കണ്ണൂര്‍: ദൈവം ചെകുത്താനായി മാറി നാട്ടുകാരെ വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ തില്ലങ്കേരി പാടിക്കച്ചാല്‍ ഈയ്യങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടയിലാണ് സംഭവം. ഉറഞ്ഞാടിയ തെയ്യം നാട്ടുകാർക്കിടയിലേക്ക് ഇറങ്ങി മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും, ഒരാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിക്കുകയുമായിരുന്നു.
തില്ലങ്കേരി കൈതച്ചാമുണ്ടി എന്ന പേരിലറിയപ്പെടുന്ന തെയ്യം കെട്ടിയ കോലധാരിയാണ് രണ്ടുപേരെ ആക്രമിച്ചത്. കോലക്കാരനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. രൗദ്രഭാവത്തില്‍ കൈതച്ചാമുണ്ടിതെയ്യം കൈതവെട്ടാന്‍ പോകുന്ന ചടങ്ങുണ്ട്. ഈ സമയം വഴിയരികില്‍ ഫോണില്‍ സംസാരിച്ചുന്ന ഒരാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങിയാണ് തെയ്യം ചവിട്ടിപ്പൊട്ടിച്ചത്. അതിനുശേഷം വഴിയരികില്‍ നിന്ന സുനില്‍കുമാര്‍ എന്നയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഞരമ്പ് മുറിഞ്ഞ നിലയില്‍ സുനില്‍ കുമാറിനെ തലശേരിയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഉത്തമന്‍ എന്നയാളെയും വെട്ടി. എന്നാല്‍ ഉത്തമന്റെ പരുക്ക് സാരമുള്ളതല്ല. മറ്റൊരാള്‍ക്ക് കൂടി സാരമായ വെട്ടേറ്റു. സംഭവം അറിഞ്ഞെത്തിയ മുഴക്കുന്ന് പോലിസ് കോലക്കാരന്‍ ബൈജുവിനെ കസ്‌റ്റഡിയിലെടുത്തു.
അതേ സമയം തെയ്യക്കോലം കെട്ടിയ ആള്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ തെയ്യക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. തെയ്യം അക്രമകാരിയായത് സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ആചാരത്തിന്റെ ഭാഗമാണെന്ന് മറ്റുതെയ്യങ്ങളും ബിജെപി പ്രവർത്തകരും ആരോപിച്ചു.
തെയ്യം നടത്തുന്ന അക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വാളുമായി തെയ്യം ആള്‍ക്കാരുടെ പിന്നാലെ പായുന്നതും വാളോങ്ങുന്നതും വീഡിയോയില്‍ കാണാം. സ്‌ത്രീകളും കുട്ടികളുമടക്കം പലരും അലറിക്കരയുന്നതും വീഡിയോയിലുണ്ട്.അതിനിടെ തെയ്യം കലാകാരനെ അനൂകുലിച്ചും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. രൗദ്രഭാവത്തില്‍ ഉള്ള തെയ്യമാണ് കൈതച്ചാമുണ്ടിയെന്നും അതിന് അടുത്ത് പോകരുതെന്ന് കമ്മിറ്റിക്കാര്‍ പലവട്ടം മൈക്കിലൂടെയും അല്ലാതെയും വിളിച്ചുപറഞ്ഞരുന്നുവെന്നും ചിലര്‍ വാദിക്കുന്നു.
കടപ്പാട് : നാരദ ന്യൂസ് മലയാളം
Post Your Comments