി പദ്ധതികൾ ഇന്നുണ്ട്. സിഎസ്ആർ ഫണ്ട് എന്തുകൊണ്ട് നമ്മുടെ ചരിത്രസ്മാരകങ്ങളുടെ മേന്മവർധിപ്പിക്കാൻ ഉപയോഗിച്ചുകൂടാ എന്നതാണ് സർക്കാർ ചിന്തിച്ചത്. അതിനർർത്ഥം ചരിത്രസ്മാരകങ്ങൾ മുഴുവൻ ഈ കോർപറേറ്റ് സ്ഥാപനങ്ങൾക്ക് തീറെഴുതിക്കൊടുക്കുന്നു എന്നതല്ല. ഇത്തരം ചരിത്ര സ്ഥാപനങ്ങളിൽസന്ദർശനത്തിന് എത്രയോ പേര് ദിവസേനയെത്തുന്നു. അവിടെ പലതിലും പോയവർക്കറിയാം, കഴിഞ്ഞ മുപ്പത് -നാല്പത് വർഷങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. സന്ദർശകർക്ക് അവശ്യം വേണ്ടുന്ന സൗകര്യങ്ങൾ അവിടെ ഇല്ല. കുടിവെള്ളം, ശുചിമുറികൾ, വാഹന പാർക്കിങ് സൗകര്യങ്ങൾ, കുറച്ചുനേരം ഇരിക്കാൻ ചാരുബെഞ്ചുകളോ മറ്റോ, ചെറിയ തോതിൽ എന്തെങ്കിലും കഴിക്കാൻ പാകത്തിന് റസ്റ്റോറന്റുകൾ……..
സർക്കാർ സ്ഥാപനങ്ങൾ അല്ലെങ്കിൽ, എഎസ് ഐ, അവിടെയെത്തുന്നന്നവരിൽ നിന്ന് ചെറിയ തോതിൽ പ്രവേശന ഫീസ് വാങ്ങുന്നുണ്ട്. അത് ആ ചരിത്ര സ്മാരകത്തിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ നിത്യനിദാനത്തിനും നടത്തിപ്പിനും സുരക്ഷക്കും മാത്രമേ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. അതിനുതന്നെ ആ പണം കൊണ്ട് മതിയാവുന്നുമില്ല. വികസന പദ്ധതികൾ ഒന്നും നടപ്പിലാക്കാൻ കഴിയാതെ പോയി. അത് നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള കാര്യമല്ല, കഴിഞ്ഞ കുറെ വര്ഷങ്ങളായി നടക്കുന്നത് അതാണ്. അപ്പോഴാണ് എന്തുകൊണ്ട് സിഎസ്ആർ ഫണ്ടുകൾ ഇതിനായി നീക്കിവെപ്പിച്ചുകൂടാ എന്ന ചിന്ത ഉടലെടുത്തത്. അപ്പോൾ വൻകിട കമ്പനികൾ താല്പര്യം കാണിക്കാൻ തയ്യാറായി. അങ്ങിനെയാണ് പദ്ധതിക്ക് രൂപംനൽകിയത്.
ഇവിടെ ഒരു സ്മാരകവും ഒരാൾക്കും തീറെഴുതുന്നില്ല എന്നത് ആദ്യം മനസിലാക്കുക. ചരിത്ര സ്മാരകം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധീനതയിൽ തന്നെയാണുണ്ടാവുക. അതിനോട് ചേർന്ന് നേരത്തെ സൂചിപ്പിച്ചത് പോലെ ചില സൗകര്യങ്ങൾ ഉണ്ടാക്കാനായി പൊതു മേഖല സ്ഥാപനങ്ങൾ, സ്വകാര്യ കോർപറേറ്റ് സ്ഥാപനങ്ങൾ എന്നിവയെ പ്രയോജനപ്പെടുത്തുന്നു. അവിടെ ഉണ്ടാക്കുന്ന ഒരു പാർക്കിൽ പ്രവേശനത്തിന് ഫീസ് അവർക്ക് പിരിക്കാനാവും; അവിടെയുള്ള ടോയ്ലെറ്റുകൾ ഉപയോഗിക്കുന്നതിന്, കാര് പാർക്ക് ചെയ്യുന്നതിന് ഒക്കെ അവർ ഫീസ് പിരിക്കും. അവയും സ്മാരകത്തിൽ പ്രവേശിക്കുന്നതിനുള്ള ഫീസും സർക്കാർ ഖജനാവിലേക്കാണ് എത്തുക. അതൊക്കെത്തന്നെ സ്മാരകത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തും. ഇവിടെ സ്മാരകം ഏറ്റെടുക്കുന്ന സ്വകാര്യ സ്ഥാപനത്തിന് ഉണ്ടാവുന്ന മെച്ചം എന്ന് പറയുന്നത്, അവരുടെ സിഎസ്ആർ ഫണ്ട് ഒരു ചരിത്രസ്മാരകത്തിനായി ചിലവിടുന്നു എന്ന സന്തോഷം. പിന്നെ ഉണ്ടാവുന്ന മെച്ചം അവരാണ് അതിന്റെ നടത്തിപ്പ് എന്ന് കാണിക്കുന്ന ഒരു ബോർഡ് വെക്കാൻ അനുമതിയുണ്ടാവും. കേന്ദ്ര സർക്കാരിന്റെ ഫണ്ടുപയോഗിച്ചു ബസ് ഷെൽട്ടറും മറ്റും നിർമ്മിക്കുമ്പോൾ ഈ എംപിയുടെ ഫണ്ടിൽ നിന്ന് എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിവെക്കുന്നില്ലേ………..ഇവിടെ കോടികൾ ചിലവിടുന്നവർ അവരുടെ ഒരു ബോർഡ് വെച്ചത് കൊണ്ട് എന്താണിത്ര പ്രശ്നം. റെഡ്ഫോർട്ടിൽ ഡാൽമിയ ഗ്രൂപ്പ് ചെലവിടാൻ ഉദ്ദേശിക്കുന്നത് , അഞ്ചുവര്ഷംകൊണ്ട് , 250 കോടിരൂപയാണ്. റെഡ്ഫോർട്ടും പരിസരവും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ അതിലൂടെ കഴിയും.
വിനോദസഞ്ചാര മേഖലയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നതാവും ഈ പദ്ധതി എന്നതിൽ സംശയമില്ല. 2017 ലെ ലോക ടൂറിസം ദിനത്തിൽ രാഷ്ട്രപതിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത് എന്നതുമോർക്കുക. അതിനു മുൻപ് യുപിഎ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയായ് സ്കീം അനുസരിച്ച് ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിന് സിഎസ്ആർ ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു എന്നതും ഓർക്കുക. 2014 ഫെബ്രുവരി 27 നു പിഐബി പുറത്തിറക്കിയ പ്രസ് റിലീസ് ഇതൊന്നിച്ചുണ്ട് . അതിലെ ‘ഇ ‘ ഭാഗം നോക്കുക. അന്ന് ഉണ്ടായിരുന്ന ചിന്തയും പദ്ധതിയുമാണ്; അതിപ്പോൾ ബിജെപി സർക്കാർ നടപ്പിലാക്കുന്നു എന്നുമാത്രം.
Post Your Comments