വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമേരിക്കയിൽ പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. നഥാനിയൽ പ്രസാദ്(18) ആണ് കലിഫോർണിയ പോലീസിന്റെ വെടിയേറ്റു മരിച്ചത്. മാർച്ച് 22ന് ഫ്രമോണ്ട് സ്കൂൾ റിസോഴ്സ് ഓഫീസറെ വെട്ടിച്ച് നഥാനിയൽ ഒളിച്ചോടിയതിനെ തുടർന്നാണ് ഇയാൾക്കെതിരേ ഫെലനി ഫയർആംസ് പൊസഷൻ വാറന്റ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കെതിരേ പുറപ്പെടുവിക്കുന്ന വാറന്റാണിത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. നഥാനിയൽ പോലീസിനുനേരെ വെടിയുതിർക്കാൻ ഉപയോഗിച്ച 22 കാലിബർ റിവോൾവർ മോഷ്ടിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
വാറന്റ് നിലനിൽക്കെ ഏപ്രിൽ അഞ്ചിന് ഫ്രമോണ്ടിൽ നഥാനിയലിനെ കണ്ടതായി പോലീസിനു വിവരം ലഭിച്ചു. ഇയാളുടെ മാതാവ് ഓടിച്ചിരുന്ന വാഹനം തടഞ്ഞ പോലീസ് നഥാനിയലിനോടു കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഓടിക്കളഞ്ഞു. പോലീസ് പിന്തുടരുന്നതു കണ്ട് ഇയാൾ പോലീസിനുനേരെ വെടിയുതിർത്തു. ഇതേതുടർന്ന് പോലീസ് നഥാനിയലിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ പോലീസ് നഥാനിയൽ മരിച്ചതായി സ്ഥിരീകരിച്ചു.
Post Your Comments