ഹൈദരബാദ്: സിപിഐഎം കേന്ദ്രകമ്മറ്റിയില്‍ 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുമെന്ന് സൂചന. പി.കെ ഗുരുദാസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. ബംഗാളില്‍ നിന്ന് മൂന്ന് പുതിയ അംഗങ്ങള്‍. എം.വി ഗോവിന്ദനും, കെ രാധാകൃഷ്ണനും കേന്ദ്ര കമ്മിറ്റി പാനലില്‍. 95 അംഗ പാനല്‍ കേന്ദ്ര കമ്മിറ്റിക്ക് മുന്നില്‍ വെച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം 91ല്‍ നിന്ന് 95 ആക്കി.
അതേസമയം ഇത്തവണ വോട്ടെടുപ്പ് ഉണ്ടാകില്ലെന്നാണ് സൂചന. സംഘടനാ റിപ്പോര്‍ട്ട് അംഗീകരിച്ചു. പിബിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര കമ്മിറ്റിയോഗം അവസാനിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പിന് തയ്യാറെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി പൊളിച്ച് പണിയാതെ മുന്നോട്ട് പോകാനാകില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. എസ്.രാമചന്ദ്രന്‍ പിള്ള, എ.കെ പത്മനാഭന്‍, ജി.രാമകൃഷ്ണന്‍ എന്നിവരെ ഒഴിവാക്കണമെന്ന് പി.ബി യോഗത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടിരുന്നു .
കേന്ദ്രകമ്മിറ്റിയുടെയും ഒപ്പം പോളിറ്റ്ബ്യൂറോയുടെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായക ചരടുവലികളാണ് നടക്കുന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ പുതിയ നിര്‍ദ്ദേശവുമായി കാരാട്ട് പക്ഷം രംഗത്തെത്തിയതോടെയാണ് ഭിന്നത രൂപപ്പെട്ടത്. കേന്ദ്രകമ്മറ്റിയില്‍ ഏകകണ്ഠമായി പേരുവന്നാല്‍ നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തുടരാമെന്ന് കാരാട്ട് പക്ഷം അറിയിച്ചു.
ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടക്കമുള്ളവരുടെ പേരുകളാണ് യെച്ചൂരിയെ കൂടാതെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. നിലവിലെ പിബിയിലും കേന്ദ്ര കമ്മറ്റിയിലും മാറ്റം വരണമെന്നാണ് യെച്ചൂരിയെ കൂടാതെ ബംഗാള്‍ ഘടകവും ആവശ്യപ്പെടുന്നത്.
Post Your Comments