ArticleKeralaNattuvarthaLatest NewsNewsParayathe VayyaEditor's Choice

കാരുണ്യത്തിന്റെ മാലാഖമാരോട് സര്‍ക്കാര്‍ എന്തുകൊണ്ട് കനിയുന്നില്ല ?

തോമസ്‌ ചെറിയാന്‍ .കെ

ആരോഗ്യരംഗത്തിന്റെ നെടും തൂണുകളായി നിന്ന് വേദനയില്‍ കേഴുന്ന ആയിരങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്ന കാരുണ്യത്തിന്റെ മാലാഖമാര്‍ ഇന്ന് കണ്ണീരിന്റെ ആഴക്കടലിലാണ്. ഉപജീവനമാര്‍ഗം എന്നതിലുപരി സേവന സന്നധത എന്ന മഹത് ദൗത്യം നെഞ്ചിലേറ്റി നഴ്‌സിങ് കോട്ടണിഞ്ഞ ഈ മാലാഖമാര്‍ക്കെതിരെ സര്‍ക്കാരും സ്വകാര്യ മുതലാളിമാരും എന്തിന് മുഖം തിരിക്കുന്നുവെന്നാണ് സാക്ഷര കേരളം ഇപ്പോള്‍ നീറ്റലോടെ ചിന്തിക്കുന്നത്. എത്രത്തോളം വേദനയും കഷ്ടപ്പാടുമാണ് നഴ്‌സുമാരും അവരുടെ വരുമാനം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും അനുഭവിക്കുന്നതെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണു തുറന്നു കാണണം. വേദനയുടെ തീരാക്കയത്തില്‍ നില്‍ക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാനായി കഴിഞ്ഞ കുറച്ചു മാസങ്ങളായി നഴ്‌സുമാര്‍ പൊരുതുകയാണ്. ആ പോരാട്ടത്തിന്റെ എരിയുന്ന ജ്വലനം നഴ്‌സുമാരുടെ മാര്‍ച്ചായി കേരളത്തിന് മുന്നിലേക്കെത്തുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്നാണ് ജനമനസുകളിലെ വിശ്വാസം.

ആയിരക്കണക്കിന് നഴ്‌സുമാരാണ് ലോകത്തിന്റെ പലഭാഗത്തായി ജോലി ചെയ്ത് കുടംബം പുലര്‍ത്തുന്നത്. നഴ്‌സുമാരുടെ സമൂഹത്തെ പ്രത്യേകിച്ച് ഇന്ത്യന്‍ നഴ്‌സുമാരെ ലോകം മുഴുവന്‍ ആദരിക്കുന്ന വേളയിലും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവഗണനയുടെ കയ്പ്പുനീരാണ് അവര്‍ക്ക് കുടിയ്‌ക്കേണ്ടി വരുന്നത്. നഴ്‌സുമാര്‍ക്ക് നല്‍കേണ്ട മിനിമം വേതനം സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിട്ടും ആശുപത്രി മാനേജ്‌മെന്റു കള്‍ ന്യായല്ലാത്ത ഒഴിവുകഴിവുകള്‍ പറഞ്ഞ് വേതനം തടയുകയാണ്. ഇതിന് ആശുപത്രി മാനേജ്‌മെന്റുകള്‍ക്കൊപ്പം സര്‍ക്കാരും ഒത്തുകളിയ്ക്കുകയാണെന്ന് ഈ മാലാഖമാര്‍ കണ്ണീരോടെ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ ഉത്തരവും ഇറക്കിയിട്ടില്ല. നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് പോരാട്ടത്തിനായി ആശുപത്രി വിട്ട് ഇറങ്ങിയത്.

