കൊച്ചി : ഓൺലൈൻ മരുന്നു വ്യാപാര വിഷയത്തിൽ ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ. ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും അത് ഇതുവരെ പ്രാവർത്തികമായിട്ടില്ല. ഗർഭച്ഛിദ്ര മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ലൈംഗിക ഉത്തേജകങ്ങൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഇ–ഫാർമസികൾ വഴി വിതരണം ചെയ്യാൻ അനുവദിക്കുന്നതു ഭാവിയിൽ ദോഷം ചെയ്യുമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അധികൃതർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു.
2016 ലാണ് ഓൺലൈൻ മരുന്നു വ്യാപാരത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതിനു മാർഗനിർദേശങ്ങൾ നിശ്ചയിച്ചിരുന്നില്ല. ഐടി ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട്, ഫാർമസി ആക്ട് എന്നിവയ്ക്കു വിധേയമായി മരുന്നു വ്യാപാരം നടത്താനായിരുന്നു അനുമതി. ഇതു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തെളിവുകൾ മുംബൈ കെമിസ്റ്റ് അസോസിയേഷൻ ഹാജരാക്കിയതോടെയാണ് വ്യാപാരത്തിനു നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം തുനിഞ്ഞത്.
Read also:ദൈവം ചെകുത്താനായി മാറി ; മൂന്നുപേരെ വെട്ടിയ തെയ്യം കസ്റ്റഡിയിൽ
ഓൺലൈൻ വ്യാപാരത്തിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതു ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും മയക്കുമരുന്നുകളുമാണെന്നതിന്റെ തെളിവുകളാണ് മുംബൈ കെമിസ്റ്റ് അസോസിയേഷൻ നൽകിയത്. തുടർന്ന് ഓൺലൈൻ മരുന്നു വില്പനയിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
വീട്ടുപടിക്കൽ ആന്റിബയോട്ടിക്കുകൾ ലഭ്യമാക്കുമ്പോൾ ചെറിയ രോഗങ്ങൾക്കു പോലും അത് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാവുമെന്ന നിലപാടിലാണ് കേരളം. ഗർഭച്ഛിദ്ര മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും ‘സ്വകാര്യ’ മായി ലഭിക്കുന്നത് അപകടമാണ്. രണ്ടു വർഷത്തിനുള്ളിൽ ക്ഷയരോഗം തുടച്ചു നീക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കും നയം വിഘാതമാവും.
അമ്പതിനായിരം രൂപ ഉണ്ടെങ്കിൽ ആർക്കും ഇ–ഫാർമസി നടത്താം എന്നതാണ് സ്ഥിതി. കേരളത്തിൽ ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ സംസ്ഥാന സർക്കാരിന് നിയന്ത്രണം ഉണ്ടാവില്ല. ഓൺലൈനിലൂടെ മരുന്നു സംഭരിച്ചു വിൽക്കുന്നതു കൂടുതൽ ലാഭമുള്ള വ്യവസായമാകുമ്പോൾ ചെറുകിട കച്ചവടക്കാർക്കും ഈ സമ്പ്രദായത്തോട് എതിർപ്പുണ്ടാവില്ലെന്നാണ് സൂചന.
Post Your Comments