ചെന്നൈ: സര്‍വകലാശാലാ അധികൃതര്‍ക്ക് ‘വഴങ്ങിക്കൊടുക്കാന്‍’ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കോളേജ് അധ്യാപിക അറസ്റ്റിലായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പരീക്ഷ വിജയത്തിനും പണത്തിനും വേണ്ടി സര്‍വകലാശാല ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ കോളജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച നിര്‍മല ദേവിക്ക് ഗവര്‍ണറുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം തമിഴ്‌നാട് രാജ്ഭവനെ മുഴുന്‍ വെട്ടിലാക്കുകയാണ്.
തമിഴ്‌നാട് ഗവര്‍ണര്‍ ഡോ. ബന്‍വാരിലാല്‍ പുരോഹിതുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും റാക്കറ്റിനെക്കുറിച്ച് ഗവര്‍ണര്‍ക്ക് അറിയാമെന്നും അറസ്റ്റിലായ അസി. പ്രൊഫസര്‍ നിര്‍മല ദേവിയുടെ ഫോണ്‍ സന്ദേശമാണ് രാജ്ഭവനെ പ്രതിക്കൂട്ടിലാക്കിയത്. തുടര്‍ന്ന് ഗവര്‍ണര്‍ ചൊവ്വാഴ്ച വൈകീട്ട് രാജ്ഭവനില്‍ അടിയന്തര വാര്‍ത്തസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ അവരെ കണ്ടിട്ടുപോലുമില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍ ബി.ജെ.പി എം.പിയും മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവും കൂടിയായിരുന്ന ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് മക്കളും പേരമക്കളും ഉണ്ട്. തന്നെ കണ്ടാല്‍ അത്തരക്കാരനല്ലെന്ന് തോന്നില്ലേയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
അന്വേഷണം ലോക്കല്‍ പൊലീസ് കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി ടി.കെ. രാജേന്ദ്രന്‍ ഉത്തരവിട്ടത് കേസ് ഒതുക്കാനാണെന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്. ഗവര്‍ണറുടെ പേര് പരാമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ നിയോഗിച്ച ഏകാംഗ ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ച ശേഷം തീരുമാനമുണ്ടാകുമെന്നാണ് ബന്‍വാരിലാല്‍ പുരോഹിത് പറഞ്ഞത്. വിരുദുനഗര്‍ ജില്ലയിലെ അറുപ്പുകോട്ട ദേവാംഗ ആര്‍ട്‌സ് കോളജിലെ നാല് വിദ്യാര്‍ഥിനികളുടെ പരാതിയില്‍ മധുര കാമരാജ് വൈസ് ചാന്‍സലര്‍ രൂപവത്കരിച്ച അഞ്ചംഗ അന്വേഷണ സമിതിയെ ഇതിനിടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിരിച്ചുവിട്ട് ഏകാംഗ ഉദ്യോഗസ്ഥനെ നിയോഗിച്ചതും വിവാദമായി.
മുതിര്‍ന്ന ഐ.എ.എസുകാരനായ വി. സന്താനമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സ്വന്തം ഇഷ്ടത്തിന് ഉന്നതാധികാര സമിതിയെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു. ഇതിനിടെ സര്‍വകലാശാല വി.സി ചെല്ലദുരൈയെ കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തേടി. നാലുവിദ്യാര്‍ഥിനികളെ ഫോണില്‍ വിളിച്ച് മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതമേധാവികള്‍ക്ക് ശാരീരികമായി വഴങ്ങിക്കൊടുക്കാന്‍ നിര്‍മല ദേവി നിര്‍ദേശിച്ചെന്നാണ് പരാതി. ഇതിലൂടെ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നും അധ്യാപിക ഉപദേശിച്ചു. ഫോണ്‍സംഭാഷണം ചോര്‍ന്നതോടെയാണ് വിവാദമുയര്‍ന്നത്.
തങ്ങള്‍ക്കുവേണ്ടത് സര്‍ക്കാര്‍ ജോലിയാണെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയപ്പോള്‍, വൈസ് ചാന്‍സലര്‍ പദവിക്കുപോലും ഇപ്പോള്‍ രാഷ്ട്രീയസ്വാധീനം ആവശ്യമാണെന്നായിരുന്നു അധ്യാപികയുടെ മറുപടി. അതേസമയം, പുറത്തായ സംഭാഷണം തന്റേതാണെന്നും എന്നാല്‍, കുട്ടികള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അധ്യാപിക നിര്‍മല ദേവി പ്രതികരിച്ചു. മധുര സര്‍വകലാശാലയുടെ പേര് കളങ്കപ്പെടുത്താന്‍ കെട്ടിച്ചമച്ചതാണിതെന്ന് വൈസ് ചാന്‍സലര്‍ പി.പി. ചെല്ലദുരൈ കുറ്റപ്പെടുത്തി.
Post Your Comments