യോഗ പഠനത്തിനായി കേരളത്തിലെത്തിയ വിദേശ വനിത ലീഗയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നു വരുമ്പോഴാണ് തിരിച്ചറിയാന്‍ പോലുമാകാത്തതരത്തില്‍ കോവളത്തിനടുത്ത് ചെന്തിലാക്കരിയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തിയത്. ഇത് ലീഗയുടെതാണെന്നു വസ്ത്രങ്ങള്‍ കണ്ട് സഹോദരി ഇലീസയും ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്ര്യൂസുംവും തിരിച്ചറിഞ്ഞു. എന്നാല്‍ ഡിഎന്‍എ ഫലം വന്നാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.
ലീഗയെ കാണാതായ നാള്‍ മുതല്‍ നിരന്തരമായ അന്വേഷണം നടത്തുകയാണ് സഹോദരിയും ഭര്‍ത്താവും. അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാനാണ് കേരളത്തിലെത്തിയത്. ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ അവര്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആയുര്‍വേദ റിസോര്‍ട്ടിലേക്കും ചികിത്സയ്‌ക്കെത്തി. റിസോര്‍ട്ടിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്. ലീഗയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരിയും മന്ത്രിമാരേയും സമീപിച്ചു. ഒന്നും നടന്നില്ല. ലീഗയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പോലും പ്രഖ്യാപിച്ചു. പക്ഷെ കാര്യമുണ്ടായില്ല. ഒടുവില്‍ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വാഴമുട്ടത്തെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തി. അപ്പോള്‍ പൊലീസ് പറയുന്നത് ഇതൊരു ആത്മഹത്യയാണെന്നാണ്. ഇത് ഉള്‍ക്കൊള്ളാന്‍ ലിഗയുടെ കുടുംബത്തിന് കഴിയുന്നില്ല.
തന്റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ പറയുന്നു. ലിഗയുടേതുകൊലപാതകമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് അവര്‍. ലിഗയുടെ കയ്യില്‍ പണമുണ്ടാകാനുള്ള സാധ്യതയില്ലാത്തതിനാല്‍ മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാന്‍ ഒരു സാധ്യതയുമില്ലയെന്നും ഇലീസ പറയുന്നു. കൂടാതെ ലിഗയെ കാണാതായ പരാതി നല്‍കിയ നാള്‍ മുതല്‍ വളരെ മോശമായ രീതിയിലാണ് കേരള പൊലീസിന്റെ ഇടപെടലെന്നും അവര്‍ കുറ്റപ്പെടുത്തി. ലിഗയുടെ മാനസികാവസ്ഥ സംബന്ധിച്ച് എല്ലാം പറഞ്ഞിട്ടും പൊലീസ് പരാതി ഗൌരവമായി എടുത്തിരുന്നില്ല. തുടര്‍ന്ന് മൂന്നോ നാലോ ദിവസത്തിന് ശേഷം മാധ്യമങ്ങളെ കാണുകയും പരാതികള്‍ നല്‍കുകയും ചെയ്തപ്പോഴുണ്ടായ സമ്മര്‍ദം വന്നപ്പോള്‍ മാത്രമാണ് പൊലീസ് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങിയത്. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസണ്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചു. കണ്ടല്‍ക്കാടുകളില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നും മരണ കാരണം കൊലപാതകമാണെന്ന് പരാതിപ്പെട്ടപ്പോള്‍ തനിക്കും മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞെന്ന് ആന്‍ഡ്രൂസ് പറഞ്ഞു. ലിഗയെ കാണാതായ സ്ഥലത്തിനു സമീപത്താണ് പൊലീസ് സ്റ്റേഷന്‍. എന്നിട്ടും തിരച്ചിലിന് ആത്മാര്‍ഥ ശ്രമം ഉണ്ടായില്ല. കേരളത്തിലെ ഒരു ഹോട്ടലില്‍ ഭാര്യയെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ അവിടെയുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തി മാനസിക രോഗിയായി ചിത്രീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ആന്‍ഡ്രൂസ് പറയുന്നു. തന്റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയില്‍ കിടത്തിയിരുന്നതെന്നും ആന്‍ഡ്രൂസ് പറഞ്ഞു. ലിഗയെ തട്ടിക്കൊണ്ടു പോയതാണെന്ന് തനിക്ക് ഉറപ്പുണ്ട്. കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിയയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നും ആന്ട്രൂസ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നുണ്ട്.
കോവളത്തെ കണ്ടല്‍കാടുകളിലെ വള്ളിപ്പടര്‍പ്പില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് ഭാഷ്യം. ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരിക്കുകളില്ല. അതുകൊണ്ട് തന്നെ വിഷം ഉള്ളില്‍ ചെന്നാകാം മരിച്ചതെന്നുമുല്ല നിഗമനത്തിലാണ് പൊലീസ്. തല വേര്‍പെട്ട നിലയില്‍ ജീര്‍ണിച്ചായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണിച്ചതാകാം തല വേര്‍പെടാന്‍ കാരണമെന്നും പൊലീസ് പറയുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച അടിവസ്ത്രത്തിന്റെ ബ്രാന്റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പിനിയുടേതാണെന്നാണ് ഒന്നാമത്തെ തെളിവായി പൊലീസ് പറയുന്നത്. കൂടാതെ മൃതദേഹത്തിന് സമീപത്ത് വെച്ച് ലഭിച്ച സിഗരറ്റ് പായ്ക്കറ്റ് ഇവര്‍ ഉപയോഗിച്ചിരുന്ന ബ്രാന്റാണെന്നും പൊലീസ് വ്യക്തമാക്കുന്നു. മൃതദേഹം ലഭിച്ച കണ്ടല്‍കാടുകളിലേക്ക് ഇവര്‍ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരിച്ചത് ലീഗ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. ഈ കേസിലെ അന്വേഷണം വെല്ലുവിളിയാണെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നു. ഏറ്റവും മികച്ച ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തും. ഒരുദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാവില്ല. എത്രസമയമെടുത്താലും സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Post Your Comments