ഈ സമയത്താണ് തിരുവനന്തപുരത്തേക്ക് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ ലോങ് മാര്‍ച്ചുമായി അവകാശ പോരാട്ടത്തിന് ഒരുങ്ങുന്നത്. കേരളം സാക്ഷിയായ സമരങ്ങളില്‍ ഏറ്റവും വലിയ ഒന്നായി മാറുകയാണ് നഴ്‌സുമാരുടെ പോരാട്ടം. മാര്‍ച്ച് നടത്തരുതെന്ന് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. 24 മുതല്‍ ഐസിയു ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ സ്തംഭിപ്പിച്ചുകൊണ്ട് നഴ്‌സുമാര്‍ സമരമുഖത്തേക്കിറങ്ങുന്നത് കേരളം ഭീതിയോടെയാണ് കാണുന്നത്. സമരത്തിന്റെ ആരംഭം മുതല്‍ ഇന്നു വരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉത്തരവാദിത്വപരമായ പ്രതികരണമോ നടപടികളോ ഉണ്ടായിട്ടില്ല. നാളുകളോളം സമരം നടത്തിയിട്ടാണ് വേതനം സംബന്ധിച്ച് അന്തിമ തീരുമാനം കോടതിയില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഉത്തരവ് സംബന്ധിച്ചുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങാത്തത് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെയും സര്‍ക്കാരിന്റെയും ഒത്തുകളിയല്ലേ എന്നാണ് നഴ്‌സുമാരുടെ പ്രധാന ചോദ്യം. ഉത്തരവ് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ 10 ദിവസം വേണമെന്ന ലേബര്‍ കമ്മീഷണറുടെ വാദവും നഴ്‌സുമാരുടെ ഈ സംശയത്തെ ബലപ്പെടുത്തുന്നു. കുറഞ്ഞ വേതനം സംബന്ധിച്ചുള്ള ഉപദേശക സമിതിയും സര്‍ക്കാരുമായി ഒത്തുകളി നടത്തുകയാണോ എന്നും ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് സഹായകരമാം വിധം ഉത്തരവ് വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണോ എന്നും നഴ്‌സുമാര്‍ സംശയം പ്രകടിപ്പിക്കുന്നു.

കേരളത്തില്‍ പല ആശുപത്രികളുടെയും മുന്‍പില്‍ നടന്ന നഴ്‌സുമാരുടെ സമരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം. അതിനാല്‍ തന്നെയാണ് ഈ ആശുപത്രിയുടെ മുന്‍പില്‍ നിന്നും പതിനായിരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് ആരംഭിക്കാന്‍ നഴ്‌സസ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ 175 കിലോമീറ്റര്‍ നടന്നെത്തണമെങ്കില്‍ കുറഞ്ഞത് എട്ടു ദിവസമെങ്കിലും ഇവര്‍ക്കു വേണം. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന് മിനിമം വേജ് ഉപദേശക കമ്മറ്റി തീരുമാനിച്ചിരുന്നെങ്കിലും അന്തിമ തീരുമാനമുണ്ടായില്ലെന്നും കിടക്കകളുടെ എണ്ണം അനുസരിച്ച് വേതനം നിശ്ചയിക്കുന്നതില്‍ ഏകാഭിപ്രായം ഉണ്ടായില്ലെന്നും നഴ്‌സസ് സംഘടനാ അധികൃതര്‍ പറയുന്നു.

“വാക്ക് ഫോര്‍ ജസ്റ്റിസ്” എന്നാണ് മാര്‍ച്ചിന് നഴ്‌സുമാര്‍ നല്‍കിയിരിക്കുന്ന പേര്. പതിനായിരത്തിലധികം നഴ്‌സുമാര്‍ പങ്കെടുക്കുന്ന മാര്‍ച്ചില്‍ ഏകദേശം 9000പേരും വനിതാ നഴ്‌സുമാരാണ് എന്നതും ഇതിന്റെ വലിയ പ്രത്യേകതയാണ്. 23 ന് വൈകിട്ട് അവസാന ഡ്യുട്ടി വിട്ടിറങ്ങുന്ന നഴ്‌സുമാര്‍ നേരേ സമര മുഖത്തേയ്ക്ക് പ്രവേശിയ്ക്കും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ ചേര്‍ത്തലയിലെത്തി മാര്‍ച്ചിനായി ഒന്നിക്കും. എന്നാല്‍ തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അത്യാഹിതമുണ്ടായാല്‍ വേണ്ട നഴ്‌സുമാരെ ഏര്‍പ്പെടുത്താനും നഴ്‌സസ് സംഘടന തീരുമാനിച്ചിട്ടുണ്ട്. അവകാശത്തിനായി പോരാട്ടത്തിന് ഇറങ്ങുമ്പോഴും കാരുണ്യത്തിന്റെ കനല്‍ ഇവരില്‍ നിന്നും കെട്ടുപോയിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

ഏറെ ദൂരം നടക്കേണ്ട മാര്‍ച്ചായതിനാല്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വിശ്രമിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഓഡിറ്റോറിയം വാടകയ്‌ക്കെടുക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. അഞ്ച് മൊബൈല്‍ ഇ ടോയ്‌ലറ്റുകളും മാര്‍ച്ചില്‍ സജ്ജീകരിക്കും. ക്ലബുകളും മറ്റു വ്യക്തികളുമൊക്കെ സഹായ ഹസ്തവുമായി ഇവരോടൊപ്പം ചേരും. അടിയന്തര സേവനത്തിനായി ആംബുലന്‍സുകളും ഏര്‍പ്പെടുത്തുന്നുണ്ട്. ഇവയ്ക്കു പുറമേ ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങളും മാര്‍ച്ചില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ സമരത്തിനെ തകര്‍ക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്നും ഈ മാലാഖമാര്‍ ഭയപ്പെടുന്നു. വിശ്രമ സ്ഥലം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയവര്‍ ഒഴിഞ്ഞു മാറിയ സംഭവങ്ങള്‍ ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തെരുവ് നാടകങ്ങളുള്‍പ്പടെയുളള പരിപാടികളാണ് മാര്‍ച്ചിനിടയില്‍ നഴ്‌സുമാര്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ സമരം കടുക്കുമെന്ന് വ്യക്തമായിരിക്കേ വേതനം സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കി സര്‍ക്കാര്‍ മുഖം രക്ഷിയ്ക്കാന്‍ ശ്രമിക്കുമോ എന്നും കണ്ടു തന്നെ അറിയണം. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേറ്റ സംഭവമാണ് നഴ്‌സുമാരുടെ സമരം. സമരമുഖത്തു വയ്ച്ച് നഴ്‌സുമാര്‍ നേരിടേണ്ടി വന്ന പൊലീസ് നടപടികള്‍ വരെ ഇതിന് ഉദാഹരണമാണ്. മിനിമം വേതനം 20000 രൂപയെന്നത് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നടപ്പാക്കുമ്പോഴും സേവന മികവിന് പേരുകേട്ട കേരളത്തില്‍ ഇതിനായി നഴ്‌സുമാര്‍ക്ക് സമരം ചെയ്യേണ്ടി വരുന്നുവെന്നത് നമ്മുടെ സല്‍പേരിനെ കളങ്കപ്പെടുത്തുന്ന വസ്തുതയാണ്. സമര മുഖത്തേക്കിറങ്ങുന്ന നഴ്‌സുമാര്‍ക്ക് വിജയക്കൊടി നാട്ടാന്‍ കഴിയട്ടെ. വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കി അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കുവാനും ആശുപത്രി മാനേജ്‌മെന്റുകളുടെ അമിത ലാഭേച്ഛയ്ക്ക കടിഞ്ഞാണിടാനും സര്‍ക്കാരിന് കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുകയും നഴ്‌സുമാരുടെ ചിരിക്കുന്ന മുഖം കാണാന്‍ നമുക്ക് കാത്തിരിക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button